‘സ്കൂളിൽ പഠിക്കുമ്പോൾ അത്യാവശ്യം അലമ്പായിരുന്നു, സിനിമയിലെത്തിയപ്പോഴാണ് ഒന്ന് ഒതുങ്ങിയത്’

‘തണ്ണീർമത്തൻ ദിനങ്ങൾ കണ്ട സമയം തൊട്ട് അനശ്വരയെ വച്ച് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അത് വർഷങ്ങൾക്കിപ്പുറം സാധിച്ചു. അനശ്വരയെ മാത്രം മനസിൽ കണ്ട് എഴുതിയതാണ് മോനിഷയെ’... പറയുകയാണ് ‘വിത് ലവ്’ എന്ന തമിഴ് സിനിമയുടെ സംവിധായകൻ മദൻ. തമിഴ്നാട്ടിലും കേരളത്തിലും മികച്ച പ്രതികരണം നേടി വിത് ലവ് മുന്നേറുമ്പോൾ മദനൊപ്പം സന്തോഷം പങ്കുവയ്ക്കാനെത്തുന്നു അനശ്വര രാജനും അഭിഷൻ ജീവിന്തും.

‘രണ്ട് വ്യക്തികളുടെ സ്കൂൾ കാലഘട്ടത്തിലെയും ഇപ്പോഴത്തെയും പ്രണയം, സൗഹൃദം ഒക്കെയാണ് വിത് ലവ് പറയുന്നത്. പേര് പോലെ തന്നെ സ്നേഹത്തോടെ കണ്ടിരിക്കാൻ പറ്റുന്ന സിനിമയാണ്’ അനശ്വര പറയുന്നു.

‘ഞാൻ അവതരിപ്പിക്കുന്ന മോനിഷ ഈ ജനറേഷനിലെ പെൺകുട്ടിയാണ്. സ്വന്തമായി തീരുമാനങ്ങളുള്ള, അഭിപ്രായങ്ങളുള്ള ഒരു പെൺകുട്ടി. ഈ ചിത്രത്തിൽ എന്നെ ഏറ്റവും ആകർഷിച്ചത് മോനിഷയുടെ സ്കൂൾ ജീവിതമാണ്. തല്ലിപ്പൊളിയായി അലമ്പായി നടക്കുന്ന നായകന്മാരുടെ സ്കൂൾ കാലമാണ് ഇതുവരെ നമ്മൾ കണ്ടിട്ടുള്ളത്. ഇവിടെ നായികയുടെ അലമ്പ് നിറഞ്ഞ സ്കൂൾ കാലം കാണാം. ഞാനും ശരിക്കും അത്യാവശ്യത്തിന് അലമ്പായിരുന്നു സ്കൂളിൽ പഠിക്കുന്ന സമയം’ അനശ്വര പറയുന്നു