ഇറാൻ -ഇസ്രയേൽ സംഘർഷത്തിൽ അമേരിക്കയ്ക്കും ട്രംപിനും എന്ത് കാര്യം | Explained

പശ്ചിമേഷ്യ എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലെത്തുക ഇപ്പോൾ ഇറാൻ - ഇസ്രയേൽ സംഘർഷമാണ്. രണ്ട് രാജ്യങ്ങൾക്കിടയിൽ ഇടക്കിടെ ഉണ്ടായ ഭിന്നതയും സംഘർഷവും എത്തിനിൽക്കുന്നത് യുദ്ധത്തിലാണ്‌. ഒരിക്കൽ പരസ്പരം കൈകൊടുത്ത് വളർന്നും വളർത്തിയും കൂടെനിന്ന രാജ്യങ്ങളാണ് ഇന്ന് യുദ്ധമുഖത്ത് പോരടിക്കുന്നത്. ചോരക്കറ പുരണ്ട ആ ചരിത്രം പറയുമ്പോൾ സുന്നി-ഷിയ തർക്കങ്ങളെക്കുറിച്ച് പറയണം അതിനിടെ ഉണ്ടായ തർക്കങ്ങളെ കുറിച്ചും അമേരിക്കൻ ഇടപെടലുകളെക്കുറിച്ച് പറയണം. ഹൂതികളെക്കുറിച്ചും ഹിസ്ബുള്ളയെക്കുറിച്ചും പറയണം. ഗൾഫ് രാജ്യങ്ങളെക്കുറിച്ചും അറബ് വിപ്ലവത്തെക്കുറിച്ച് പറയണം.

ഷാ ഭരണകൂടവും ഇസ്രയേലും

1948-ൽ ഇസ്രയേൽ രൂപീകൃതമായപ്പോൾ ഭൂരിഭാഗം മുസ്ലിം രാജ്യങ്ങളും അതിനെ എതിർത്തപ്പോഴും ഇറാനും ഇറാൻ ഭരിച്ചിരുന്ന മുഹമ്മദ് റെസ ഷാ പഹ്ലവി വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. അറബ് രാജ്യങ്ങളുമായുള്ള തർക്കങ്ങൾ കാരണം ഇറാനും ഇസ്രയേലും സ്വാഭാവികമായും സഖ്യകക്ഷികളായി. ശത്രുവിന്റെ ശത്രു മിത്രമെന്നാണല്ലോ. ഇസ്രയേലിന് ആവശ്യമായ എണ്ണയുടെ സിംഹഭാഗവും നൽകിയിരുന്നത് അന്ന് ഇറാനായിരുന്നു. പകരം ഇസ്രയേൽ ഇറാന് അത്യാധുനിക ആയുധങ്ങളും കാർഷിക സാങ്കേതികവിദ്യയും നൽകി. ഇസ്രയേലിന്റെ വിഖ്യാത ചാരസംഘടനയായ 'മൊസാദ്' ആണ് ഇറാന്റെ അന്നത്തെ രഹസ്യപ്പൊലീസായ 'സാവക്കിന്' പരിശീലനം നൽകിയത് എന്നത് ഇന്നും ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസങ്ങളിലൊന്നാണ്

1979: ചരിത്രത്തെ മാറ്റിമറിച്ച വിപ്ലവം

ഇറാൻ -ഇസ്രയേൽ സുഹൃദ്ബന്ധത്തിന്റെ അന്ത്യം കുറിച്ചത് 1979-ലെ ഇസ്ലാമിക വിപ്ലവമാണ്. രാജഭരണം തൂത്തെറിയപ്പെടുകയും ആയത്തുള്ള ഖൊമേനിയുടെ നേതൃത്വത്തിൽ ഇറാൻ ഒരു ഇസ്ലാമിക റിപ്പബ്ലിക്കായി മാറുകയും ചെയ്തു. വിപ്ലവാനന്തര ഇറാൻ തങ്ങളുടെ വിദേശനയം പൂർണ്ണമായും ഉടച്ചുവാർത്തു. ഇസ്രയേലിനെ അവർ ഒരു രാജ്യമായി അംഗീകരിക്കാൻ വിസമ്മതിച്ചു. ഇസ്രയേലിന്റെ പ്രധാന വിമർശകരിലൊരാളായിരുന്നു ഖൊമേനി. ഇസ്രയേലുമായി എല്ലാതരത്തിലുമുള്ള ബന്ധം അവസാനിപ്പിച്ച അദ്ദേഹം ഇസ്രയേലിനെ ഇനി രാഷ്ട്രമായി അംഗീകരിക്കില്ലെന്ന് കൂടി പ്രഖ്യാപിച്ചു. നയതന്ത്ര കാര്യാലയം അടച്ചുപൂട്ടുന്നതിലേക്കും യാത്രാവിലക്കേർപ്പെടുത്തുന്നതിലേക്കും വരെയെത്തി കാര്യങ്ങൾ. ഇറാന്റെ ഈ ശത്രുതാ നിലപാട് 1948ൽ സ്ഥാപിതമായതു മുതൽ ശത്രുക്കളാൽ ചുറ്റപ്പെട്ട ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്കജനിപ്പിക്കുന്നതുമായിരുന്നു. എന്നാൽ 1980-88 വരെ നടന്ന ഇറാൻ -ഇറാഖ് യുദ്ധത്തിൽ ഇറാൻ ഇസ്രയേലിന്റെ സഹായമാണ് തേടിയത്. വിരോധങ്ങൾക്കിടയിലും പരിമിതവും രഹസ്യസ്വഭാവമുള്ള ആയുധ-ഇന്റലിജൻസ് സഹകരണം ചില ഘട്ടങ്ങളിൽ തുടർന്നുപോന്നു. ഇസ്രയേലും പാശ്ചാത്യ രാജ്യങ്ങളും ഭീകര സംഘടനകളായി പ്രഖ്യപിച്ച ലെബനനിലെ ഹിസ്ബുള്ള, ഗാസയിലെ ഹമാസ് തുടങ്ങിയ തീവ്ര വിഭാഗങ്ങൾക്ക് ഇറാൻ സഹായമെത്തിച്ചു നൽകിയത് ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്ത്തി. ഗാസ അതിർത്തിയിലും സിറിയയിലെ പലയിടങ്ങളിലും ആക്രമണങ്ങൾ തുടർക്കഥയായി. സിറിയയിലും തീവ്ര വിഭാഗങ്ങൾക്ക് സഹായമെത്തിച്ചു നൽകുന്നതിൽ ഇറാന് പങ്കുണ്ടായിരുന്നു.ഇസ്രയേലിനെ 'ചെറിയ സാത്താൻ'എന്നും അതിന്റെ രക്ഷാധികാരിയായ അമേരിക്കയെ 'വലിയ സാത്താൻ' എന്നും ഇറാൻ ഭരണകൂടം മുദ്രകുത്തി. പാലസ്തീൻ വിമോചനം തങ്ങളുടെ ധാർമ്മിക ഉത്തരവാദിത്തമായി ഇറാൻ പ്രഖ്യാപിച്ചതോടെ ഈ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ശത്രുത പരസ്യമായി.

ഷിയ - സുന്നി പോര്: മതത്തിനപ്പുറത്തെ രാഷ്ട്രീയം

ഇറാൻ - ഇസ്രയേൽ തർക്കത്തെ പലപ്പോഴും സുന്നി-ഷിയാ സംഘർഷങ്ങളുമായി കൂട്ടിക്കെട്ടാറുണ്ട്. വാസ്തവത്തിൽ മിഡിൽ ഈസ്റ്റിലെ അധികാര കേന്ദ്രം ആര് എന്ന വടംവലി വേറെ തന്നെയാണ്. ഷിയാ ഭൂരിപക്ഷമുള്ള ഇറാൻ തങ്ങളുടെ ആശയങ്ങൾ വ്യാപിപ്പിക്കാൻ ശ്രമിക്കുന്നത് സൗദി അറേബ്യയെയും യുഎഇയെയും ഭയപ്പെടുത്തി. ഈ സാഹചര്യം ഇസ്രയേൽ ബുദ്ധിപരമായി ഉപയോഗിച്ചു. ഇറാന്റെ ഭീഷണിയെ ചെറുക്കാൻ 'അബ്രഹാം കരാർ' വഴി പല അറബ് രാജ്യങ്ങളും ഇസ്രയേലുമായി അടുക്കാൻ തുടങ്ങി. 2020 സെപ്റ്റംബറിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ഒപ്പിട്ട ചരിത്രപരമായ കരാറാണ് അബ്രഹാം കരാർ. ഇതോടെ ഇറാൻ കൂടുതൽ ഒറ്റപ്പെടുകയും തങ്ങളുടെ പ്രതിരോധത്തിനായി സായുധ ഗ്രൂപ്പുകളെ വളർത്താൻ തുടങ്ങുകയും ചെയ്തു. ശത്രുക്കളെ സ്വന്തം അതിർത്തിയിൽ എത്തുന്നതിന് മുമ്പ് തന്നെ തടയുക എന്ന 'ഫോർവേഡ് ഡിഫൻസ്' (Forward Defence) എന്ന തന്ത്രമാണ് ഇറാൻ സ്വീകരിക്കുന്നത്. ഇതിനായി ഇറാൻ രൂപീകരിച്ച സഖ്യമാണ് 'ആക്സിസ് ഓഫ് റെസിസ്റ്റൻസ്' (Axis of Resistance). ഇറാൻ നേരിട്ട് യുദ്ധം ചെയ്യുന്നതിന് പകരം പണം, ആയുധങ്ങൾ, പരിശീലനം എന്നിവ നൽകി വളർത്തുന്ന ഗ്രൂപ്പുകളാണ് ഇവയിൽ പ്രധാനം. ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സിന്റെ (IRGC) ഭാഗമായ 'ഖുദ്‌സ് ഫോഴ്‌സ്' ആണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിസ്ബുള്ള (Hezbollah), യെമനിലെ ഹൂതികൾ (Houthis), പലസ്തീൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സുന്നി ഗ്രൂപ്പ് ഹമാസ്. നേരിട്ടുള്ള അറ്റാക്കിന് പകരം ഇത്തരം സായുധഗ്രൂപ്പുകളെ മുന്നിൽ നിർത്തിയുള്ള ഇറാന്റെ പ്രകോപനങ്ങളെയാണ് 'പ്രോക്‌സി വാർ' എന്ന് വിളിക്കുന്നത്. ഇറാന്റെ ഈ മൂന്ന് H വലയത്തെയും മറ്റ് ഗ്രൂപ്പുകളേയും ഒരുമിച്ച് വിളിക്കുന്ന പേരാണ് 'ആക്‌സിസ് ഓഫ് റെസിസ്റ്റൻസ്' എന്ന് വിളിക്കുന്നത്.

അമേരിക്ക- റഷ്യ: ആഗോള ശക്തികളുടെ വരവ്

ഇസ്രയേലിന്റെ ഏറ്റവും വലിയ സുരക്ഷാ പങ്കാളിയാണ് അമേരിക്ക. അമേരിക്കയുടെ അന്താരാഷ്ട്ര നയത്തിന്റെ അഭിമാന പ്രശ്‌നമാണ് ഇസ്രയേലിന്റെ സുരക്ഷ. അത്യാധുനിക യുദ്ധവിമാനങ്ങളും മിസൈൽ പ്രതിരോധ സംവിധാനങ്ങളുമടക്കം സർവ സൈനിക സന്നാഹങ്ങളും ഇസ്രയേലിന് നൽകുന്നത് അമേരിക്കയാണ്.
2018-ൽ ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് അമേരിക്ക പിന്മാറിയതും, 2020-ൽ ഇറാന്റെ പ്രധാന കമാൻഡർ ഖാസിം സുലൈമാനിയെ വധിച്ചതും അമേരിക്ക -ഇറാൻ ബന്ധം കൂടുതൽ വഷളാക്കി. സുലൈമാനിയുടെ വധത്തിന് പ്രതികാരമായി ഇറാൻ അന്ന് അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ ആക്രമണവും നടത്തിയിരുന്നു. ഇത്തവണയും ഗൾഫ് നാടുകളിലെ അമേരിക്കൻ സൈനിക താവളങ്ങളാണ് ഇറാൻ ലക്ഷ്യം വച്ചത്. ഇറാന്റെ ആണവായുധ മോഹങ്ങളെ തടയുക, മിഡിൽ ഈസ്റ്റിൽ ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഇവരുടെ പൊതുവായ താൽപ്പര്യം.

ഇസ്രയേലിനൊപ്പം അമേരിക്ക നിൽക്കുമ്പോൾ സ്വാഭാവികമായും മറുവശം റഷ്യയോട് കൈകോർക്കുമല്ലോ. അമേരിക്കൻ വിരുദ്ധത, സൈനിക-വ്യാപാര സഹകരണം, എണ്ണ വ്യാപാരം തുടങ്ങി മിക്ക മേഖലയിലും ഇറാൻ -റഷ്യ കൂട്ടുകെട്ട് കാണാം.ഉക്രെയ്ൻ യുദ്ധത്തിൽ ഇറാൻ ഡ്രോണുകൾ നൽകി റഷ്യയെ സഹായിച്ചു. പകരമായി ഇറാനു അത്യാധുനിക ആയുധങ്ങളും ഐക്യരാഷ്ട്രസഭയിൽ രാഷ്ട്രീയ സംരക്ഷണവും റഷ്യ നൽകുന്നു.

ഇറാൻ -ഇസ്രയേൽ പ്രശ്നത്തിൽ ഗൾഫ് രാജ്യൾക്കെന്ത് കാര്യം

ഇറാൻ ഒരു ഷിയാ രാജ്യമാണ്. എന്നാൽ ഗൾഫ് രാഷ്ട്രങ്ങൾ മറുപക്ഷത്തും. പശ്ചിമേഷ്യ ആര് ഭരിക്കണം എന്ന തർക്കം ദീർഘകാലമായി ഇവർക്കിടയിലുണ്ട്. ഇസ്രയേലിനെക്കാൾ ഉപരി ഇറാന്റെ ഈ സ്വാധീനത്തെ പല അറബ് രാജ്യങ്ങളും ഭയക്കുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും ഇസ്രയേലിന്റെ ശത്രുവായ ഇറാന്റെ നീക്കങ്ങളെ തടയാൻ സുന്നി രാജ്യങ്ങൾ പരോക്ഷമായി ഇസ്രയേലിനൊപ്പം നിൽക്കാറുണ്ട്.

ഇറാനും ഇസ്രയേലും തമ്മിലുള്ള തർക്കത്തിൽ ഗൾഫ് രാജ്യങ്ങൾ പലപ്പോഴും ലക്ഷ്യം വെക്കപ്പെടാറുണ്ട്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ഒട്ടുമിക്ക ഗൾഫ് രാജ്യങ്ങളിലും അമേരിക്കൻ സൈനിക താവളങ്ങളുണ്ട്. രണ്ട്, ലോകത്തിന്റെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്ന എണ്ണപ്പാടങ്ങൾ ഇവിടെയാണ്. ഒരു വലിയ യുദ്ധം ഉണ്ടായാൽ അത് ഗൾഫിലെ തൊഴിൽ മേഖലയെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കും. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് അതീവ ഗുരുതരമാണ്. ലക്ഷക്കണക്കിന് മലയാളികൾ ഗൾഫിൽ ജോലി ചെയ്യുന്നു. അവിടുത്തെ ചെറിയൊരു അസ്ഥിരത പോലും കേരളത്തിലെ ആയിരക്കണക്കിന് വീടുകളെ ബാധിക്കും.

2023ന് ശേഷം ഇറാൻ- ഇസ്രയേൽ സംഘർഷങ്ങൾ രൂക്ഷമാണ്. യുദ്ധത്തിന്റെ വക്കിലെത്തിയ പുതിയ സാഹചര്യം ലോകത്തെയാകെ ബാധിച്ചിട്ടുണ്ട്. മുൻപ് ഒളിഞ്ഞും തെളിഞ്ഞും, പ്രോക്സി വാറുമൊക്കെ ആയിരുന്നെങ്കിൽ ഇന്ന് നേരിട്ടാണ് ആക്രമണവും പ്രത്യാക്രമണങ്ങളും. ഖമനേയി വധിക്കപ്പെട്ടതോടെ ഇറാൻ പ്രത്യാക്രമണം കടുപ്പിച്ചതും സംഘർഷം രൂക്ഷമാക്കി. ഒരു കാലത്ത് സൗഹൃദത്തിലായിരുന്ന രണ്ട് രാജ്യങ്ങളാണ് ഇന്ന് പരസ്പരം ലോകഭൂപടത്തിൽ നിന്ന് തുടച്ചുനീക്കാൻ നോക്കുന്നത്. ഇടയിൽ വൻശക്തികൾ ആയുധം വിറ്റു ലാഭവുമുണ്ടാക്കുന്നു. ഇതിനിടയിൽ പെട്ടുപോകുന്നത് സാധാരണക്കാരായ ജനങ്ങളും ലോകത്തിന്റെ സാമ്പത്തിക ഭദ്രതയുമാണ്.

Content Highlights: Evolution of Iran-Israel relations from cooperation to open hostility.The Explosive History of the Iran-Israel Standoff Explained