'അയ്യോ എനിക്ക് പറ്റില്ലെന്ന് പറയേണ്ടിവരില്ല, ചെയ്യാൻ പറ്റും'; 55-ാം വയസ്സിലും ടീച്ചർ കളരിത്തിരക്കിൽ

.
.

കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റിലൂടെ ഒട്ടനവധി പേര്‍ക്ക് അറിവും അടവും പകര്‍ന്നു നല്‍കിയ ആളാണ് 55 വയസ് പ്രായമുള്ള രാധ ടീച്ചര്‍. പതിനഞ്ച് വര്‍ഷമായി ഇവര്‍ കളരി അഭ്യാസം തുടങ്ങിയിട്ട്. യുവതലമുറയെ കളരിപ്പയറ്റിലേക്ക് ആകര്‍ഷിക്കാനും ലഹരിയുടെ ചതിക്കുഴികളില്‍ വീഴാതെ ശോഭനമായ ഭാവിയിലേക്ക് നയിക്കാനുമായി എറവ് കോലാട്ട് ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള ഹാളില്‍ കളരി പരിശീലിപ്പിക്കുന്ന തിരക്കിലാണ് രാധ ടീച്ചര്‍.

കൗമാരക്കാരായ കുട്ടികള്‍ക്കും ഒപ്പം തന്നെ സ്ത്രീകള്‍ക്ക് സ്വയംരക്ഷയ്ക്കുള്ള അടവുകളും പരിശീലിപ്പിക്കുന്ന കേന്ദ്രമാണ് ടീച്ചറുടെ കളരികള്‍. സാധന ചെയ്ത് ശരീരത്തിനെയും മനസ്സിനെയും മെരുക്കിയെടുക്കുന്ന കലയാണ് മെയ് പയറ്റ്. കോല്‍ത്താരി, അങ്കത്താരി, വെറുംകൈ എന്നിങ്ങനെ അടവുകള്‍ ഓരോന്നായി രാധ ടീച്ചര്‍ ശിഷ്യര്‍ക്ക് പറഞ്ഞു കൊടുക്കും.

മുല്ലശ്ശേരിയില്‍ പതിനഞ്ച് വര്‍ഷം മുന്‍പ് ഏതാനും കുട്ടികളെ വച്ച് വേദകളരി പാഠശാല സ്ഥാപിച്ചായിരുന്നു തുടക്കം. കളരിപ്പയറ്റിലും, യോഗയിലും പ്രാവീണ്യം നേടിയ ഭര്‍ത്താവ് ഡോ.സുവ്രതനായിരുന്നു രാധ ടീച്ചറുടെ കളരി ജീവിതത്തില്‍ താങ്ങായി നിന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി ഒട്ടനവധി ശിഷ്യര്‍ ഇവര്‍ക്കുണ്ട്. മുഴുവന്‍ സമയവും കളരിപ്പയറ്റിനായി മാറ്റിവച്ചവരാണ് ഈ ദമ്പതികള്‍.

പല സ്ഥലങ്ങളിലും കളരിപ്പയറ്റ് പരിശീലിപ്പിച്ച ശേഷം അതില്‍ നിന്ന് തെരഞ്ഞെടുക്കുന്നവരെ  മറ്റുള്ളവര്‍ക്ക് പരിശീലനം നല്‍കാന്‍ ഏല്‍പ്പിച്ച് കൂടുതല്‍ സ്ഥലങ്ങളില്‍ കളരിപ്പയറ്റിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. ഒഴിവു സമയങ്ങളില്‍ കുട്ടികളുടെ മൊബൈല്‍ ഉപയോഗവും ചീത്ത കൂട്ട് കെട്ടുകളും തുടങ്ങി രാസ ലഹരികള്‍ വരെ ഉപയോഗിക്കുന്ന ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ കുറച്ചു പേരെയെങ്കിലും കളരിപ്പയറ്റിലേക്ക് എത്തിച്ച് സാമൂഹ്യ സുരക്ഷ ഒരുക്കണം എന്ന ചിന്തയിലാണ് രാധ ടീച്ചര്‍ ഇപ്പോള്‍.  

Content Highlights: 55 year old kalaripayattu expert radha teacher