ഭയക്കാതെ ജർമനിയെ നേരിട്ടവർ; തോറ്റിട്ടും കൈയ്യടി വാങ്ങിയ കുറാസോ
7-1. സ്‌കോർബോർഡ് മാത്രം നോക്കിയാൽ ഇതൊരു വലിയ തോൽവിയാണ്. പക്ഷേ ഫുട്ബോൾ എല്ലായ്‌പോഴും സ്‌കോർബോർഡിൽ മാത്രം ഒതുങ്ങുന്നില്ല. ചില മത്സരങ്ങൾക്ക് ജയപരാജയങ്ങൾക്കപ്പുറമുള്ള മാനങ്ങളുണ്ട്. ജർമനി-കുറാസോ മത്സരം അത്തരത്തിലൊന്നായിരുന്നു. ഇന്നോളം അങ്ങനെ അറിയപ്പെടുക പോലും ചെയ്യാതിരുന്ന കുറാസോ എന്ന ആ കുഞ്ഞൻ രാജ്യമിന്ന് ഫുട്‌ബോൾ ലോകത്തെ വിസ്മയിപ്പിച്ചിരിക്കുന്നു.
ഒരു വശത്ത് ലോകഫുട്ബോളിലെ വമ്പന്മാരായ ജർമനി. വലിയ ലോകകപ്പ് ചരിത്രവും, മികച്ച താരങ്ങളുമുള്ള ടീം. മറുവശത്ത് ലോകകപ്പിൽ കന്നിപ്പോരിനെത്തിയ കുറാസോ. ലോകഭൂപടത്തിൽ തിരഞ്ഞുകണ്ടുപിടിക്കേണ്ട ഒരു ചെറിയ ദ്വീപ് രാജ്യം. അവിടുത്തെ ജനസംഖ്യ പോലും നമ്മളെ ഞെട്ടിക്കും. വെറും ഒന്നരലക്ഷം പേർ മാത്രം അധിവസിക്കുന്ന രാജ്യം. കേരളത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള വയനാട് ജില്ലയെക്കാൾ കുറവാണ് കരീബിയൻ കടലിൽ വെനസ്വേലയോട് ചേർന്നുള്ള ആ ദ്വീപിലെ ജനസംഖ്യയെന്നും ഓർക്കണം. അങ്ങനെ പരിമിതമായ സൗകര്യങ്ങളിൽ ഉയർന്നുവന്നൊരു ടീമാണ് കുറാസോ. പക്ഷേ അവരുടെ സ്വപ്നങ്ങൾ അത്ര ചെറുതായിരുന്നില്ല.
ലോകകപ്പ് പോലൊരു വലിയ വേദിയിൽ ആദ്യ മത്സരത്തിനിറങ്ങിയവർ, നാലുവട്ടം ചാമ്പ്യൻമാരായ ജർമനിയെ യാതൊരു ഭയവുമില്ലാതെ നേരിട്ടു. മത്സരഫലം ജർമനിക്ക് അനുകൂലമാകുമെന്ന് കളി തുടങ്ങുംമുമ്പേ ഫുട്ബോൾ വിദഗ്ധർ വിധിയെഴുതിയതാണ്. പക്ഷേ കളിക്കളത്തിൽ കുറാസോ ആരാധകരുടെ മനംകവർന്നു. ഒരുവേള ഗോളടിച്ച് ജർമനിക്കൊപ്പം പിടിച്ച കുറാസോ അവരെ ഞെട്ടിച്ചു. പന്തടക്കത്തിലും, വേഗത്തിലും, ആക്രമണത്തിലും തുടക്കത്തിലേ ജർമനി കരുത്ത് കാണിച്ചെങ്കിലും വിട്ടുകൊടുക്കില്ലെന്നായിരുന്നു കുറാസോയുടെ മൈൻസ് സെറ്റ്.
ജർമനി പോലൊരു ടീമിനെതിരെ ചെറിയ രാജ്യങ്ങൾ പലപ്പോഴും പ്രതിരോധത്തിലേക്ക് ചുരുങ്ങിപ്പോകാറുണ്ട്. തോൽവിയുടെ ഭയം കളിയുടെ സ്വാതന്ത്ര്യം തന്നെ എടുത്തുകളയും. പക്ഷേ കുറാസോ അങ്ങനെ ആയിരുന്നില്ല. അവരുടെ ഓരോ ടാക്കിളിലും ആത്മവിശ്വാസം ഉണ്ടായിരുന്നു. ഓരോ ക്ലിയറൻസിലും ജീവൻ വെച്ചുള്ള പ്രതിരോധം കാണാമായിരുന്നു. അവസരങ്ങൾ നന്നേ കുറവായിരുന്നിട്ടും വീണുകിട്ടുന്ന അവസരങ്ങളിലെല്ലാം മുന്നേറാനും ശ്രമിച്ചു.
മത്സരം ജയിച്ചത് ജർമനി ആണെങ്കിലും പോരാട്ടവീര്യത്തിൽ ജയിച്ചത് കുറാസോയായിരുന്നു. തിരിച്ചടിച്ച ആ ഒരൊറ്റ ഗോൾ അവർക്ക് ജയത്തോളം പോന്നതാണ്. ജർമനി ലീഡ് ചെയ്തുനിൽക്കേ, കളിയുടെ 21-ാം മിനിറ്റിലായിരുന്നു കുറാസോയുടെ ആ ഗോൾ പിറന്നത്. റൈറ്റ് ബാക്ക് താരം കൊമെനെൻസിയ ഉതിർത്ത ഷോട്ട് ജർമൻ ഡിഫൻഡറുടെ ദേഹത്തുതട്ടി ദിശമാറി ഗോൾക്കീപ്പർ മാനുവൽ നോയറേയും മറികടന്ന് വലയിൽ കയറി. ലോകകപ്പ് ചരിത്രത്തിൽ കുറാസോ നേടുന്ന ആദ്യത്തെ ഗോൾ. ആ കൊച്ചു ദ്വീപ് രാഷ്ട്രത്തെ ഒന്നടങ്കം സ്വപ്നം കാണാൻ പ്രേരിപ്പിച്ച നിമിഷമായിരുന്നു അത്.
കരുത്തരാൻ മുൻ ലോകചാമ്പ്യൻമാർക്കെതിരേ സ്‌കോർബോർഡിൽ തങ്ങളുടെ പേര് കൂട്ടിച്ചേർക്കാൻ കുറാസോയ്ക്കായത് വലിയ നേട്ടമാണ്. ഒന്നിനെതിരേ ഏഴു ഗോളുകളുടെ വമ്പൻ തോൽവി ഏറ്റുവാങ്ങിയിട്ടും ഫുട്ബോൾ പ്രേമികൾ കുറാസോയെ കൊണ്ടാടിയതും അതുകൊണ്ടാണ്. ലോകകപ്പിൽ കളിക്കുന്ന ഏറ്റവും ചെറിയ രാജ്യമെന്ന നേട്ടവുമായെത്തിയ അവർ കളത്തിലിറങ്ങിയ ആദ്യ മത്സരമായിരുന്നു ഇതെന്നും ഓർക്കണം. വെറുമൊരു കുഞ്ഞൻ രാജ്യമല്ലേ എന്നൊന്നും പറഞ്ഞ് കുറാസോയെ ഇനി ആർക്കും കണ്ടില്ലെന്ന് നടിക്കാനാകില്ല. ജനസംഖ്യകൊണ്ടും വലുപ്പുകൊണ്ടും കുഞ്ഞൻമാരാണെങ്കിലും ബ്ലൂ വേവ് എന്ന് വിളിപ്പേരുള്ള കുറാസോയ്ക്ക് തങ്ങൾ അത്ര ചില്ലറക്കാരല്ലെന്ന് തെളിയിക്കാൻ ഒരൊറ്റ മത്സരംകൊണ്ടുതന്നെ സാധിച്ചത് ചെറിയ കാര്യമല്ല.
നെതർലൻഡ്‌സിന്റെ കോളനിയായിരുന്ന കുറാസോ നിലവിൽ ഡച്ച് രാജ്യത്തിന് കീഴിലുള്ള സ്വയംഭരണപ്രദേശമാണ്. മുൻപ് ബേസ്‌ബോളിന് മാത്രം പ്രാധാന്യമുണ്ടായിരുന്ന കുറാസോയിൽ ഈ ലോകകപ്പ് യോഗ്യതയോടെയാണ് ഫുട്‌ബോൾ തരംഗമായി മാറി. അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞ മൈതാനങ്ങളിൽ ചോരയും നീരുമൊഴുക്കി കഷ്ടപ്പെട്ടാണ് അവർ പരിശീലിച്ചത്. നെതർലൻഡ്സിൽ ജനിച്ചുവളർന്നവരും കളിക്കുന്നവരുമാണ് ടീമിലെ ഭൂരിഭാഗം താരങ്ങളും. ഫിഫയുടെ അനുമതിയോടെ മറുനാടുകളിൽ കളിക്കുന്ന സ്വന്തംവംശജരെ ദേശീയ ടീമിൽ അണിനിരത്താനായതാണ് കുറാസോയുടെ പ്രധാന വിജയരഹസ്യങ്ങളിലൊന്ന്.
2017-ൽ ജമൈക്കയെ തോൽപ്പിച്ച് കരീബിയൻ കപ്പ് നേടിയാണ് കുറാസോ ലോകഫുട്‌ബോളിൽ ശ്രദ്ധാകേന്ദ്രമാകുന്നത്. അതുവഴി 2017 കോൺകകാഫ് ഗോൾഡ് കപ്പിനും യോഗ്യത നേടി. എട്ട് വർഷങ്ങൾക്കിപ്പുറം ലോകകപ്പിലെ ആദ്യ മത്സരം അവിസ്മരണീയമാക്കാനും അവർക്കായി. കരീബിയൻ ദ്വീപുകളിലാകെ ഫുട്ബോൾ വിപ്ലവത്തിന് തുടക്കംകുറിക്കുന്നത് കൂടിയാണ് കുറാസോയുടെ പോരാട്ടവീര്യം.
Content Highlights: With a population of only around 1.5 lakh, the small Caribbean island nation announced its presence on the global football stage.