വിസിറ്റിങ് എംപി അല്ലെന്ന് തെളിയിക്കണം, വയനാടിന്റെ ശബ്ദമാകണം; പ്രതീക്ഷയാണ് പ്രിയങ്കയുടെ വൻ ഭൂരിപക്ഷം

ഏത് സാധരണക്കാര്‍ക്കിടയിലും അവരിലൊരാളായി മാറാന്‍ കഴിയുന്ന ശരീരഭാഷ, വേദനിക്കുന്നവരെ സങ്കോചങ്ങളില്ലാതെ ചേര്‍ത്തുപിടിക്കുന്ന മനസ്, ആവേശത്തോടെ കത്തിക്കയറുന്ന രാഹുലിന്റെ പ്രസംഗശൈലിയോ ഇന്ദിരയുടെ കാര്‍ക്കശ്യമോ അല്ല, ശാന്തതയാണ് അവര്‍ക്കായുധം. പക്ഷേ, സ്വരം കടുപ്പിക്കേണ്ടിടത്ത് ശക്തമായ ഭാഷയില്‍തന്നെ മറുപടിയെത്തും ശത്രുവിനൊഴികെ മറ്റൊരാള്‍ക്കും വേദനിക്കില്ലെന്ന ഉറപ്പോടെ-  പ്രിയങ്കയിനി വയനാടിന്റെ പ്രിയങ്കരിയാണ്. കന്നിയങ്കത്തിലെ തകര്‍പ്പന്‍ വിജയം ദേശീയനേതാവിലേക്കുള്ള ആദ്യ ചവിട്ടുപടി കൂടിയാണ്. അതുകൊണ്ട് തന്നെയാണ് വയനാടിന് ദേശീയ ശ്രദ്ധ ഇത്രയധികം ലഭിച്ചതും.

യുഡിഎഫിന്റെ ഉറച്ചകോട്ടയായ വയനാട്ടില്‍ രാഹുലിന്റെ പിന്മാഗിയായി പ്രിയങ്കയെത്തിയപ്പോള്‍ മുതല്‍ വിജയത്തെ കുറിച്ചാരും ചിന്തിച്ചില്ല, അറിയാനുണ്ടായിരുന്നത് രണ്ടേ രണ്ട് കാര്യങ്ങള്‍... 4,31,770 എന്ന രാഹുലിന്റെ ചരിത്ര ഭൂരിപക്ഷം മറികടക്കുമോ? എത്ര വോട്ട് നേടും? റെക്കോര്‍ഡ് ഭേദിക്കാനായില്ലെങ്കിലും തൊട്ടടുത്ത് തന്നെ അവരുണ്ട്. 4,10,931 എന്ന മാജിക്കല്‍ നമ്പറുമായി. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷങ്ങളില്‍ രണ്ടാമത്തേത്. ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ രാഹുലിന് ഒപ്പമെത്താനായില്ലെങ്കിലും രാഹുലിനേക്കാള്‍ മികച്ച പ്രകടനം പ്രിയങ്ക കാഴ്ചവെച്ചുവെന്ന് തന്നെയാണ് കണക്കുകള്‍ പറയുന്നത്.

അഞ്ച് ലക്ഷം ഭൂരിപക്ഷത്തില്‍ പ്രിയങ്കയുടെ മിന്നുംവിജയമായിരുന്നു ആദ്യം കോണ്‍ഗ്രസിന്റെ ലക്ഷ്യം. രാഹുലിന്റെ റെക്കോര്ഡ് ഭൂരിപക്ഷവും കടന്നുള്ള വിജയം. എന്നാല്‍ വോട്ടിങിന് ശേഷം കഥമാറി. 64.72% എന്ന കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയതോടെ ഭൂരിപക്ഷം സംബന്ധിച്ച് വീണ്ടും ആശങ്കയുണര്‍ന്നു. കഴിഞ്ഞ തവണത്തേക്കാള്‍ 9.15 ശതമാനം കുറവായിരുന്നു പോളിങ്. പക്ഷേ ആ കുറവ് ഒരു കുറവായിരുന്നില്ലെന്ന് ഫലം തെളിയിച്ചു. വയനാട്ടുകാര്‍ ഒന്നടങ്കം പ്രിയങ്കയ്‌ക്കൊപ്പം നിന്നു. 2014ലെ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ ചലനം പോലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിക്ക് ഈ തവണ ഉണ്ടാക്കാനായില്ല. ബിജെപി സ്ഥാനാര്ഥി ചിത്രത്തിലേ ഉണ്ടായില്ല. മുന്‍ തിരഞ്ഞെടുപ്പില്‍ ആനിരാജയും സുരേന്ദ്രനും നേടിയതിനേക്കാള്‍ കുറവ്.

Inshort- Priyanka is the beloved figure of Wayanad. Her stunning victory in Kannianka is also the first step toward national leadership. This is why Wayanad has garnered so much national attention.

Content Highlights: Priyanka Gandhi`s Wayanad Win: A Historic Victory