നടുക്കിയ ദുരന്തം, ജീവനോടെ ലഭിച്ചത് രണ്ടുപേരെ മാത്രം; മുവാന്‍ വിമാനദുരന്തത്തിന് കാരണമെന്ത്?

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
'ഒരു ചിറകില്‍ പക്ഷിയിടിച്ചിട്ടുണ്ട്, വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്നില്ല. ഇതെന്റെ അവസാനവാക്കുകളായിരിക്കുമോ?'

ക്രിസ്മസ് അവധിയാഘോഷിച്ച് ബാങ്കോക്കില്‍നിന്ന് മടങ്ങിയവരായിരുന്നു ആ വിമാനത്തിലേറെയും. ദക്ഷിണ കൊറിയന്‍ വിമാനക്കമ്പനിയായ ജെജു എയറിന്റെ ബോയിങ് 737-800, 7സി2216 വിമാനത്തിലുണ്ടായിരുന്നത് ആറുജീവനക്കാരടക്കം 181 പേര്‍. അവരിലൊരാള്‍ ബന്ധുവിന് അയച്ച അവസാനസന്ദേശത്തില്‍ അപകടകരമായതെന്തോ സംഭവിക്കാന്‍ പോവുന്നുവെന്ന ദുഃസൂചനയുണ്ടായിരുന്നു. അയാളെന്ത് ഭയന്നോ അത് തന്നെ സംഭവിച്ചു.

മുവാന്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിച്ച വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. സുരക്ഷാവേലിയിലിടിച്ച വിമാനം നിമിഷങ്ങള്‍ക്കകം തീഗോളമായി മാറി. പൂര്‍ണ്ണമായി കത്തിയമര്‍ന്ന വിമാനത്തില്‍നിന്ന് ജീവനോടെ രക്ഷിക്കാനായത് രണ്ടുപേരെ മാത്രം. ഒരു സ്ത്രീയും ഒരു പുരുഷനും. വിമാനത്തില്‍ കത്താതെ ബാക്കിയുണ്ടായിരുന്ന പിന്‍ഭാഗത്തുനിന്നാണ് ഫ്‌ളൈറ്റ് അറ്റന്‍ഡര്‍മാരായ ഇരുവരേയും രക്ഷിച്ചത്. നാലു ജീവനക്കാരടക്കം 179 പേരും മരിച്ചതായി സ്ഥിരീകരിച്ചു. ദക്ഷിണകൊറിയയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മരണത്തിന് കാരണമായ മൂന്നാമത്തെ വിമാന അപകടമായിരുന്നു ഞായറാഴ്ചത്തേത്.

പ്രാദേശികസമയം രാവിലെ 9.07-ഓടെയായിരുന്നു അപകടം. വിമാനത്തിലെ യാത്രക്കാരില്‍ 173 പേരും ദക്ഷിണകൊറിയന്‍ പൗരന്മാര്‍. രണ്ടുപേര്‍ തായ്‌ലന്‍ഡ് സ്വദേശികള്‍. കാട്ടുതാറാവ് ഇനത്തില്‍പ്പെടുന്ന മല്ലാര്‍ഡ് പക്ഷികള്‍ കൂട്ടമായി എത്തുന്ന സമയമാണിത്. അതിനാല്‍, നേരത്തെ തന്നെ വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ബോര്‍ഡില്‍നിന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നീട് രണ്ടുമിനിറ്റിന് ശേഷം അടിയന്തരലാന്‍ഡിങ്ങിന് കോക്പിറ്റില്‍നിന്ന് അനുമതി തേടി. എതിര്‍ ദിശയില്‍നിന്ന് റണ്‍വേയില്‍ ഇറങ്ങാനായിരുന്നു എ.ടി.സി നിര്‍ദേശം നല്‍കിയത്. തുടര്‍ന്നാണ് വിമാനം റണ്‍വേയില്‍ ഇറങ്ങുന്നതും അപകടത്തില്‍പ്പെടുന്നതും.

ചക്രങ്ങള്‍ നിലത്തുതൊടാതെ ഇറങ്ങുന്ന വിമാനം അപകടത്തില്‍പ്പെടുന്നതിന്റെ നടുക്കുന്നദൃശ്യം ലോകമാകെ കണ്ടു. റണ്‍വേയിലിറങ്ങിയ വിമാനം തെന്നിമാറി നിരങ്ങി നീങ്ങിയ ശേഷം സുരക്ഷാമതിലില്‍ ഇടിച്ചു. പിന്നാലെ തീഗോളമായി മാറിയ വിമാനം പൂര്‍ണ്ണമായും കത്തിയമര്‍ന്നു. വിമാനത്താവളത്തെ പ്രത്യേകദുരന്തമേഖലയായി പ്രഖ്യാപിച്ച് 1,500 രക്ഷാപ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

അപകടത്തെക്കുറിച്ച് പലസംശയങ്ങളും ഉയരുന്നുണ്ട്. പക്ഷിയിടിച്ചതിനെത്തുടര്‍ന്നാവാം ലാന്‍ഡിങ് ഗിയര്‍ തകരാറിലായതെന്നാണ് പറയപ്പെടുന്നത്. ഈ സാഹചര്യത്തിലാവാം പൈലറ്റുമാര്‍ ബെല്ലി ലാന്‍ഡിങ്ങിന് ശ്രമിച്ചത്. പ്രതികൂലകാലാവസ്ഥയും അപകടകാരണമായി പറയപ്പെടുന്നുണ്ട്. ലാന്‍ഡ് ചെയ്യാനുള്ള ആദ്യ ശ്രമം പാരജയപ്പെട്ട ശേഷം രണ്ടാം ശ്രമത്തിലാണ് വിമാനം അപകടത്തില്‍പ്പെടുന്നത്. ഈ ലാന്‍ഡിങ് ശ്രമത്തില്‍ വിമാനത്തിന്റെ വേഗത കുറയ്ക്കുന്നതില്‍ പൈലറ്റ് പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് 3 കിലോമീറ്റര്‍ ദൂരമുളഅള റണ്‍വേയുടെ അറ്റംവരെ വിമാനം സഞ്ചരിക്കുകയും മതിലില്‍ ഇടിക്കുകയും ചെയ്തത്. ഒരുതവണ വലംവെച്ച ശേഷം രണ്ടാമത്തെ ശ്രമത്തിലാണ് വിമാനം റണ്‍വേ തൊട്ടതെന്ന് ഈ സമയത്ത് വിമാനത്താവളത്തിലുണ്ടായിരുന്നവര്‍ പറയുന്നു. വലത് ചിറകിന് തീപ്പിടിച്ചതിന് പിന്നാലെ തീയും കറുത്തപുകയും ഉയരുകയായിരുന്നു. ആദ്യം ഉച്ചത്തിലുള്ള സ്‌ഫോടനശബ്ദം കേട്ടു. പിന്നാലെ പലതവണ സ്‌ഫോടനമുണ്ടായതായും വിമാനത്താവളത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു.

1983-ല്‍ വ്യോമാതിര്‍ത്തിയില്‍ കടന്നുകയറിയെന്ന് ആരോപിച്ച് കൊറിയന്‍ എയര്‍ലൈന്‍സിന്റെ വിമാനം സോവിയറ്റ് യൂണിയന്‍ വെടിവെച്ചിട്ടിരുന്നു. ദക്ഷിണ കൊറിയന്‍ വിമാനക്കമ്പനി ഉള്‍പ്പെടുന്ന ഏറ്റവും വലിയ വിമാന അപകടം ഇതാണ്. 269 പേരാണ് അന്ന് മരിച്ചത്. 1997-ല്‍ കൊറിയന്‍ എയറിന്റെ ജമ്പോ ജറ്റ് തകര്‍ന്നുവീണ് 228 പേര്‍ മരിച്ചിരുന്നു. കൊറിയന്‍ അതിര്‍ത്തിക്കുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച വിമാനദുരന്തമാണ് മുവാന്‍ വിമാനത്താവളത്തിലുണ്ടായത്. 2002-ല്‍ എയര്‍ ചൈനയുടെ ബോയിങ് 767-200 വിമാനം ബുസാനില്‍ അപകടത്തില്‍പ്പെട്ട് 129 പേര്‍ കൊല്ലപ്പെട്ടിരുന്നു. 37 പേര്‍ക്ക് പരിക്കേറ്റു.

ജെജു എയറിന്റെ വിമാനം ഇതാദ്യമായാണ് അപകടത്തില്‍പ്പെടുന്നത്. 2005-ല്‍ സ്ഥാപിക്കപ്പെട്ട വിമാനക്കമ്പനിയാണ് ജെജു എയര്‍ലൈന്‍സ്. ദക്ഷിണ കൊറിയയിലെ നഗരങ്ങളെ ബന്ധിപ്പിച്ച് നിരവധി ആഭ്യന്തരസര്‍വീസുകള്‍ കമ്പനി നടത്തുന്നുണ്ട്. ഇത് കൂടാതെ ജപ്പാന്‍, ചൈന, ഫിലിപ്പൈന്‍സ്, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കും വിമാനസര്‍വീസുണ്ട്. 42 വിമാനങ്ങള്‍ സ്വന്തമായുള്ള കമ്പനി, ദിവസം 220 സര്‍വീസുകളാണ് നടത്തുന്നത്. 3,000ത്തോളം ജീവനക്കാരണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജെജു എയര്‍ലൈന്‍സ് മാപ്പ് പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി പറഞ്ഞ കമ്പനി സി.ഇ.ഒ കിം ഈ ബേ വാര്‍ത്താസമ്മേളനത്തില്‍ തലകുമ്പിട്ടാണ് ഖേദം പ്രകടിപിച്ചത്.

Content Highlights: Jeju Air crashed in South Korea, killing 179. Bird strike suspected as a contributing factor