വ്യവസായിയിൽ നിന്ന് രാഷ്ടീയത്തിലേക്ക്; ബിജെപിയുടെ ഗ്രൂപ്പ് സമവാക്യങ്ങൾ പൊളിക്കാനാകുമോ രാജീവിന്?
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പ് രാജീവ് ചന്ദ്രശേഖർ ഒരു പോസ്റ്റിട്ടു. 18 വർഷം നീണ്ട പൊതുപ്രവർത്തനം ഞാൻ അവസാനിപ്പിക്കുന്നു. നിമിഷങ്ങൾൾക്കകം പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. മന്ത്രിസഭയിൽ ഇടം കിട്ടാതെ പോയതിലുള്ള നിരാശയായിരുന്നുവോ ആ പോസ്റ്റിനു പിന്നിലെന്ന് അറിയില്ല. പക്ഷെ, അത് പിൻവലിക്കാനുള്ള തീരുമാനം ഇന്ന് അദ്ദേഹത്തെ കേരള സംസ്ഥാന ബി.ജെ.പി. അധ്യക്ഷസ്ഥാനത്തേക്ക് നിയമിക്കുന്നതിൽ നിർണായകമായെന്ന് വ്യക്തം.
എം.ടി രമേശ്, ശോഭാ സുരേന്ദ്രൻ, വി.മുരളീധരൻ...സാധ്യതാ പട്ടികയിലെ എല്ലാവരേയും പിന്തള്ളിയാണ് രാജീവ് ചന്ദ്രശേഖറിന് നറുക്ക് വീണത്. ഇനി കേരള ബി.ജെ.പിയുടെ ഔദ്യോഗികമുഖം രാജീവ് ചന്ദ്രശേഖർ. പാർലമെന്ററി രംഗത്തുനിന്ന് സംഘടനാരംഗത്തേക്കുള്ള ചുവടുമാറ്റത്തിൽ രാജീവിനെ കാത്തിരിക്കുന്ന വെല്ലുവിളികൾ എന്തൊക്കെയാവും?
1964 മെയ് 31-ന് വ്യോമസേന ഉദ്യോഗസ്ഥൻ എം.കെ ചന്ദ്രശേഖറിന്റെയും വല്ലി ചന്ദ്രശേഖറിന്റെയും മകനായി അഹമ്മദാബാദിലായിരുന്നു ജനനം. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ടിക്കൽ എൻജീനിയറിങ്ങിൽ ബിരുദവും ഷിക്കാഗോയിലെ ഇലിനിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദാനന്തരബിരുദവും. 1988 മുതൽ 1991 വരെ ഇന്റലിൽ ജോലി ചെയ്ത ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത്. വിവാഹശേഷം ഭാര്യാപിതാവ് ടി.പി.ജി നമ്പ്യാരുടെ ബ്രിട്ടീഷ് ഫിസിക്കൽ ലബോറട്ടറീസ് എന്ന ബി.പി.എൽ ഗ്രൂപ്പിൽ രാജീവും ഭാഗമായി. 1994-ലാണ് ബി.പി.എൽ. മൊബൈൽ സ്ഥാപിക്കുന്നത്. 2005-ൽ ബി.പി.എല്ലിന്റെ 64 ശതമാനം ഓഹരികൾ 8214 കോടി രൂപയ്ക്കാണ് വിറ്റത്.
2005-ൽ രാജീവ് ചന്ദ്രശേഖർ നൂറ് മില്യൺ ഡോളറിൽ ജൂപിറ്റർ കാപ്പിറ്റൽ എന്ന ഫിനാഷ്യൽ ഇൻവെസ്റ്റ്മെന്റ് കമ്പനി തുടങ്ങി. ഇപ്പോളത് 800 മില്യൺ യു.എസ് ഡോളർ വിപണി മൂല്യമുള്ള കമ്പനി്.
2006-ൽ ബി.ജെ.പിയിൽ ചേരുന്നു. ആ വർഷം തന്നെ കർണാടകയിൽനിന്ന് ബി.ജെ.പി. സ്വതന്ത്രനായി രാജ്യസഭാംഗം. 2006 മുതൽ 2018 വരെയുള്ള കാലയളവിൽ തുടർച്ചയായി രണ്ടു തവണ കർണാടകയിൽ നിന്നുള്ള എം.പി.2021-ൽ രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിൽ ഇലകട്രോണിക്സ് ആൻഡ് ഐടി സഹമന്ത്രി.
'തിരുവനന്തപുരത്തിനൊരു കേന്ദ്രമന്ത്രി' എന്ന പ്രഖ്യാപനവുമായായിരുന്നു 2024-ൽ രാജീവ് ചന്ദ്രശേഖറിനെ ബി.ജെ.പി. തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നത്. ശശി തരൂരിനോട് പരാജയപ്പെട്ടെങ്കിലും കനത്ത പോരാട്ടം തന്നെ രാജീവ് കാഴ്ചവെച്ചു. തൊട്ടുമുമ്പുള്ള തിരഞ്ഞെടുപ്പിൽ 99,889 വോട്ടുകൾക്കാണ് തരൂരിനോട് അടിയറവ് പറഞ്ഞതെങ്കിൽ 2024-ൽ തരൂരിന്റെ ഭൂരിപക്ഷം 16077 ആയി കുറയ്ക്കാൻ രാജീവിന് കഴിഞ്ഞു.
കേരളത്തിലെ ഗ്രൂപ്പ് യുദ്ധങ്ങൾക്ക് വിരാമമിടണമെന്ന ലക്ഷ്യത്തോടെ തീർത്തും വ്യത്യസ്തനായ ഒരു നേതാവിനെ തേടിയപ്പോൾ ദേശീയനേതൃത്വത്തിന് രാജീവ് എല്ലാതെ മറ്റൊരാളില്ല എന്നായി. കൃഷ്ണദാസ് പക്ഷമെന്നും വി.മുരളീധരൻ പക്ഷമെന്നും രണ്ടായി നിന്ന പാർട്ടിയിൽ രാജീവിന്റെ വരവോടെ ഗ്രൂപ്പ് സമവാക്യങ്ങൾ പൊളിക്കാനാകുമെന്ന നിഗമനത്തിലാണ് ദേശീയ നേതൃത്വം. ടെക്നോക്രാറ്റായ രാജീവിന് യുവജനങ്ങളെ ആകർഷിക്കാൻ കഴിയുമെന്നും കേരള ബിജെപിക്ക് പ്രൊഫഷണൽ ടച്ച് കൊണ്ടുവരാൻ കഴിയുമെന്നും അവർ കരുതുന്നു.
തദ്ദേശ തിരഞ്ഞെടുപ്പാണ് ആദ്യ പരീക്ഷ. പന്തളം, പാലക്കാട് നഗരസഭകൾ നിലനിർത്തേണ്ടത് ജീവന്മരണ പോരാട്ടം.തിരുവനന്തപുരം കോർപ്പറേഷനും തൃശ്ശൂരും പിടിക്കുക എന്നതാകും രാജീവിന്റെ അടുത്ത ലക്ഷ്യം.. 2026-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ നേമത്തുനിന്ന് രാജീവ് മത്സരിക്കാനുള്ള സാധ്യതയും മുന്നോട്ടുവെക്കുന്നു. വെല്ലുവിളികൾ ഏറെയാണ്. പുലികളും കടുവകളും നിറഞ്ഞ കേരള ബി.ജെ.പിയെ ഉള്ളംകൈയിൽ ഒതുക്കാനാവുമോ എന്ന് കാലം തെളിയിക്കണം. ഇതിനേക്കാൾ ഉപരി തിരഞ്ഞെടുപ്പ് വിജയങ്ങൾ ലക്ഷ്യമാക്കി എന്തൊക്കെയായിരിക്കും രാജീവിന്റെ കയ്യിലുള്ളതെന്നാവും ദേശീയ നേതൃത്വം കാത്തിരിക്കുക.
In Short: Rajeev Chandrasekhar Appointed Kerala BJP President: A Strategic Shift. Just before the Modi 3.0 cabinet swearing-in, Rajeev Chandrasekhar posted that he was ending his 18-year political journey—only to delete the post moments later. Though he didn’t make it into the cabinet, BJP has now appointed him as the new Kerala state president, sidelining prominent contenders like M.T. Ramesh and V. Muraleedharan.
Content Highlights: Rajeev Chandrasekhar Appointed Kerala BJP President: A Strategic Shift