കിടമത്സരം ചാവുഭൂമിയാക്കിയ സുഡാൻ; കണ്ടില്ലെന്ന് നടിക്കുന്ന വംശഹത്യ

ഒരുകാലത്ത് പ്രതീക്ഷയുടെ നാടായി കണക്കാക്കിയിരുന്ന സുഡാന്‍. ജനാധിപത്യം പൂവണിയുമെന്ന് ലോകം കരുതിയ ഒരു രാജ്യം. എന്നാല്‍, ഇന്ന് അവിടെ ബാക്കിയായത് രക്തം പുരണ്ട മണ്ണും, കരിഞ്ഞ കെട്ടിടാവശിഷ്ടങ്ങളും. കൊല്ലപ്പെട്ട ഒന്നരലക്ഷം പേര്‍, മുറിവേറ്റ, അനാഥരാക്കപ്പെട്ട അതിലുമധികം മനുഷ്യര്‍. ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുഞ്ഞുങ്ങള്‍. ആഭ്യന്തരയുദ്ധം അന്ത്യമില്ലാതെ തുടരുന്ന സുഡാന്‍ കടുത്ത മാനുഷിക പ്രതിസന്ധിയുടെ പിടിയിലാണ്. ക്ഷാമം പിടിമുറുക്കിക്കഴിഞ്ഞു. ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ അങ്ങനെ അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ലാതെ മനുഷ്യര്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു. സുഡാനു മുന്നിൽ ലോകം നിശ്ശബ്ദമാവുന്നത്, പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ മാനുഷിക ദുരന്തങ്ങളിലൊന്നിന് വഴിയൊരുക്കുകയാണോ?.

ആഭ്യന്തര കലാപങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന ക്ഷാമവും തുടര്‍കഥയായ സുഡാനില്‍ 2017-നു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ക്ഷാമമാണിത്. ദാരിദ്ര്യത്തില്‍ കഴിയുന്ന ജനത അതിദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി. ഭക്ഷ്യസുരക്ഷ താറുമാറായി. രാജ്യത്തെ രണ്ടു കോടിയിലധികം ജനങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നാണ് കണക്കുകള്‍. അതായത് സുഡാന്‍ ജനസംഖ്യയുടെ പകുതിയോളം വിശന്നു കഴിയുകയാണെന്നര്‍ഥം.

2023 ഏപ്രിലിലാണ് സുഡാനില്‍ ഭരണകൂടമെന്ന് അവകാശപ്പെടുന്ന സായുധസേനയും (എസ്.എ.ഫ്) അര്‍ധസൈനികവിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസും തമ്മില്‍ ഏറ്റുമുട്ടലാരംഭിക്കുന്നത്. സൈന്യവും അര്‍ധസൈന്യവും തമ്മിലുള്ള കിടമത്സരം വർഷങ്ങൾ പിന്നിട്ടിട്ടും ശക്തിചോരാതെ തുടരുമ്പോള്‍ ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം ഒന്നരലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടു.

സംഘര്‍ഷത്തിന്റെ മറവില്‍ നിരവധി സ്ത്രീകളും പെണ്‍കുട്ടികളും ബലാത്സംഗത്തിനിരയായി. പട്ടിണി കാരണം സുഡാനില്‍ ദിവസം നൂറോളം പേരാണ് മരിക്കുന്നത് എന്നാണ് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നത്. നിലവിലെ സംഘര്‍ഷാവസ്ഥയുടെ തുടക്കം മുതല്‍ രണ്ടു കോടിയിലധികം പേരാണ് സുഡാന്‍ അതിര്‍ത്തി കടന്ന് മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. ഒരു കോടിയിലേറെ പേര്‍ ആഭ്യന്തര പലായനത്തിലാണ്. രാജ്യത്തെ 90 ശതമാനം വിദ്യാലയങ്ങളും അടച്ചുപൂട്ടി. തത്ഫലമായി ഒരു കോടിയിലധികം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു.

ക്ഷാമം രൂക്ഷമായതോടെ ജനങ്ങള്‍ മണ്ണും പുഴുങ്ങിയ ഇലകളും ഭക്ഷിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത് എന്ന് വരെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

വെടിയൊച്ചകളും മരണഭയം കൊണ്ടുള്ള നിലവിളികളും സുഡാന് പുതിയ കാര്യമൊന്നുമല്ല. സ്വാതന്ത്ര്യാനന്തരം മുതല്‍ മുഴങ്ങികേള്‍ക്കുന്നതാണ് ജീവനു വേണ്ടിയുള്ള നിസ്സഹായ മനുഷ്യരുടെ വിലാപങ്ങള്‍. 1956-ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതു മുതല്‍ ആഭ്യന്തരകലാപങ്ങളാല്‍ സുഡാന്റെ ചരിത്രം മുറിപ്പെട്ടു. സ്വാതന്ത്ര്യത്തിനു ശേഷം ആറു പട്ടാള അട്ടിമറികളാണ് സുഡാനിലുണ്ടായത്. ഇതിനിടയില്‍ പരാജയപ്പെട്ട പത്ത് അട്ടിമറികളുമുണ്ട്.

സഹാറ മരുഭൂമിയോട് ചേര്‍ന്നുനില്‍ക്കുന്ന ഭൂപ്രദേശമാണ് സുഡാന്‍. എണ്ണശേഖരമുണ്ടെങ്കില്‍ പോലും അതിദരിദ്രര്‍ അധിവസിക്കുന്ന രാജ്യം. ഏതാണ് നാലരക്കോടിയോളം വരുന്ന ജനങ്ങളില്‍ ഭൂരിഭാഗവും പട്ടിണി വെന്തവയറുമായി കഴിയുന്നു. വയറുന്തി എല്ലും തോല്ലുമായ കുഞ്ഞുങ്ങളാണ് സുഡാന്റെ പ്രതിബിംബം. 2011 വരെ സുഡാന്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായിരുന്നു. സുഡാനിലെ ഭരണകൂടവും വിഘടനവാദികളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഫലമായി സുഡാന്‍ രണ്ടായി വിഭജിച്ചു. ദക്ഷിണ സുഡാന്‍ എന്ന പുതിയ രാജ്യം രൂപീകൃതമായി.

64 ഓളം ഗോത്രങ്ങളുണ്ട് സുഡാനില്‍. മുസ്ലിം ഭൂരിപക്ഷമാണ് ഇവിടം. ഇവരിലെ പ്രധാന ശക്തികളിലൊന്നായ ഫര്‍ വിഭാഗം അല്‍-ഫാഷര്‍ തലസ്ഥാനമാക്കി ഭരണമാരംഭിച്ചു. 1874 വരെ ഫര്‍ വംശം സുഡാന്‍ ഭരിച്ചു. പിന്നീട് മുഹമ്മദ് അഹമ്മദ് ഇബിന്‍ അബ്ദുള്ള നേതാവായ മഹദീയ ഭരണം കൈക്കലാക്കി. മഹദികള്‍1898 വരെ രാജ്യം ഭരിച്ചു. ഒന്നാം ലോക യുദ്ധംവരെ സുല്‍ത്താനേറ്റ് ഓഫ് ഡാര്‍ഫര്‍ ആയിരുന്നു രാജ്യം. പിന്നീട് 1906-ല്‍ ഡാര്‍ഫര്‍ ബ്രിട്ടന്റെ അധീനതയിലായി. 1956-ല്‍ ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടുകയും ചെയ്തു. എന്നാല്‍ ഭൂരിപക്ഷം ബ്രിട്ടീഷ് കോളനികളിലേത് പോലെ തന്നെ അപക്വമായ ഭരണകൂടങ്ങളിലേക്കുള്ള സ്വതന്ത്ര്യ കൈമാറ്റം സുഡാനില്‍ സംഘര്‍ഷങ്ങളുടെ വിത്തുപാകി. വംശഹത്യ അരങ്ങേറി. വംശീയമായ വേര്‍തിരിവുകള്‍ പാരമ്യത്തിലെത്തി. 1980-കളിലാണ് സംഘര്‍ഷം രൂക്ഷമാകുന്നത്.

1989ല്‍ പട്ടാള അട്ടിമറിയിലൂടെ ഏകാധിപതിയായ ജനറല്‍ ഒമര്‍ അല്‍ ബാഷിര്‍ ഭരണം നേടുന്നത്. 30 വര്‍ഷം അല്‍ ബാഷിര്‍ സുഡാന്‍ ഭരിച്ചു. ഭരണം പിടിച്ചതിനുശേഷം സുഡാനിലെ മുസ്ലിം മതമൗലികവാദി നേതാവ് അല്‍തുറാബി നയിക്കുന്ന നാഷണല്‍ ഇസ്ലാമിക് ഫ്രണ്ടുമായി ഒമര്‍ ഹസ്സന്‍ ചങ്ങാത്തം സ്ഥാപിച്ചു. രാജ്യത്തെ ഇസ്ലാമികരാഷ്ട്രമായി പ്രഖ്യാപിക്കുകയും ശരിയത്ത് നിയമം നടപ്പിലാക്കുകയും ചെയ്തു. ഇതോടെയാണ് തെക്കന്‍ സുഡാന്‍ വിഭാഗത്തില്‍നിന്ന് ഒമര്‍ അല്‍ ബാഷിറിനെതിരേ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു. 1996-ല്‍ മര്‍ അല്‍ ബാഷിര്‍ തന്നെ സ്വയം തിരഞ്ഞെടുപ്പ് നടത്തി പ്രസിഡന്റായി. സായുധസേനയുടെ മേധാവിയായി അബ്ദെല്‍ ഫത്ത അല്‍ബുര്‍ഹാനെ നിയമിച്ചു. 2013-ല്‍ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ് രൂപീകരിച്ച് മുഹമ്മദ് ഹംദാന്‍ ഡഗാലോയെ തലവനാക്കി. എന്നാല്‍, 2018-ല്‍ അല്‍ ബാഷിറിനെതിരേ ജനകീയ പ്രക്ഷോഭങ്ങള്‍ കടുത്തു. ഇതുമുതലാക്കി അല്‍ബുര്‍ഹാനും ഡഗാലോയും അട്ടിമറി നടത്തി. അങ്ങനെ അല്‍ ബാഷിറിന് 2019-ല്‍ അധികാരം നഷ്ടമായി. ഒമര്‍ ഹസ്സന്‍ അഹമ്മദ് അല്‍ ബാഷിറിനെ വംശീയകുറ്റകൃത്യങ്ങളുടെ നായകനെന്നാണ് യു. എന്‍. വിശേഷിപ്പിച്ചത്.

കിടമത്സരം വഷളാക്കിയ സംഘര്‍ഷം

സായുധസേനാ മേധാവിയായ ജനറല്‍ അബ്ദെല്‍ ഫത്ത അല്‍ബുര്‍ഹാനാണ് അല്‍ ബാഷിറിനു പിന്നാലെ രാജ്യം ഭരിച്ചത്. ഭരണസമിതിയുടെ വൈസ് പ്രസിഡന്റായും സെക്കന്റ് ഇന്‍ കമാന്‍ഡ് ആയിഡഗാലോയും സ്ഥാനാരോഹിതനായി. ഇവര്‍ക്കിടയില്‍ നിലനിന്ന അധികാരതര്‍ക്കങ്ങളാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്.

ജനകീയ പ്രക്ഷോഭത്തിന്റെ പിന്‍ബലത്തില്‍ അല്‍ ബാഷിറിനെ പുറത്താക്കി ഭരണം കൈയ്യാളുമ്പോൾ 2024 ജൂലായില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതുവരെ മാത്രമാകും തങ്ങള്‍ അധികാരത്തില്‍ തുടരുകയെന്നും അതിനുശേഷം ജനാധിപത്യം കൊണ്ടുവരുമെന്നും പ്രഖ്യാപനം നടത്തിയിരുന്നു. അതുവരെ ഒരു ട്രാന്‍സിഷന്‍ കൗണ്‍സിലിന് നേതൃത്വം നല്‍കാമെന്ന തീരുമാനത്തിലെത്തി. ഇതിനായി സിവിലിയന്‍ പ്രതിനിധികളുമായി ഉടമ്പടിയുമുണ്ടാക്കി സോവറിന്‍ കൗണ്‍സില്‍ എന്ന സമിതിയുമുണ്ടാക്കി. പ്രക്ഷോഭകരുടെ നേതാക്കളും സായുധസേനകളും അധികാരം പങ്കിട്ട് സുഡാന്‍ ഭരിച്ചു. ജനറല്‍ ബുര്‍ഹാന്‍ സോവറിന്‍ കൗണ്‍സിലിന്റെ മേധാവി. സിവിലിയന്‍ നേതാവ് അബ്ദല്ല ഹംദോക്ക് പ്രധാനമന്ത്രി.

പക്ഷേ, 2021 ഒക്ടോബറില്‍ അടുത്ത അട്ടിമറിയുണ്ടായി. പ്രധാനമന്ത്രിയെ പുറത്താക്കി സുഡാന്റെ ഭരണം ബുര്‍ഹാന്‍ കൈക്കലാക്കി. വൈസ് പ്രസിഡന്റായും സെക്കന്റ് ഇന്‍ കമാന്‍ഡ് ആയിഡഗാലോയ്ക്കും അധികാരം നല്‍കി. ജനാധിപത്യം പ്രഖ്യാപിക്കുമ്പോള്‍ ആര്‍.എസ്.എഫിനെ എസ്.എ.എഫുമായി ലയിപ്പിച്ച് ഒരൊറ്റ സൈന്യമാക്കാനും ആ സൈന്യത്തെ സിവിലിയന്‍ നിരീക്ഷണത്തിലാക്കാനും പദ്ധതിയുണ്ടായിരുന്നു. ഇതിനുള്ള അന്തിമ ഉടമ്പടി ഏപ്രിലില്‍ ഒപ്പിടാനിരിക്കെയാണ് ബുര്‍ഹാനും ഡഗാലോയും തമ്മിലുള്ള ബന്ധം വഷളാകുന്നത്. ആര്‍.എസ്.എഫിനെ രണ്ടുവര്‍ഷത്തിനുള്ളില്‍ സൈന്യത്തിന്റെ ഭാഗമാക്കണം എന്ന് ബുര്‍ഹാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍, അത് 10 വര്‍ഷം കഴിഞ്ഞുമതി എന്ന നിലപാടിലാണ് ഡഗാലോ. അംഗബലമുള്ള ആര്‍.എസ്.എഫ് സ്വന്തം നിലയിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ലയനമുണ്ടാകുന്നതോടെ ഡഗാലോയ്ക്ക് സ്വതന്ത്രഭരണം നഷ്ടപ്പെടും. സൈന്യത്തിന്റെ അധീനതയിലുള്ള വ്യോമമേഖലയിലും പ്രകൃതിവിഭവങ്ങളിലും ഡഗാലോയ്ക്ക് കണ്ണുണ്ട്.

സംഘര്‍ഷത്തിന് വളം പകരുന്ന അയല്‍രാജ്യങ്ങള്‍

വാസ്തവത്തില്‍ സുഡാനിലെ സംഘര്‍ഷത്തിന് മറ്റാന്താരാഷ്ട്ര ശക്തികളാണ് വെള്ളവും വളവും നല്‍കുന്നത്. ആർ.എസ്.എഫിന് യുദ്ധത്തിനുള്ള പണം എവിടെ നിന്നാണ് വരുന്നത്? സുഡാന്റെ സമ്പന്നമായ നിക്ഷേപങ്ങളില്‍ നിന്ന് ഖനനം ചെയ്യുന്ന സ്വര്‍ണ്ണമാണ് ആർഎസ്എഫിൻ്റെ പ്രധാന ധനസ്രോതസ്സ്. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് RSF ഈ സ്വര്‍ണ്ണം കടത്തുന്നുണ്ടെന്നും, ആ കടത്ത് ശൃംഖലകള്‍ യുഎഇയിേേലക്ക് എത്തുന്നുണ്ടെന്നുമാണ്. UAE ഇത് നിഷേധിക്കുന്നുണ്ടെങ്കിലും, ആർഎസ്എഫിൻ്റെ പെട്ടെന്നുള്ള സൈനിക വളര്‍ച്ചയും, അത്യാധുനിക ഡ്രോണുകളും കനത്ത ആയുധങ്ങളും ലഭിക്കുന്നതും പിന്നില്‍ വലിയ വിദേശ പിന്തുണയുണ്ടെന്ന് സൂചിപ്പിക്കുന്നു.

ആർഎസ്എഫിന് പണവും ആയുധവും നല്‍കി സഹായിക്കുന്നത് യുഎഇ ആണെന്ന് ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ (ഐസിജെ) സുഡാന്‍ സര്‍ക്കാര്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ അധികാര പരിധിയില്‍ പെടുന്നതല്ല എന്ന് പറഞ്ഞ് ഐസിജെ കേസ് കേള്‍ക്കാന്‍ തയ്യാറായിട്ടില്ല. ആര്‍എസ്എഫ് പിന്തുണ ആഗോളതലത്തില്‍ യുഎഇക്ക് നിരവധി വിമര്‍ശനങ്ങള്‍ നേടിക്കൊടുത്തു. ഇതിനു പിന്നാലെ, സുഡാന്‍ നയത്തില്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് യുഎഇയുടെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധി അന്‍വര്‍ ഗര്‍ഗാഷ്, തുറന്നുസമ്മതിക്കുകയും ചെയ്തു.

ആര്‍.എസ്.എഫിന് യു.എ.ഇ. സായുധ സഹായം നല്‍കുമ്പോള്‍ ഇറാനും ഈജിപ്തും എസ്.എ.എഫിനെ പിന്തുണയ്ക്കുന്നു. ആര്‍.എസ്.എഫിന് റഷ്യയുടെ കൂലിപട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ പിന്തുണയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങളും സംഘര്‍ഷത്തില്‍ ആരുടെയൊപ്പം നില്‍ക്കണമെന്ന ആശയക്കുഴപ്പത്തിലാണ്. പെട്ടെന്നുള്ള മധ്യസ്ഥത യുദ്ധത്തിനപ്പുറമുള്ള സങ്കീര്‍ണതയിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന കണക്കുകൂട്ടലിലാണവര്‍. അതുകൊണ്ടു തന്നെ യുദ്ധമവസാനിപ്പിക്കാനുള്ള ഇടപെടലുകളും അന്താരാഷ്ട്ര ശക്തികളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.

ഈജിപ്ത്, ലിബിയ, ചാഡ്, എറിട്രിയ, സൗത്ത് സുഡാന്‍, എത്യോപ്യ തുടങ്ങി ഏഴ് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നുവെന്നത് കൊണ്ടുതന്നെ ഏറെ നിര്‍ണായകമാണ് സുഡാന്റെ അതിര്‍ത്തികള്‍. ആഭ്യന്തരകലാപം അയല്‍രാജ്യങ്ങള്‍ക്കു തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ്. സമാനമായ ആഭ്യന്തര സംഘര്‍ഷങ്ങളാല്‍ വലയുന്ന അയല്‍രാജ്യങ്ങള്‍ക്ക് സുഡാനിലെ സംഘര്‍ഷം അടുത്ത തിരിച്ചടിയാവും. സെന്‍ട്രല്‍ ആഫ്രിക്കയിലെ ചാഡ് ഇപ്പോള്‍തന്നെ രൂക്ഷമായ അഭയാര്‍ഥി പ്രശ്‌നം അനുഭവിക്കുന്ന രാജ്യമാണ്. സുഡാനില്‍ നിന്ന് അഭയാര്‍ഥികളൊഴുകുന്നത് രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. കൂടാതെ തെക്കന്‍ സുഡാനിലേക്കും അഭയാര്‍ഥികള്‍ കടക്കുന്നു. തെക്കന്‍ സുഡാനിനുള്ളിലും ആഭ്യന്തര കലാപങ്ങള്‍ രൂക്ഷമാണ്. ആ സാഹചര്യത്തില്‍ അങ്ങോട്ടുള്ള പലായനവും സുരക്ഷിതമല്ല.

സുഡാന് ഇപ്പോള്‍ ലഭ്യമാക്കേണ്ടത് അടിയന്തരമായ അന്താരാഷ്ട്ര സഹായങ്ങളാണ്. ജനങ്ങള്‍ക്ക് ഭക്ഷണം വേണം. മരുന്നു വേണം. പോഷകാഹാരക്കുറവില്‍ നിന്ന് കുഞ്ഞുങ്ങള്‍ക്ക് രക്ഷ വേണം. എന്നാല്‍ മുറിവേറ്റ ഒരു ജനത കൂടുതല്‍ മുറിപ്പെടുന്നു എന്നതല്ലാതെ മറ്റത്ഭുതങ്ങളൊന്നും അവിടെ സംഭവിക്കുന്നില്ല എന്നതാണ് ഖേദകരം.

Content Highlights: Sudan’s endless war — starvation, silence, and shattered hope