Video | ബഹിരാകാശത്ത് പേടകങ്ങൾ കൂട്ടിയോജിപ്പിച്ച നാലാമത്തെ രാജ്യം, SpaDeX ൽ ചരിത്രം കുറിച്ച് ഇന്ത്യ
ക്രിസ്റ്റഫര്‍ നോളന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രം ഇന്റര്‍സ്റ്റെല്ലാറില്‍ നമ്മള്‍ ആകാംക്ഷയോടെ കണ്ടിരുന്ന ആ സീന്‍ ഓര്‍മയില്ലേ? ബഹിരാകാശത്ത് അതിവേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന രണ്ട് പേടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന ഡോക്കിങ് സീന്‍. അതിസങ്കീര്‍ണ്ണമായൊരു സാങ്കേതിക വിദ്യയാണത്. യു.എസ്, റഷ്യ, ചൈന എന്നിങ്ങനെ ലോകത്ത് ആകെ മൂന്ന് രാജ്യങ്ങള്‍ക്ക് മാത്രം സാധ്യമായത്. ഈ രാജ്യങ്ങള്‍ക്ക് പുറമേ ഇലോണ്‍ മസ്‌കിന്റെ സ്‌പെയ്‌സ് എക്‌സ് മാത്രമാണ് ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇപ്പോൾ സ്‌പെയ്‌സ് ഡോക്കിങ്ങ് നടത്തി ബഹിരാകാശ ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ് ഇന്ത്യയും. രണ്ടുവ്യത്യസ്ത പേടകങ്ങള്‍ ബഹിരാകാശത്തുവെച്ച് കൂട്ടിയോജിപ്പിക്കുന്നതിനെയാണ് സ്‌പെയ്‌സ് ഡോക്കിങ് എന്ന് പറയുന്നത്. ഇന്ത്യ ഈ ദൗത്യത്തിന് നല്‍കിയ പേരാണ് സ്പെയ്ഡെക്സ് അഥവാ സ്‌പെയ്‌സ് ഡോക്കിങ് എക്‌സ്പിരിമെന്റ്. ഇന്ത്യയുടെ ഭാവി ബഹിരാകാശദൗത്യങ്ങളിൽ നിർണായകമാണ് ഈ ദൗത്യം.
ദൗത്യത്തിന്റെ ആദ്യഘട്ടം രണ്ട് ചെറുഉപഗ്രഹങ്ങളുടെ വിക്ഷേപണമായിരുന്നു. 220 കിലോഗ്രാം ഭാരമുള്ള ഉപഗ്രങ്ങള്‍ പി.എസ്.എല്‍.വി. 60 വിക്ഷേപണവാഹനത്തില്‍ ഡിസംബര്‍ 30-ന് വിക്ഷേപിച്ചു. എസ്.ഡി.എക്സ്-01, എസ്.ഡി.എക്സ്-02 എന്നീ ഉപഗ്രഹങ്ങളാണ് വിജയകരമായി ബഹിരാകാശത്ത് എത്തിച്ചത്. ഇവയെ യഥാക്രമം ചേസര്‍, ടാര്‍ഗറ്റ് എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. ഇതിനൊപ്പം മറ്റ് 24 പരീക്ഷണോപകരണങ്ങള്‍ കൂടി പി.എസ്.എല്‍.വി. ഭ്രമണപഥത്തില്‍ എത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററിന്റെ ഒന്നാം വിക്ഷേപണത്തറയില്‍നിന്നായിരുന്നു പി.എസ്.എല്‍.വി 60 കുതിച്ചുയര്‍ന്നത്. ഭൂമിയില്‍നിന്ന് 476 കിലോമീറ്റര്‍ മാത്രം ഉയരെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെ എത്തിച്ചത്. റോക്കറ്റിന്റെ മുകള്‍ഭാഗം അതിനും താഴെ 355 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് ഭൂമിയെ ചുറ്റുന്നത്. പി.എസ്. ഫോര്‍ ഓര്‍ബിറ്റര്‍ എക്സ്പിരിമെന്റ് മൊഡ്യൂള്‍ അഥവാ പോയം-4 എന്നാണ് ഇതിനെ വിളിക്കുന്നത്.
Content Highlights: India`s Space Docking Experiment: SpaDeX