MIG- 21 Farewell: പാകിസ്താനെ വിറപ്പിച്ച, F-16 നെ വെടിവെച്ചിട്ട കരുത്തൻ; മിഗ്-21 വിടപറയുമ്പോൾ

1965ലെയും 71ലെയും ഇന്ത്യ-പാക് യുദ്ധങ്ങൾ, 99ലെ കാർഗിൽ യുദ്ധം, 2019ലെ ബാലകോട്ട് ആക്രമണം, ഏറ്റവും ഒടുവിൽ ഓപ്പറേഷൻ സിന്ദൂർ... ഇങ്ങനെ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ പോർമുഖങ്ങളിൽ എല്ലാം ഇന്ത്യയുടെ കുന്തമുനയായിരുന്നു മിഗ് 21. ഒരുകാലത്ത് വ്യോമസേനയുടെ നട്ടെല്ലും പിൻകാലത്ത് പറക്കും ശവപ്പെട്ടി എന്നുവരെ പഴികേൾക്കേണ്ടി വന്ന യുദ്ധവിമാനം. ആറുപതിറ്റാണ്ടിലേറെ നീണ്ട സൈനിക സേവനത്തിന് ശേഷം ഇന്ത്യൻ വ്യോമസേനയോട് പൂർണമായും വിടപറയുകയാണ് മിഗ് 21. ചണ്ഡീഗഢിലെ വ്യോമതാവളത്തിൽ സെപ്റ്റംബറിൽ ആ പോരാളിക്ക് യാത്രയയപ്പ്‌ നൽകുന്നതോടെ വിരാമമാകുന്നത് ശത്രുക്കളിൽനിന്ന് രാജ്യത്തെ സംരക്ഷിച്ച ഒരുപിടി ഓർമകൾക്ക് കൂടിയാണ്. 

1960കൾ, മിഗ് 21 ലോകരാജ്യങ്ങൾക്കിടയിൽ വലിയ പേരെടുത്തിരുന്ന സമയം. അക്കാലത്താണ് ഇന്ത്യയും പുതിയൊരു യുദ്ധവിമാനം വാങ്ങാൻ തയ്യാറെടുക്കുന്നത്. അമേരിക്കൻ യു-2 നിരീക്ഷണ വിമാനത്തെ നേരിടാനുതകുന്ന ഫൈറ്റർ ജെറ്റായിരുന്നു ലക്ഷ്യം. അങ്ങനെയിരിക്കെ 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിനുശേഷം സൈനികശക്തി വർധിപ്പിക്കേണ്ടത് ഇന്ത്യയ്ക്ക് അനിവാര്യമായിവന്നു. അക്കാലത്ത് പാകിസ്താനിൽനിന്നുള്ള വർധിച്ച വെല്ലുവിളി നേരിടാനും എന്തിനുംപോന്നൊരു യുദ്ധവിമാനം വ്യോമസേനയ്ക്ക് അത്യാവശ്യമായിരുന്നു. അങ്ങനെയാണ് 1963 ഒക്ടോബറിൽ സോവിയറ്റ് യൂണിയനിൽനിന്ന് ഇന്ത്യ മിഗ് 21 യുദ്ധവിമാനങ്ങൾ വാങ്ങുന്നത്. 

കരാറിന്റെ ഭാഗമായി, സോവിയറ്റ് യൂണിയൻ സാങ്കേതികവിദ്യയുടെ പൂർണ കൈമാറ്റവും ഇന്ത്യയ്ക്ക് നൽകി. അന്നുമുതൽ നാളിന്നുവരെ ഏകദേശം 900 മിഗ് 21 വ്യോമസേനയുടെ ഭാഗമായി. ഇതിൽ 657 എണ്ണം ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ഇന്ത്യയിൽത്തന്നെ നിർമിച്ചവയാണ്. ഇതിൽ അവസാന ബാച്ചിലുള്ള 36 വിമാനങ്ങളാണ് അടുത്തമാസത്തോടെ എന്നെന്നേക്കുമായി നിലംതൊടുന്നത്. 

യുദ്ധമുഖത്തെ ഇന്ത്യയുടെ അഭിമാനം

സേവനകാലയളവിൽ പങ്കെടുത്ത യുദ്ധങ്ങളിലെല്ലാം മുൻപന്തിയിലുണ്ടായിരുന്ന മിഗ് 21 വ്യോമസേനയുടെ നട്ടെല്ലായിരുന്നു. 1965ലെ ഇന്ത്യ-പാകിസ്താൻ യുദ്ധ വേളയിൽ മിഗ് 21 വ്യോമസേനയുടെ ഭാഗമായിരുന്നെങ്കിലും അവ പോർമുഖത്ത് പരിമിതമായി മാത്രമാണ് ഉപയോഗിക്കപ്പെട്ടത്. പിന്നീട് നടന്ന 71-ലെ ഇന്ത്യ-പാക് യുദ്ധത്തിൽ മിഗ് 21 ആയിരുന്നു ഇന്ത്യയുടെ വജ്രായുധം. 99 കാർഗിൽ യുദ്ധത്തിലും മിഗ് 21 നിർണായക കരുത്തായി. ഇന്ത്യയിൽ കടന്നുകയറിയ പാക് അറ്റ്‌ലാന്റിക് വിമാനത്തെ അത് വെടിവെച്ചിട്ടു. 

പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള 2019-ലെ ബാലകോട്ട് ആക്രമണത്തിലും 2025ലെ ഓപ്പറേഷൻ സിന്ദൂറിലും മിഗ് 21 പങ്കാളിയായി. 2019 ഫെബ്രുവരി 27-ന് പാകിസ്താൻ പോർവിമാനങ്ങളെ തുരത്തുന്നതിനായി വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ഉപയോഗിച്ചതും മിഗ് 21 ആയിരുന്നു. അന്ന് പാകിസ്താന്റെ പോർവിമാനമായ സാങ്കേതികതയിൽ ഒരുപടി മുന്നിലുള്ള F-16യെ വെടിവെച്ചിട്ടതും മിഗ് 21 ആയിരുന്നു. 2010ഓടെ റഷ്യൻ നിർമിത സുഖോയ് വിമാനങ്ങൾ വന്നതോടെയാണ് മിഗ് 21 വ്യോമസേനയിൽനിന്ന് കളമൊഴിഞ്ഞ് തുടങ്ങിയത്. 

മിഗ് 21 പിറവി

1950കളിൽ അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള സംഘർഷങ്ങൾ കലുഷിതമായിരുന്ന കാലത്താണ് മിഗ് 21 യുദ്ധവിമാനത്തിന്റെ പിറവി. അമേരിക്കൻ ബോംബറായ ബോയിങ് ബി-52നെ നേരിടുകയായിരുന്നു പ്രധാനലക്ഷ്യം. മികോയാൻ ഗുരേവിച്ച് ഡിസൈൻ ബ്യൂറോയായിരുന്നു വിമാനത്തിന്റെ നിർമാതാവ്. അതിന്റെ ചുരുക്കെഴുത്തായാണ് വിമാനത്തിന് മിഗ് എന്നുപേരുവന്നത്. 

ഒരുകാലത്ത് സോവിയറ്റ് യൂണിയന്റെ സൈനിക ശക്തിയുടെ പ്രതീകമായാണ് മിഗ് 21 വിലയിരുത്തപ്പെട്ടത്. അക്കാലത്ത് സോവിയറ്റ് സേനയുടെ ഭാഗമായുണ്ടായിരുന്ന മിഗ് 21 വിമാനങ്ങളുടെ എണ്ണം നാറ്റോയുടെ എല്ലാ വ്യോമസേനകളുടേയും പോർവിമാനങ്ങളെക്കാൾ കൂടുതലായിരുന്നു. 1959 മുതൽ 11,496 മിഗ് 21 പോർവിമാനങ്ങൾ നിർമിക്കപ്പെട്ടു. പല കാലഘട്ടങ്ങളിലായി ഏകദേശം 60 രാജ്യങ്ങളുടെ വ്യോമാതിർത്തി കാത്തതിന്റെ പാരമ്പര്യവുമുണ്ട് മിഗ് 21-ന്.

ഒറ്റ എൻജിൻ യുദ്ധവിമാനമായ മിഗ്-21, ഒരു ചെറുവിമാനമാണ്. ഭാരം കുറഞ്ഞതും പെട്ടന്ന് ടേക്ക് ഓഫ് ചെയ്യാനും സാധിക്കുന്ന ഇതിന് പരമാവധി പറക്കൽ സമയം 30 മിനിറ്റാണ്. മുകളിലേക്ക് 20 കിലോമീറ്റർവരെ ഉയർന്ന് അരമണിക്കൂറിനുള്ളിൽ ബോംബിട്ട് തിരികെയെത്താൻ മാത്രം രൂപകല്പന ചെയ്തവയാണ് ഇവ. അതിവേഗത്തിൽ ശത്രുക്കളെ അക്രമിക്കാൻ കഴിയുന്ന മിഗ് 21ന് ചാരവിമാനങ്ങളെ വെടിവെച്ചിടലായിരുന്നു പ്രാഥമിക ദൗത്യം. പരമാവധി വേഗം മണിക്കൂറിൽ 2,230 കിലോ മീറ്ററാണ്. 90കൾക്ക് മുമ്പ് ഏറ്റവും തന്ത്രപരമായി കൈകാര്യം ചെയ്യാവുന്ന യുദ്ധവിമാനങ്ങളിൽ ഒന്നായിരുന്നു മിഗ്-21. വ്യോമയാനചരിത്രത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടതും ഇന്ത്യയിൽ കൂടുതൽകാലം സേവനത്തിലുണ്ടായിരുന്ന യുദ്ധവിമാനവും ഇതാണ്. 

പറക്കും ശവപ്പെട്ടി, വിധവകളാക്കുന്ന വിമാനം

വിജയങ്ങൾക്കൊപ്പം തന്നെ ദുരന്തങ്ങളുടെ ഒരുനീണ്ട കഥയും മിഗ് 21ന് പറയാനുണ്ട്. വിമാനം ഇന്ത്യയിലെത്തിയ 1963ൽ തന്നെ ആദ്യ അപകടമുണ്ടായി. രണ്ടുവിമാനങ്ങളാണ് ആ വർഷം തകർന്നത്. തുടർന്ന് മിഗിനെ കാത്തിരുന്നത് മുന്നൂറോളം അപകടങ്ങൾ. 60 വർഷത്തിനിടെ അഞ്ഞൂറിലേറെ തവണ മിഗ് വിമാനങ്ങൾ നിലംപൊത്തി. 171 പൈലറ്റുമാർക്കും 39 സാധാരണക്കാർക്കും യുദ്ധവിമാനം തകർന്നുവീണ് ജീവൻ നഷ്ടമായെന്ന് മുൻ പ്രതിരോധമന്ത്രി എ.കെ. ആന്റണി 2012-ൽ പാർലമെന്റിനെ അറിയിച്ചിരുന്നു. 

സൈനിക വ്യോമയാന മേഖലയിൽ അപകടങ്ങൾ പതിവാണെങ്കിലും ഇന്ത്യയുടെ ക്രാഷ് നിരക്ക് വളരെ ഉയർന്നതാണെന്നാണ് പല വിദഗ്ധരും ചൂണ്ടിക്കാണിച്ചിരുന്നത്. കാലഹരണപ്പെട്ട യുദ്ധവിമാനങ്ങൾ, മോശം അറ്റകുറ്റപ്പണികൾ, അപര്യാപ്തമായ പരിശീലനം എന്നിവയെല്ലാം ഇതിന് കാരണങ്ങളായി നിരത്തപ്പെട്ടു. മിഗ്-21ന്റെ കാര്യത്തിലേക്ക് വരുമ്പോൾ വിദഗ്ധർ ഉയർത്തിക്കാട്ടിയത് അവയുടെ പഴക്കം തന്നെയാണ്. തുടർച്ചയായി അപകടങ്ങൾ അവർത്തിച്ചതോടെ വിമർശകർ ഇതിന് 'പറക്കും ശവപ്പെട്ടി' എന്ന പരിഹാസപ്പേരുമിട്ടു. 'വിധവകളാക്കുന്ന വിമാനം' എന്നതായിരുന്നു കളിയാക്കി വിളിച്ച മറ്റാരു പേര്. 

മിഗ് 21 അരങ്ങൊഴിയുമ്പോൾ ആശങ്ക

1985-ൽ ഈ പോർവിമാനത്തിന്റെ നിർമാണം റഷ്യ നിർത്തിയിരുന്നു. തൊട്ടുപിന്നാലെ ബംഗ്ലാദേശും അഫ്ഗാനിസ്താനും മിഗ് വിമാനങ്ങളെ കൈയൊഴിഞ്ഞു. 90-കളോടെ മറ്റ് പലരാജ്യങ്ങളും ഇവ ഉപേക്ഷിച്ചുതുടങ്ങി. തൊണ്ണൂറുകളുടെ മധ്യത്തോടെ മിഗ്-21 വിമാനങ്ങൾ പൂർണമായും ഉപേക്ഷിക്കാനായിരുന്നു ഇന്ത്യയുടെയും പദ്ധതി. എന്നാൽ, മറ്റ് വിമാനങ്ങൾ സേനയിൽ എത്തിക്കുന്നതിൽ കാലതാമസം വന്നതോടെ ഇവ തന്നെ ഉപയോഗിക്കാൻ ഇന്ത്യ നിർബന്ധിതമായി. റഷ്യ ഇവയുടെ നിർമാണം അവസാനിപ്പിച്ചിട്ടും ഇന്ത്യ സാങ്കേതികവിദ്യ നവീകരിച്ച് ഉപയോഗിക്കുകയായിരുന്നു. എന്നാൽ അപകടങ്ങൾ വർധിക്കുകയും വിമർശനമേറുകയും ചെയ്തതോടെ ഘട്ടംഘട്ടമായി ഇവയുടെ ഉപയോഗം വ്യോമസേന കുറച്ചുവന്നു. 

ഏറ്റവും കൂടുതൽ കാലം വ്യോമസേനയ്ക്ക് വേണ്ടി സേവനം അനുഷ്ഠിച്ച ഈ യുദ്ധവിമാനങ്ങൾ വിടപറയുമ്പോൾ പകരമെന്തെന്ന ആശങ്കയും ഉയരുന്നുണ്ട്. മിഗ് 21 സ്‌ക്വാഡ്രൺ ഇല്ലാതാകുമ്പോൾ വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ കരുത്ത് കുറഞ്ഞ നിലയിലാകും. 29 സ്‌ക്വാഡ്രൺ. 42 ഫൈറ്റർ സ്‌ക്വാഡ്രണുകൾ വരെ പ്രവർത്തിപ്പിക്കാൻ വ്യോമസേനയ്ക്ക് അനുമതിയുണ്ട്. പ്രവർത്തിക്കുന്നതാകട്ടെ 31 എണ്ണവും. മിഗ് വിടവാങ്ങുന്നതോടെ ഇത് 29 ആയി ചുരുങ്ങും. 16 മുതൽ 18 യുദ്ധവിമാനങ്ങൾ ഉൾപ്പെടുന്നതാണ് ഓരോ സ്‌ക്വാഡ്രണും. 

ഇതോടെ ഇന്ത്യൻ സ്‌ക്വാഡ്രണുകളുടെ എണ്ണം പാകിസ്താനുമായി വലിയ വ്യത്യാസമില്ലാത്ത തലത്തിലേക്ക് എത്തും. ചൈനയുമായുള്ള അകലം വർധിപ്പിക്കുകയും ചെയ്യും. പാകിസ്താന് 25 സ്‌ക്വാഡ്രണാണുള്ളത്്. ചൈനയുടേത് 66 എണ്ണവും. ഇന്ത്യയ്ക്ക് 522 യുദ്ധവിമാനങ്ങളും പാകിസ്താന് 450 വിമാനവും ചൈനയ്ക്ക് 1200 വിമാനങ്ങളുമാണുള്ളത്. 

മിഗിന് പകരക്കാരനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് പോർവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ഇവയുടെ നിർമാണത്തിന് ഒട്ടും വേഗമില്ലെന്നതാണ് പ്രധാന പ്രശ്നം. ഹിന്ദുസ്ഥാൻ എയറോനോടിക്‌സ് ലിമിറ്റഡാണ് തേജസ് നിർമിക്കുന്നത്. ഈ സാമ്പത്തിക വർഷത്തിൽ 12 തേജസ് വിമാനങ്ങൾ നൽകാനാവുമെന്നാണ് എച്ച്എഎൽ പറയുന്നത്. എന്നാൽ 2010ൽ ഓർഡർ ചെയ്ത 40 തേജസ് മാർക്ക് 1 വിമാനങ്ങളുടെ വിതരണം പോലും ഇനിയും പൂർത്തിയാക്കിയിട്ടില്ല. പുതിയ യുദ്ധവിമാനങ്ങൾ എത്തുന്നതിലെ കാലതാമസം ആകാശത്ത് ഇന്ത്യൻ മേധാവിത്വത്തിനും വെല്ലുവിളിയാകും. അതിനാൽ മിഗ് കളമൊഴിയുമ്പോൾ തേജസ് പോർവിമാനങ്ങളുടെ നിർമാണവേഗവും കൂടേണ്ടിയിരിക്കുന്നു.

മിഗ് വിമാനങ്ങൾ ഒഴിവാകുന്ന സാഹചര്യത്തിൽ 97 തേജസ് വിമാനങ്ങൾ കൂടി നിർമിക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി എച്ച്എഎല്ലുമായി 62000 കോടിയുടെ കരാറിന് പ്രതിരോധന മന്ത്രാലയം അടുത്തിടെ അംഗീകാരം നൽകിയിരുന്നു. തീരുവ വിഷയത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ ചില പ്രശ്‌നങ്ങൾ ഉടലെടുത്തെങ്കിലും അമേരിക്കയിൽനിന്ന് തേജസിന് ആവശ്യമായ 113 എൻജിനുകൾ വാങ്ങാൻ 100 കോടി ഡോളറിന്റെ കരാർ അടുത്തമാസം ഒപ്പിട്ടേക്കും. എന്നാൽ പുതിയ കരാർ പ്രകാരമുള്ള 97 തേജസ് വിമാനങ്ങൾ 2034ഓടെ മാത്രമേ വ്യോമസേനയുടെ ഭാഗമാവുകയുള്ളു. ഇതിന് മുമ്പ് ഓർഡർ കൊടുത്ത 83 തേജസ് വിമാനങ്ങൾ 2030നുള്ളിലും ലഭ്യമാകും. 

Content Highlights: After 6 decades of service MiG-21 fighter jet retires from the Indian Air Force