അങ്കം മുറുകുന്ന പഞ്ചാബ്; 'ആപ്പി'ലാകുന്നതാര്? | Five State Election

പഞ്ചാബിൽ ഇനി വിളവെടുപ്പിനുള്ള കാത്തിരിപ്പാണ്. കർഷകരുടെ വിയർപ്പിന്റെ മണമുള്ള മുദ്രാവാക്യങ്ങൾ ഉയർന്നു കേട്ട കാലമാണ് കടന്നു പോയത്. വിവാദ കർഷക നിയമത്തിനെതിരെ ഒരു വർഷത്തിലധികം നീണ്ടുന്ന നിന്ന സമരകാലം. ഒടുവിൽ കേന്ദ്ര സർക്കാരിന് അടിയറവ് പറയേണ്ടി വന്നു. അതിന് പിന്നാലെയായിരുന്നു ചെറുത്തു നിൽപ്പിന്റെ പ്രഭവകേന്ദ്രമായ പഞ്ചാബിൽ നിയമഭാ തിരഞ്ഞെടുപ്പ്. ആ ജനവിധിയാണ് ഇനി അറിയാനുള്ളത്.

കലങ്ങി മറിഞ്ഞ രാഷ്ട്രീയ അന്തരീക്ഷം നിലനിൽക്കുന്ന പഞ്ചാബിൽ ഇക്കുറി ഏറെക്കുറെ ത്രികോണ മത്സരമാണ്. ഭരണപ്പാർട്ടിയായ കോൺഗ്രസിന് വെല്ലുവിളി ഉയർത്തിക്കൊണ്ട് ആം ആദ്മി പാർട്ടി ശക്തമായി രംഗത്തുണ്ട്. പഞ്ചാബിലെ പ്രബലരായ ശിരോമണി അകാലി ദളിന് ഇത് ജീവൻമരണ പോരാട്ടമാണിത്. ബി.ജെ.പിയുമായി സഖ്യം അവസാനിപ്പിച്ച് ബി.എസ്.പിയുമായി കൈകോർത്തിരിക്കുകയാണ് ഇക്കുറി അവർ.

ശിരോമണി അകാലി ദളിന്റെ നേട്ടം കോൺഗ്രസിനും ആം ആദ്മിക്കും ഒരുപോലെ ആശങ്കയുളവാക്കുന്നതാണ്. കർഷക പ്രക്ഷോഭം നയിച്ച 32 പാർട്ടികളിൽ 22 പാർട്ടികൾ ഇക്കുറി സംയുക്ത് സമാജ് മോർച്ച എന്ന പാർട്ടി രൂപീകരിച്ച് മത്സരിക്കുന്നു എന്നതും കർഷക വോട്ട് വിഭജനത്തിൽ നിർണ്ണായകമാണ്.
 

Content Highlights: Punjab Assembly election 2022 Who will win?