തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ; സർക്കാരിന്റെ ഉറക്കം കെടുത്തി വീണ്ടും ശബരിമലക്കേസ്

ശബരിമല യുവതീപ്രവേശ വിധി -കേരള രാഷ്ട്രീയത്തിൽ ഒരിക്കൽ വലിയ ഭൂകമ്പമുണ്ടാക്കിയ അതേ വിഷയം വീണ്ടും സുപ്രീംകോടതിയിലെത്തുകയാണ്. പക്ഷേ, കാലം മാറി, രാഷ്ട്രീയ സാഹചര്യങ്ങളും മാറി. പഴയ ആവേശമോ വീര്യമോ ഇല്ലാതെ, വളരെ കരുതലോടെയാണ് രാഷ്ട്രീയ പാർട്ടികൾ ഇപ്പോൾ ഈ വിഷയത്തെ നോക്കിക്കാണുന്നത്. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, ശബരിമല യുവതീപ്രവേശന വിധി വീണ്ടും ചർച്ചയാകുമ്പോൾ അത് ആരെ തുണയ്ക്കും? ആരെ തളർത്തും?

എൽഡിഎഫ് സർക്കാരിന് ഏറെ ക്ഷീണമുണ്ടാക്കിയ വിഷയമായിരുന്നു ശബരിമല സ്ത്രീപ്രവേശവിധിയും ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടും. 2019ലെ ലോക്‌സഭാതിരഞ്ഞെടുപ്പിനെപ്പോലും സ്വാധീനിച്ച വിഷയത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്. പ്രായഭേദമന്യേ ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം നൽകണമെന്ന സുപ്രീംകോടതിവിധിയുടെ പരിശോധനയിലാണ് ഏപ്രിൽ ഏഴ് മുതൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് വാദം കേൾക്കുക. ശബരിമല കൂടാതെ മുസ്ലീം സ്ത്രീകളുടെ പള്ളിപ്രവേശനം, അന്യമതസ്ഥരെ വിവാഹം കഴിച്ച പാഴ്‌സി സ്ത്രീകളുടെ ക്ഷേത്രപ്രവേശന വിലക്കടക്കം മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഏഴ് നിയമപ്രശ്‌നങ്ങൾക്കാണ് ഒമ്പതംഗ ബെഞ്ചിന്റെ വിധിയിലൂടെ ഉത്തരം നൽകുക. കേസ് പരിഗണിക്കുന്നത് ഏപ്രിലിലാണെങ്കിലും മാർച്ച് 14-നകം സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ഉൾപ്പെടെ മുഴുവൻ കക്ഷികളും സുപ്രീംകോടതിയിൽ നിലപാടറിയിക്കണം.

ശബരിമലയിലെ സ്ത്രീപ്രവേശം എതിർക്കേണ്ടതില്ലെന്നായിരുന്നു അന്നത്തെ സർക്കാർ നിലപാട്. വിധി സ്വാഗതം ചെയ്ത സർക്കാർ
നിലപാടിനെ പിന്തുണയ്ക്കുന്നതിനായി വനിതാമതിൽ വരെ സംഘടിപ്പിച്ചു. രാഷ്ട്രീയ സംഘർഷങ്ങളുടെ കാലമായിരുന്നു അത്. പ്രതിഷേധങ്ങൾ, നാമജപ ഘോഷയാത്രകൾ... വിശ്വാസവും രാഷ്ട്രീയവും കൂടിക്കലർന്ന് കേരളം അന്നുവരെ കാണാത്ത സംഘർഷങ്ങൾ പിന്നീട് നമ്മൾ കണ്ടു.

എന്നാൽ 2019ലെ ലോക്‌സഭാതിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ശബരിമലയിലെ ആചാരത്തിനൊപ്പമെന്ന രീതിയിലേക്ക് സർക്കാർ കളംമാറ്റി. വിഷയം വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ പെട്ടെന്നൊരു യെസ് ഓർ നോ പറയാനാവില്ലെന്ന സമീപനമാണ് കഴിഞ്ഞ ദിവസം സർക്കാർ സ്വീകരിച്ചത്.

സർക്കാർ പിന്തുണച്ചതുകൊണ്ടല്ല സുപ്രീംകോടതി വിധിയുണ്ടായതെന്നും യുവതികളെ പ്രവേശിപ്പിക്കാൻ സർക്കാർ ഉത്തരവിറക്കിയിട്ടില്ലെന്നുമാണ് മന്ത്രി രാജീവ് കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ പ്രതികരിച്ചത്. കോടതി ചോദിക്കാതെ മുൻകൂട്ടി നിലപാട് വ്യക്തമാക്കേണ്ടതില്ലെന്നും, ഭരണഘടനാപരമായ വശങ്ങളും വിശ്വാസികളുടെ താൽപ്പര്യവും പരിഗണിക്കേണ്ടതുണ്ടെന്നും സർക്കാർ ഇപ്പോൾ പറയുന്നു.

2006-ലാണ് ശബരിമല കേസ് സുപ്രീംകോടതിയിലെത്തുന്നത്. 20 വർഷങ്ങൾക്ക് മുൻപ്. ശബരിമലയിൽ യുവതീപ്രവേശം വിലക്കുന്നതിനെതിരേ ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷൻ എന്ന സംഘടനയാണ് സെക്രട്ടറി ഭക്തി പസ്രീജ മുഖേന 2006-ൽ സുപ്രീംകോടതിയെ സമീപിച്ചത്. ആദ്യവർഷം കേസിൽ കാര്യമായി ഒന്നും സംഭവിച്ചില്ലെങ്കിലും 2007-ൽ അന്നത്തെ ഇടതുസർക്കാർ സ്ത്രീപ്രവേശത്തിന് അനുകൂല നിലപാടുമായി ഒരേ മതത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും തുല്യ ആരാധനാ സ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്ന് കാട്ടി സത്യവാങ്മൂലം നൽകി. പിന്നീട് എട്ട് വർഷത്തോളം കേസിൽ കാര്യമായ പുരോഗതിയുണ്ടായില്ല. പിന്നീട് 2016-ൽ ജസ്റ്റിസ് ദീപക് മിശ്രയുടെ മൂന്നംഗ ബെഞ്ചിനുമുൻപാകെ കേസെത്തി. എന്നാൽ അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ യുവതീ പ്രവേശം വേണ്ടെന്ന നിലപാടെടുത്തു. 2018ൽ ഭരണഘടനാ ബെഞ്ച് പരിഗണിച്ചപ്പോഴേക്കും പിണറായി സർക്കാരെത്തുകയും യുവതീ പ്രവേശത്തെ ശക്തമായി അനുകൂലിക്കുകയും ചെയ്തു.

2019ൽ യുവതീ പ്രവേശത്തെ എതിർക്കുമ്പോൾ പ്രയാർ ഗോപാലകൃഷ്ണനായിരുന്നു അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ്. 2019-ൽ പുനഃപരിശോധനാ ഹർജി പരിഗണിക്കുമ്പോഴേക്കും അദ്ദേഹം സ്ഥാനമൊഴിഞ്ഞിരുന്നു. ഇതോടെ ദേവസ്വം ബോർഡ് നിലപാട് മാറ്റി. യുവതി പ്രവേശവിധി പുനഃപരിശോധിക്കേണ്ടതില്ലെന്നും കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു ദേവസ്വം ബോർഡും സർക്കാരും 2020-ൽ റിവ്യൂ ഹർജി കോടതിയിലെത്തിയപ്പോൾ വ്യക്തമാക്കിയത്. എന്നാൽ, പ്രയാർ ഗോപാലകൃഷ്ണൻ സ്വന്തംനിലയ്ക്ക് എതിർത്ത് പുനഃപരിശോധനാ ഹർജി നൽകി. വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ശബരിമല തന്ത്രി ഉൾപ്പെടെയുള്ളവരും ഹർജി നൽകി. 2020-ൽ വിധി പുനഃപരിശോധിക്കാൻ പരിഗണിക്കാൻ ഒൻപതംഗ ബെഞ്ചുണ്ടാക്കുകയും ഒരു ദിവസം വാദം കേൾക്കുകയും ചെയ്‌തെങ്കിലും കോവിഡ് കാരണം തുടരാനായിരുന്നില്ല. ഇതാണ് ഏപ്രിലിൽ വീണ്ടുമാരംഭിക്കുന്നത്.

ചുരുക്കത്തിൽ പഴയപോലെ കണ്ണുംപൂട്ടി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സർക്കാരിന് നിലവിൽ പറയാൻ കഴിയില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് എൽഡിഎഫിന് മുന്നിൽക്കാണാതെ വയ്യല്ലോ. തദ്ദേശതിരഞ്ഞെടുപ്പിൽ ശബരിമല സ്വർണക്കൊള്ള വില്ലനായത് സർക്കാർ മറന്നിട്ടില്ല. ഇതൊരുവിധം ഒതുങ്ങുമ്പോഴാണ് അയ്യപ്പസംഗമത്തിന്റെ കണക്കുകളിലെ കള്ളത്തരം പുറത്തുവന്നത്. ഇപ്പോഴിതാ യുവതീപ്രവേശ വിധി പുനഃപരിശോധിക്കാനുള്ള നടപടിയും.

കോടതിയുടെ പരിഗണനയിലുള്ള ശബരിമല യുവതീപ്രവേശ വിഷയത്തിൽ സി.പി.എം. നിലപാടും സംസ്ഥാന സർക്കാരിന്റെ നിലപാടും ഒന്നായിക്കൊള്ളണമെന്നില്ലെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയിൽപോലും ഒരു മുൻകൂർ ജാമ്യമുണ്ട്.

ശബരിമല സ്ത്രീപ്രവേശനം രാഷ്ട്രീയ വിഷയമാകുമ്പോൾ, രാഷ്ട്രീയ പ്രവർത്തകർ മാത്രമല്ല, സാംസ്കാരിക ലോകവും, ആക്ടിവിസ്റ്റുകൾ ഉൾപ്പെടെയുള്ളവരും എന്തു നിലപാട് സ്വീകരിക്കുമെന്നാണ് കണ്ടറിയേണ്ടത്.

Content Highlights: Sabarimala woman entry case back in Supreme Court.will Influence Kerala Politics Again?