വെനസ്വേലയിൽ അമേരിക്കയ്ക്ക് എന്തുകാര്യം? മഡുറോയെ പിടികൂടിയതുകൊണ്ട് ട്രംപിന് എന്താണ് നേട്ടം?

വെനസ്വേലയിൽ അമേരിക്കൻ ഹെലികോപ്റ്ററുകൾ മിസൈലുകളും റോക്കറ്റുകളും വിക്ഷേപിച്ചു. വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ ഏഴിടങ്ങളിൽ സ്ഫോടനങ്ങൾ നടത്തി. പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും അദ്ദേഹത്തിന്റെ ഭാര്യയേയും പിടികൂടിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. എന്തിനാണ് അമേരിക്ക വെനസ്വേലയെ ലക്ഷ്യം വെയ്ക്കുന്നത്? മഡുറോയെ പിടികൂടി രാജ്യം കടത്തിയാൽ ട്രംപിന് എന്താണ് നേട്ടം?
വാഷിംഗ്ടണും കാരക്കാസും തമ്മിലുള്ള പ്രശ്നങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, വർഷങ്ങളായി പുകയുന്നത് ഇപ്പോൾ ആളികത്തിയെന്ന് പറയാം. വെനിസ്വേലയിൽ തങ്ങൾക്ക് സ്വാധീനം ലഭിക്കാനായി 2025-ന്റെ തുടക്കത്തിൽ തന്നെ അവിടെ പ്രവർത്തിക്കുന്ന അമേരിക്കൻ ഊർജ്ജ കമ്പനികൾക്കുള്ള ലൈസൻസുകൾ ട്രംപ് നിർത്തലാക്കിയിരുന്നു. പിന്നീട് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ട് താരിഫ് ഏർപ്പെടുത്തി. ഓഗസ്റ്റിൽ മഡുറോയെ പിടികൂടുന്നതിനുള്ള പ്രതിഫലം 50 മില്യൺ ഡോളറായി വർധിപ്പിച്ചു. ഒക്ടോബർ ആദ്യം ട്രംപ് എല്ലാ ചർച്ചകളും അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. പിന്നാലെ രാജ്യത്തിനുള്ളിൽ രഹസ്യ സിഐഎ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകി. മയക്കുമരുന്ന് ശൃംഖലകളുമായി ബന്ധം ആരോപിച്ച് കപ്പലുകൾക്കെതിരേ നാവിക ആക്രമണങ്ങൾക്ക് നിർദ്ദേശം നൽകി. വെനസ്വേലയെ ലക്ഷ്യമിട്ട് സൈനികരെ വിന്യസിപ്പിച്ചു. കരീബിയനിലും കിഴക്കൻ പസഫിക്കിലുമായി കുറഞ്ഞത് 21 വെനിസ്വേലൻ ബോട്ടുകൾ യുഎസ് സൈന്യം ആക്രമിക്കുകയും 87 പേർ കൊല്ലപ്പെടുകയും ചെയ്തു. വെനസ്വേലയിൽ നിന്ന് പുറത്തേക്കോ തിരിച്ചോ എണ്ണക്കപ്പലുകളെ സഞ്ചരിക്കാൻ അനുവദിക്കില്ല എന്ന് ട്രംപ് വ്യക്തമാക്കി. സർക്കാർ ചെലവുകൾക്ക് ധനസഹായം നൽകുന്നതിന് പോലും എണ്ണ കയറ്റുമതിയിൽ നിന്നുള്ള വരുമാനത്തെ പ്രതിരോധത്തിലാക്കുകയായിരുന്നു ഇതിനുപിന്നിലുള്ള ഉദ്ദേശം.
ട്രംപ് ലക്ഷ്യം വെക്കുന്നതെന്ത്?
അമേരിക്കയുടെയും പടിഞ്ഞാറൻ രാജ്യങ്ങളുടെയും താത്പര്യങ്ങളുമായി പൊരുത്തപ്പെടുന്ന സർക്കാരാണ് വെനിസ്വേലയിൽ ട്രംപിന്റെ സ്വപ്നം. നിലവിലെ സ്ഥിതി അതല്ലാത്തതിനാൽ ഏത് വിധേനയും വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ കീഴിലുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ദശാബ്ദങ്ങളായി അമേരിക്കയുടെ നോട്ടപ്പുള്ളിയാണ് മഡുറോ. ‘അഴിമതിക്കാരൻ’, ‘നാർക്കോ-ഭീകരവാദി’ എന്നൊക്കെയാണ് യുഎസ് മഡുറോയെ വിശേഷിപ്പിക്കുന്നത് തന്നെ.
അതുപോലെ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള രാജ്യമാണ് വെനിസ്വേല. പ്രതിദിനം 8.50 ലക്ഷം ബാരൽ എണ്ണയാണ് രാജ്യത്ത് നിന്നും കയറ്റുമതി ചെയ്യുന്നത്. ഇതിൽ 80 ശതമാനവും ചൈനയിലേക്കാണ്. അമേരിക്കയുടെ എതിരാളികളായ റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളുടെ സഹായത്തിൽ വെനസ്വേല എണ്ണ കയറ്റുമതിയിൽ വളരുന്നതും അമേരിക്കയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ചൈനയും റഷ്യയും കോടിക്കണക്കിന് ഡോളർ വെനിസ്വേലയ്ക്ക് വായ്പ നൽകയും എണ്ണ ശേഖരത്തിൽ നിക്ഷേപം നടത്തുകയും ചെയ്തിട്ടുണ്ട്. ലാറ്റിൻ അമേരിക്കയിലെ യുഎസ് സ്വാധീനത്തെ വെല്ലുവിളിക്കാൻ ഈ രാജ്യങ്ങൾ വെനസ്വേലയെ ഉപയോഗിക്കാറുണ്ട്. വെനസ്വേലയിൽ തങ്ങൾക്കനുകൂലമായ സര്ക്കാർ അധികാരത്തിലേറിയാൽ ചൈന–റഷ്യ സ്വാധീനം കുറയ്ക്കാനും അമേരിക്കൻ കമ്പനികൾക്ക് എണ്ണമേഖലയിൽ കൂടുതൽ പ്രാതിനിധ്യവും ലഭിക്കും.
2020-ൽ ഡൊണാൾഡ് ട്രംപിന്റെ ആദ്യ കാലഘട്ടത്തിൽ, 'നാർക്കോ-ഭീകരവാദം', കൊക്കെയ്ൻ ഇറക്കുമതിക്കുള്ള ഗൂഢാലോചന, അതുമായി ബന്ധപ്പെട്ട കുറ്റങ്ങൾ എന്നിവയുടെ പേരിൽ ന്യൂയോർക്ക് സൗത്ത് ഡിസ്ട്രിക്റ്റിൽ നിക്കോളാസ് മഡുറോയെ പ്രതിചേർത്തിരുന്നു. ഇതിന് പിന്നാലെ മഡുറോയെ അറസ്റ്റ് ചെയ്യുന്നതിന് 15 മില്യൺ ഡോളർ ട്രംപ് ഭരണകൂടം പ്രതിഫലം വാഗ്ദാനം ചെയ്യുകയുമുണ്ടായി. 2025 ജനുവരിയിൽ ബൈഡൻ ഭരണകൂടത്തിന്റെ അവസാന ദിവസങ്ങളിൽ ഈ പ്രതിഫലം 25 മില്യൺ ഡോളറായി വർദ്ധിപ്പിച്ചു, 2025 ഓഗസ്റ്റിൽ ട്രംപ് രണ്ടാം തവണ അധികാരത്തിലെത്തുകയും കാർട്ടൽ ഡി ലോസ് സോളെസിനെ വിദേശ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും ഇത് 50 മില്യൺ ഡോളറായി ഉയർത്തുകയും ചെയ്തു. മഡുറോയാണ് കാർട്ടൽ ഡി ലോസ് ഗ്രൂപ്പിന്റെ നേതാവെന്നും ഇത് ഒരു ക്രിമിനൽ സംഘടനയാണെന്നും യുഎസ് ഭരണകൂടം അവകാശപ്പെടുന്നു. മഡുറോ ഭരണകൂടം ഒരു നാർക്കോ-ഭീകരവാദ സംഘടനയാണെന്ന ആരോപണം രാഷ്ട്രീയം മാത്രം അടിസ്ഥാനമാക്കിയുള്ളതല്ലെന്നാണ് യുഎസിന്റെ വാദം.
ഇപ്പോൾ പിടികൂടിയ മഡുറോ അമേരിക്കൻ മണ്ണിൽ, അമേരിക്കൻ കോടതിയിൽ വിചാരണ നേരിടും. നാർക്കോ-ടെററിസം ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന, യന്ത്രത്തോക്കുകളും വിനാശകരമായ ഉപകരണങ്ങളും കൈവശം വെക്കൽ, യുഎസിനെതിരെ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് മഡുറോയ്ക്കെതിരെ കുറ്റപത്രത്തിൽ പറയുന്നത്.
Content Highlights: US helicopters launch missiles in Venezuela, explosions reported in Caracas. Trump claims Maduro captured. Explore the escalating US-Venezuela conflict and its motives.