ചേതോഹരമീ യാത്ര : ചേതക്കില്‍ പ്രണയവും യാത്രയും തുടരുന്ന ദമ്പതിമാര്‍
പത്തനംതിട്ട: പലനാടുകളിലെ കാഴ്ചകള്‍ തേടി യാത്ര പോകണമെന്നത് സീനത്തിന്റെ വലിയ സ്വപ്നമായിരുന്നു. ബസിലും കാറിലും ദൂരങ്ങള്‍ താണ്ടാന്‍ പ്രയാസം. തലചുറ്റലും ഛര്‍ദിയുമൊക്കെ ശരീരം തളര്‍ത്തിയതോടെ വീട്ടിലിരിപ്പായി. മക്കളെ വളര്‍ത്തുന്ന തിരക്കില്‍ സ്വപ്നം ഉള്ളിലൊതുക്കി. എന്നാല്‍ സീനത്തിന്റെ ഉള്ളറിഞ്ഞ ഭര്‍ത്താവ് സലിം, 25 വര്‍ഷമായ തന്റെ ചേതക്കിലേക്ക് ഭാര്യയെ ചേര്‍ത്തിരുത്തി, നമുക്കിനി യാത്ര പോകാണെന്ന് മൂന്നുവര്‍ഷം മുന്‍പ് പറഞ്ഞു. അന്നുമുതല്‍ ഭാര്യയും ഭര്‍ത്താവും ചേര്‍ന്നാണ് യാത്ര. ആദ്യം മറയൂരിലേക്കായിരുന്നു യാത്ര. പിന്നീട് ധനുഷ്‌കോടിയിലേക്കും കന്യാകുമാരിയിലേക്കും രാമശ്വരേത്തേക്കും വയനാട്ടിലേക്കുമൊക്കെ ജീവിതപാത നീണ്ടു. ചേതക്കിലേറിയ മൂവാറ്റുപുഴ നാളിയത്ത് എന്‍.എം. സലിമിന്റെയും (69) ഭാര്യ സീനത്തിന്റെയും (63) യാത്രയും പ്രണയവും തുടരുന്നു.
ചേതക്കില്‍ മാത്രമാണ് യാത്ര. ഡ്രൈവറും മെക്കാനിക്കും സലിം തന്നെ. ആറു വര്‍ഷം മെക്കാനിക്കായി പണിയെടുത്തതിന്റെ പരിചയമുണ്ട്. 1999-ല്‍ 13,000 രൂപയ്ക്ക് സ്വന്തം പേരില്‍ വാങ്ങിയതാണ്. സ്റ്റെപ്പിനിയുള്ളതിനാല്‍ സ്‌കൂട്ടര്‍ പഞ്ചറായാലും പ്രശ്നമില്ല. രണ്ട് തവണ റീടെസ്റ്റ് നടത്തി. ചേതക്കിലെ ദൂരയാത്രകള്‍ സുഖകരമാണെന്നും ഭാര്യയോടൊത്താകുമ്പോള്‍ യാത്ര കൂടുതല്‍ സുന്ദരമാകുന്നെന്നും സലിം പറയുന്നു. ഓട്ടോ ഡ്രൈവറായിരുന്നു സലിം.
ഇപ്പോള്‍ ഒരുമിച്ച് യാത്ര പോകുന്നതാണ് പ്രധാന ഹോബി. ഞായറാഴ്ച പത്തനംതിട്ടയില്‍ നടന്ന വിന്റേജ് ക്ലാസിക് സ്‌കൂട്ടര്‍ ക്ലബിന്റെ സംഗമത്തില്‍ മൂവാറ്റുപുഴയില്‍ നിന്ന് സീനത്തുമായാണ് സലിം എത്തിയത്. പേരക്കുട്ടി പഠിക്കുന്ന ബെംഗളൂരുവിലേക്കൊരു യാത്രയുടെ തയ്യാറെടുപ്പിലാണ് സലിം. 'അഞ്ചോ ആറോ വര്‍ഷം കഴിയുമ്പോള്‍ പുറത്തുപോകണമെങ്കില്‍ മക്കള്‍ കൊണ്ടുപോകേണ്ട അവസ്ഥയാകും. അതിനുമുന്നേ നാടുകാണണം. ഒരുമിച്ച് കുറേ യാത്രപോകണം.' സീനത്തിന്റെ വാക്കുകളില്‍ യാത്രകളോടുള്ള കൊതിയും പ്രണയവും. മക്കള്‍: നജീബ്, നെജിയ, നെസിയ.