'കുക്കിങ് ഗ്യാസ് വരെ മരവിക്കും; മൊട്ടുസൂചി മുതല്‍ എല്ലാം കൊണ്ടുപോകണം' | Life of Antarctica

ഇന്ത്യയുടെ അന്റാര്‍ട്ടിക് പര്യവേക്ഷണങ്ങളുടെ കേന്ദ്രമായ ഗോവയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ചിന്റെ (എന്‍.സി.പി.ഒ.ആര്‍) തലപ്പത്തിരിക്കുന്നത് ഒരുമലയാളിയാണ്. കര്‍ഷക കുടുംബത്തില്‍ ജനിച്ച്, സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച്, കടലിനോട് ഇഷ്ടംകൂടിയ ഡോ.തമ്പാന്‍ മേലത്ത്. ശാസ്ത്രജ്ഞനാണെങ്കിലും ലാബിലെ പഠനങ്ങളെക്കാള്‍ പുറമേയുള്ള പഠനങ്ങള്‍ക്കായിരുന്നു ഡോ.തമ്പാന് താത്പര്യം. ഇന്ത്യ അന്റാര്‍ട്ടിക് പര്യവേക്ഷണങ്ങളില്‍ പുതിയ ചുവടുവെക്കുന്ന കാലമായിരുന്നു അത്. അന്നത്തെ അന്റാര്‍ട്ടിക്കന്‍ പര്യവേക്ഷണങ്ങളില്‍ ഡോ.തമ്പാനും ഭാഗമായി. അന്റാട്ടിക്കയിലെ അനുഭവങ്ങളേക്കുറിച്ചും കാലാവസ്ഥാ മാറ്റങ്ങളേക്കുറിച്ചും ഡോ.തമ്പാന്‍ സംസാരിക്കുന്നു. 

 2006-ലാണ് ആദ്യമായി അന്റാര്‍ട്ടിക്കയില്‍ പോയത്. ഞങ്ങളുടെ ഇന്ത്യന്‍ സംഘത്തില്‍ ആകെ ആറു പേരായിരുന്നു. ധ്രുവത്തിന് അടുത്തേക്ക് പോയത് മറക്കാനാകാത്ത അനുഭവമായിരുന്നു. മൈനസ് 60 ഡിഗ്രിയൊക്കെയാണ് തണുപ്പ്. എവിടെയും മഞ്ഞുമാത്രം.100 കിലോമീറ്റര്‍ വരെ ദൂരക്കാഴ്ച  ഒന്നാലോചിച്ചു നോക്കൂ. അതിനിടയില്‍ കൂറ്റന്‍ ഗര്‍ത്തങ്ങളും കാണും. ഒരു ഭ്രമാത്മകമായ അനുഭവമാണ് അത്. ഭക്ഷണം ഒരു നേരം അതും വളരെ കുറച്ചു മാത്രം. ചിലപ്പോള്‍ തണുപ്പുകാരണം കൈകാലുകള്‍ ഉറച്ചതുപോലെയാകും. പാചകവും വെള്ളവുമാണ് വലിയ പ്രശ്‌നം. ഞങ്ങള്‍ കൊണ്ടുപോയ സ്റ്റവ്വും ഗ്യാസും എല്ലാം മരവിച്ചു. പിന്നെ ഒരുതരത്തില്‍ ആയിരുന്നു പാചകം. കല്ലു പോലെയായ ഐസിനു മുകളില്‍ ടെന്റുകളില്‍ മൂന്നു സ്ലീപ്പിങ് ബാഗുകളിലാണ് ഉറക്കം. ഒരു മനുഷ്യന് യഥാര്‍ത്ഥത്തില്‍ എന്താണ് വേണ്ടത് എന്നത് അനുഭവിച്ചറിഞ്ഞത് അവിടെ ജീവിച്ച നാളുകളിലാണ്- ജീവവായു, വെള്ളം, ഭക്ഷണം, കിടപ്പാടം'- ഡോ.തമ്പാന്‍ പറയുന്നു. 

'ലോകത്തിനാകെ ഭീഷണിയാകുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ഡോ.തമ്പാന്‍ വിശദീകരിച്ചു. 'ഇവിടെ കാണുന്ന കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് കാരണം ഇവിടം ആവണമെന്നില്ല. ആര്‍ട്ടിക്, അന്റാര്‍ട്ടിക് മേഖലയിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലുമെല്ലാം മേഘവിസ്‌ഫോടനങ്ങളും അതിതീവ്ര മഴയും ഉള്‍പ്പെടെയുള്ളവയ്ക്ക് വഴിവെക്കാറുണ്ട്. കാലാവസ്ഥാ മാറ്റത്തിനൊപ്പം ഒരു ചെറിയ കാരണം മതി ഇതെല്ലാം സംഭവിക്കാന്‍. ഇവിടുത്തെ കാലാവസ്ഥകൊണ്ട് അവിടെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നുണ്ട്. 20 വര്‍ഷത്തിനിടെ നടന്ന ചില പഠനങ്ങളില്‍ കാണുന്നത് ഇന്ത്യയുടെ മധ്യമേഖലയിലെ മഴ മൂലം ആര്‍ട്ടിക്കിലെ മഞ്ഞുരുകി എന്നാണ്. ഉത്തരാഖണ്ഡില്‍ 2013-ലുണ്ടായ വെള്ളപ്പൊക്കത്തിന് കാരണം ആര്‍ട്ടിക്കിലെ മഞ്ഞുരുക്കമാണെന്നും  പഠനങ്ങളുണ്ട്'-ഡോ.തമ്പാന്‍ പറയുന്നു.

Inshort| Dr. Thampan Meelath, a Keralite, leads the National Centre for Polar and Ocean Research (NCPOR) in Goa, spearheading India`s Antarctic expeditions and research on climate change.

Content Highlights: Dr. Thampan Meloth, NCPOR on on field research and expeditions to Antarctica