കണ്ടെത്താനായില്ല; സംരക്ഷിത പദവിയിൽ നിന്ന് ഒഴിവാക്കപ്പെട്ട് 18 സ്മാരകങ്ങൾ

Archaeological Survey of India | Photo: Avis Urug, CC BY-SA 4.0 , via Wikimedia Commons
Archaeological Survey of India | Photo: Avis Urug, CC BY-SA 4.0 , via Wikimedia Commons

ഒരു നാടിന്റെ പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റേയും അടയാളപ്പെടുത്തലാണ് ചരിത്രനിര്‍മിതികളും സ്മാരകങ്ങളും. എന്നാല്‍ അത്തരം സ്മാരകങ്ങളെല്ലാം അതേ പ്രാധാന്യത്തോടെ സംരക്ഷിക്കുന്നവരാണോ നമ്മള്‍. അല്ല. അതിലേറ്റവും ഒടുവിലെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എ.എസ്.ഐ) പുറത്ത് വിട്ട ഒരു കണക്ക്. കേന്ദ്ര സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയില്‍നിന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എ.എസ്.ഐ) ഒഴിവാക്കാനൊരുങ്ങുന്നത് രാജ്യത്താകമാനമുള്ള 18 സ്മാരകങ്ങളാണ്. ദേശീയ പ്രാധാന്യം ഇല്ലാതായി എന്നാണ് ഡീലിസ്റ്റ് ചെയ്യുന്നതിനായി ചൂണ്ടിക്കാണിക്കപ്പെട്ട കാരണം. 

ഹരിയാനയിലെ മുജേസര്‍ ഗ്രാമത്തിലെ കോസ് മിനാര്‍ നമ്പര്‍ 13, ഡല്‍ഹിയിലെ ബാരാ ഖംബ സെമിത്തേരി, ഝാന്‍സിയിലെ റംഗൂണിലെ ഗണ്ണര്‍ ബര്‍ക്കിലിന്റെ ശവകുടീരം, ലഖ്നൗവിലെ ഗൗഘട്ടിലെ സെമിത്തേരി, ഉത്തര്‍പ്രദേശിലെ വാരാണസിയിലെ ടെലിയ നള ബുദ്ധ അവശിഷ്ടങ്ങളുള്‍പ്പെടെയുള്ള സ്മാരകങ്ങളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. 

പട്ടികയില്‍ നിന്ന് പുറത്താകുന്നതോടെ ഈ സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര ഏജന്‍സിക്ക് ബാധ്യതയുണ്ടാകില്ല. കൂടാതെ സ്മാരകം സ്ഥിതി ചെയ്തിരുന്ന പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കോ മറ്റ് പ്രവൃത്തികള്‍ക്കോ ഇനി തടസമുണ്ടാകില്ല. 

3,693 സ്മാരകങ്ങളാണ് നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിധിയില്‍ വരുന്നത്. ഡീലിസ്റ്റിങ് പൂര്‍ത്തിയാകുന്നതോടെ അത് 3,675 ആയി കുറയും. കേന്ദ്ര സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെട്ട 3,693 സ്മാരകങ്ങളില്‍ 50 എണ്ണം കാണാതായതായി കഴിഞ്ഞ ഡിസംബര്‍ എട്ടിന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ഇതില്‍ 14 എണ്ണം ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണം മൂലവും 12 എണ്ണം റിസര്‍വോയറുകളാലോ അണക്കെട്ടുകളാലോ മുങ്ങിപ്പോയതുകൊണ്ടും ഇല്ലാതായതാണ്. 24 എണ്ണം കണ്ടെത്താനാകാത്തതാണ്. ഡീലിസ്റ്റ് ചെയ്യുന്ന 18 സ്മാരകങ്ങള്‍ 'അണ്‍ട്രേസ് ചെയ്യാനാവാത്ത' സ്മാരകങ്ങളുടെ ഈ രണ്ടാമത്തെ വിഭാഗത്തിന് കീഴിലാണ്. ദേശീയ പ്രാധാന്യം, വാസ്തുവിദ്യ, പൈതൃകം എന്നിവ അടിസ്ഥാനമാക്കി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള സ്മാരകങ്ങളെ തരംതിരിക്കാന്‍  പാര്‍ലമെന്ററി പാനലിന്റെ ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് ഈ നീക്കം

Content Highlights: ASI, Archaeological Survey of India, untraceable’ monuments, protected sites