BRAHMOS EXPLAINED | ഇന്ത്യയുടെ വജ്രായുധം, കര-കടല്‍-ആകാശം എവിടെനിന്നും തൊടുക്കാം | Video
കരയില്‍ നിന്നും വിമാനങ്ങളില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ഒരുപോലെ തൊടുക്കാവുന്ന സൂപ്പര്‍ സോണിക്ക് ക്രൂയിസ് മിസൈല്‍. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താനെ വിറപ്പിച്ച ഇന്ത്യയുടെ വജ്രായുധം- ബ്രഹ്‌മോസ്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ബ്രഹ്‌മോസ് ക്രൂയിസ് മിസൈലില്‍ താല്‍പര്യമറിയിച്ച് നിരവധി രാജ്യങ്ങളാണ് ഇന്ത്യയെ സമീപിച്ചത്. ബ്രഹ്‌മോസ് വാങ്ങുന്നതിനായി 2022ല്‍ തന്നെ ഇന്ത്യയുമായി കരാറുണ്ടാക്കിയ ഫിലിപ്പീന്‍സ് മുതല്‍ ബ്രസീലും സിംഗപ്പൂരും വിയറ്റ്നാമും ഇന്തോനേഷ്യയും വരെ ഇക്കൂട്ടത്തിലുണ്ട്.
എന്താണ് ബ്രഹ്‌മോസ് മിസൈല്‍? പ്രതിരോധരംഗത്തെ തിളക്കമുള്ള പേരായി ബ്രഹ്‌മോസ് മാറിയത് എങ്ങനെയാണ്?
അതിവേഗത്തില്‍ കുതിക്കുന്ന, വലിയ പേലോഡ് വഹിക്കാന്‍ കഴിയുന്ന, ലക്ഷ്യസ്ഥാനം അണുവിട തെറ്റാത്ത ഒരു മിസൈല്‍ എന്ന ആശയത്തില്‍ നിന്നാണ് ബ്രഹ്‌മോസിന്റെ പിറവി. പറഞ്ഞതുപോലെ ഭൂമി, കടല്‍, ആകാശം, അന്തര്‍വാഹിനികള്‍ തുടങ്ങി എവിടെ നിന്നും വിക്ഷേപിക്കാവുന്ന ഇന്ന് ലോകത്തിലെ ഏറ്റവും കൃത്യതയുള്ളതും വേഗതയേറിയതുമായ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്‌മോസ്.
പ്രധാനമായും രണ്ട് തരത്തിലാണ് മിസൈലുകള്‍. ബാലിസ്റ്റിക് മിസ്സൈലുകളും ക്രൂയിസ് മിസൈലുകളും. ബാലിസ്റ്റിക്കിന് വിപരീതമായി സ്വന്തം നാവിഗേഷന്‍ സിസ്റ്റത്തിന്റെ സഹായത്തോടെ സഞ്ചാരപാതയുടെ ഭൂരിഭാഗവും ഒരേ വേഗതയില്‍ സഞ്ചരിക്കുന്ന ഗൈഡഡ് മിസൈലുകളാണ് ബ്രഹ്‌മോസ്. റഡാറുകളുടെ കണ്ണുവെട്ടിച്ച് ഭൂമിയില്‍നിന്ന് വെറും പത്ത് മീറ്റര്‍ മാത്രം ഉയരത്തിലും 15 കി.മീ വരെയും പറക്കാന്‍ ബ്രഹ്‌മോസിനാവും. ഈ രണ്ട് തരം മിസൈലുകളും ഇന്ത്യന്‍ ആയുധശേഖരത്തില്‍ പരസ്പര പൂരകങ്ങളായാണ് വര്‍ത്തിക്കുന്നത്. ക്രൂയിസ് മിസൈലുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് റഷ്യയുടെ സഹകരണത്തോടെ ഇന്ത്യ നിര്‍മിച്ച ബ്രഹ്‌മോസ്
ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡിവലെപ്‌മെന്റ് ഓര്‍ഗനൈസേഷനും റഷ്യന്‍ ഫെഡറേഷന്റെ എന്‍പിഒ മഷിനോസ്ട്രീനിയയും ചേര്‍ന്ന് 1998ല്‍ ഡല്‍ഹി ആസ്ഥാനമായി രൂപീകരിച്ച ബ്രഹ്‌മോസ് എയറോസ്പേസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ബ്രഹ്‌മോസ് മിസൈല്‍ നിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. റഷ്യയുടെ തന്നെ യൂക്കോസ് എന്ന മിസൈലിനെ ആധാരമാക്കി ആണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യക്ക് 50.5 ശതമാനവും റഷ്യക്ക് 49.5 ശതമാനവുമായിരുന്നു ഓഹരി പങ്കാളിത്തം.
ഇന്ത്യയിലെ ബ്രഹ്‌മപുത്ര നദിയെയും റഷ്യയിലെ മോസ്‌ക്വാ നദിയെയും സമന്വയിപ്പിച്ചാണ് ബ്രഹ്‌മോസ് എന്ന പേരുണ്ടായത്. ഇന്ത്യയുടെ മിസൈല്‍മാന്‍ ഡോ.എ.പി.ജെ അബ്ദുള്‍ കലാമായിരുന്നു ആ പേര് നിര്‍ദേശിച്ചത്. കലാമാണ് ബ്രഹ്‌മോസ് ആശയത്തിന് പിന്നിലെങ്കിലും ബ്രഹ്‌മോസിന്റെ പിതാവായി കണക്കാക്കുന്നത് നാഗര്‍കോവില്‍ സ്വദേശിയും ബ്രഹ്‌മോസ് കോര്‍പറേഷന്റെ ആദ്യ സിഇഒയും ഡിആര്‍ഡിഒയുടെ മുന്‍ ചീഫ് കണ്‍ട്രോളറുമായ ഡോ.എ ശിവതാണുപിള്ളയാണ്. മിസൈലിന്റെ നിലവിലുള്ള മിക്ക പതിപ്പുകളും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് വികസിപ്പിച്ചത്.
നാല് പ്രത്യേകതകളാണ് ബ്രഹ്‌മോസിനെ വ്യത്യസ്തമാക്കുന്നത്.
1. വേഗത
അമേരിക്കയുടെ പക്കലുള്ള ക്രൂയിസ് മിസൈലുകളേക്കാള്‍ മൂന്ന് മടങ്ങ് വേഗവും ഒന്‍പത് മടങ്ങ് കൈനറ്റിക് എനര്‍ജിയുമുള്ളതാണ് നമ്മുടെ ബ്രഹ്‌മോസ.് ശത്രുവിന് ചിന്തിക്കാന്‍ പോലും സമയം ലഭിക്കുന്നതിന് മുന്‍പേ പ്രഹരമേല്‍പിക്കും. മാക് 2.8നും 3നും ഇടയിലാണ് വേഗം. ശബ്ദത്തിന്റെ വേഗതയുമായി താരതമ്യപ്പെടുത്തി ഒരു വസ്തുവിന്റെ വേഗതയെ സൂചിപ്പിക്കുന്നതാണ് മാക് യൂണിറ്റ്. മാക് വണ്‍ ആണ് ശബ്ദത്തിന്റെ വേഗം. മാക് 2 എന്നാല്‍ ശബ്ദത്തേക്കാള്‍ രണ്ടിരട്ടി വേഗമാണ്. ചുരുക്കി പറഞ്ഞാല്‍ ശബ്ദത്തേക്കാള്‍ മൂന്ന് മടങ്ങ് വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈലാണ് ബ്രഹ്‌മോസ്.
2. കൃത്യത
ലക്ഷ്യത്തിന്റെ കൃത്യതയിലും ശക്തിയിലും ബ്രഹ്‌മോസിനെ വെല്ലാന്‍ മറ്റൊരു ക്രൂയിസ് മിസൈല്‍ ലോകത്തില്ല. ഫയര്‍ ആന്‍ഡ് ഫോര്‍ഗെറ്റ് എന്നാണ് ബ്രഹ്‌മോസിന്റെ വിശേഷണം തന്നെ. അതായത് അയച്ച് കഴിഞ്ഞാല്‍ അതേപറ്റി ആലോചിക്കണ്ട. മറ്റ് നിര്‍ദേശങ്ങളോ നിയന്ത്രണമോ ഇല്ലാതെ കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തിയിരിക്കും. എത്ര ചെറിയ ലക്ഷ്യമായാലും ചലിക്കുന്നതായാലും കൃത്യമായി എത്തിച്ചേരും. എത്ര വലിയ ലക്ഷ്യമായാലും പൂര്‍ണമായി തകര്‍ക്കാനും ബ്രഹ്‌മോസിന് കഴിയും.
3. പല പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗം
കപ്പല്‍, അന്തര്‍വാഹിനികള്‍, ഭൂപ്രദേശങ്ങള്‍, യുദ്ധവിമാനങ്ങള്‍ തുടങ്ങി എവിടെ നിന്നും ഏത് കാലാവസ്ഥയിലും ബ്രഹ്‌മോസ് തൊടുക്കാന്‍ കഴിയും.
4. സ്റ്റെല്‍ത്ത് & മാനുവറബിലിറ്റി
വളരെ താഴ്ന്ന് സഞ്ചരിക്കാനുള്ള കഴിവും പ്രത്യേകതരം രൂപകല്‍പനയും ശത്രുവിന്റെ റഡാറില്‍ പെടാതെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ബ്രഹ്‌മോസിനെ സഹായിക്കുന്നു
2001ലാണ് ബ്രഹ്‌മോസ് പരീക്ഷണം വിജയകരമായി നടന്നത്. ലോകത്തിലെ ആദ്യത്തെ സൂപ്പര്‍സോണിക് ക്രൂയിസ് പരീക്ഷണമായിരുന്നു അത്. ജൂണ്‍ 12-ന്, ഒഡിഷയിലെ ചാന്ദിപ്പൂര്‍ തീരത്തിന് സമീപമുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ ലോഞ്ചറില്‍നിന്ന് വിജയകരമായി പരീക്ഷിച്ചു. തുടക്കത്തില്‍ കപ്പലില്‍ നിന്ന് കപ്പലിലേക്ക് തൊടുക്കുന്ന മാതൃകയിലായിരുന്നു പുറത്തിറക്കിയതെങ്കിലും പിന്നീട് കരയില്‍നിന്നും അന്തര്‍വാഹിനിയില്‍നിന്നും വിമാനത്തില്‍ നിന്നും തൊടുക്കാവുന്ന തരത്തിലേക്ക് ബ്രഹ്‌മോസിനെ വികസിപ്പിച്ചു. 2005 മുതല്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി. 2007 മുതല്‍ ബ്രഹ്‌മോസ് കരസേനയുടെ ഭാഗമായി. സുഖോയ് 30 ഫൈറ്റര്‍ ജെറ്റുകളിലാണ് ബ്രഹ്‌മോസ് ഘടിപ്പിച്ചത്. 2017 മുതല്‍ വ്യോമസേനയ്‌ക്കൊപ്പവും ബ്രഹ്‌മോസുണ്ട്.
200 മുതല്‍ 300 കിഗ്രാം വരെ ഭാരമുള്ള ബ്രഹ്‌മോസിന്റെ പോര്‍മുനയ്ക്ക് അതീവസുരക്ഷയുള്ള സ്ഥലങ്ങളില്‍ പോലും കടന്നുകയറാനും നാശംവിതക്കാനും സാധിക്കും. 290 കിലോമീറ്ററായിരുന്നു ആദ്യ പരീക്ഷണസമയത്ത് ബ്രഹ്‌മോസിന്റെ ദൂരപരിധി. എന്നാല്‍ മിസൈലിന്റെ വിപുലീകരിച്ച പതിപ്പുകളില്‍ ഇത് 350 മുതല്‍ 400 കിലോമീറ്റര്‍ വരെയാണ്. ഭാവിയില്‍ ഇത് 600 കിലോമീറ്റര്‍ വരെ ലക്ഷ്യമിടുന്നു. എട്ടു മീറ്ററിലേറെ നീളമുള്ള ബ്രഹ്‌മോസിന്റെ ഭാരം 3000 കിലോഗ്രാമാണ്.
ഇന്ത്യന്‍ പ്രതിരോധനിര ബ്രഹ്‌മോസിന്റെ നിരവധി പതിപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്
1. കരയില്‍നിന്ന് ലക്ഷ്യസ്ഥാനങ്ങളിലേക്ക്
2. കടലില്‍നിന്ന് ലക്ഷ്യസ്ഥാനങ്ങളിലേക്ക്
3. മുങ്ങിക്കപ്പലുകളില്‍നിന്ന് ലക്ഷ്യസ്ഥാനങ്ങളിലേക്ക്
4. വിമാനങ്ങളില്‍നിന്ന് ലക്ഷ്യസ്ഥാനങ്ങളിലേക്ക്
തൊടുത്തുവിടുന്ന പ്രതലം ചലിക്കുന്നതായാല്‍ മിസൈലിന് ലക്ഷ്യം തെറ്റാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കപ്പലില്‍നിന്നും മുങ്ങിക്കപ്പലില്‍നിന്നും വിമാനത്തില്‍നിന്നും തൊടുക്കുന്ന പതിപ്പുകളാണ് ഇക്കൂട്ടത്തില്‍ ഏറ്റവും സങ്കീര്‍ണം. എന്നാല്‍ നൂതന സാങ്കേതിക വിദ്യയിലൂടെ ഈ പ്രതിസന്ധിയെ മറികടന്നു എന്നതാണ് മറ്റ് രാജ്യങ്ങള്‍ക്കിടയില്‍ ബ്രഹ്‌മോസിനെ പ്രിയങ്കരനാക്കിയത്.
മൂന്ന് സെക്കന്റിന്റെ ഇടവേളകളില്‍ ബ്രഹ്‌മോസ് മിസൈലുകള്‍ തൊടുക്കാന്‍ പറ്റും. ഒരേസമയം വ്യത്യസ്ത ദിശകളിലേക്ക് കൃത്യമായി അയക്കാനും കഴിയും. ഐഎന്‍എസ് കൊച്ചിയില്‍നിന്ന് ഒരേസമയം 16 മിസൈലുകള്‍ തൊടുക്കാനാകും. ഈ 16 മിസൈലും 3 സെക്കന്റിന്റെ ഇടവേളകളില്‍ പുറപ്പെട്ട് കൃത്യമായ ലക്ഷ്യത്തിലെത്തും. കേരളത്തില്‍ ബ്രഹ്‌മോസിന്റെ ഭാഗങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ഇവ കൂട്ടിച്ചേര്‍ക്കുന്നത് ഹൈദരാബാദിലാണ്. പ്രവര്‍ത്തനക്ഷമമാക്കുന്നത് നാഗ്പൂരിലുമാണ്. കൂറ്റന്‍ മലകള്‍ കടന്നുപോയി കൃത്യമായി ലക്ഷ്യത്തിലെത്തുന്ന ഡീപ് സ്‌ട്രൈക്ക് വെര്‍ട്ടിക്കിള്‍ സൂപ്പര്‍സോണിക് മിസൈലും നമുക്കുണ്ട്.
ബ്രഹ്‌മോസിനായി രാജ്യങ്ങള്‍
ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തോടെ തദ്ദേശീയമായി നിര്‍മിച്ച യുദ്ധോപകരണങ്ങളുടെ ശക്തി ലോകത്തിനുമുന്നില്‍ വ്യക്തമാക്കാനും ഇന്ത്യക്ക് കഴിഞ്ഞു. ബ്രഹ്‌മോസിന് വേണ്ടി ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, തായ്ലാന്‍ഡ്, ബ്രസീല്‍, സിംഗപ്പൂര്‍, ബ്രൂണൈ, ബ്രസീല്‍, ചിലി, അര്‍ജന്റീന, വെനിസ്വേല, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍, ദക്ഷിണാഫ്രിക്ക, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സുഖോയ് സു-30എംകെഎം യുദ്ധവിമാനങ്ങള്‍ക്കും കെഡ ക്ലാസ് യുദ്ധക്കപ്പലുകള്‍ക്കും ഉപയോഗിക്കാവുന്ന ബ്രഹ്‌മോസ് മിസൈലുകള്‍ക്കാണ് മലേഷ്യ ചര്‍ച്ച നടത്തുന്നത്. സൈന്യത്തിനും നാവികസേനയ്ക്കും ഉപയോഗിക്കാനുള്ള ബ്രഹ്‌മോസ് മിസൈലുകളാണ് വിയറ്റ്‌നാം ഇന്ത്യയില്‍ നിന്നും വാങ്ങാനൊരുങ്ങുന്നത്.
2022-ല്‍ 375 മില്യണ്‍ ഡോളറിന്റെ കരാറാണ് ഇന്ത്യയുമായി ഫിലിപ്പീന്‍സ് ഒപ്പുവെച്ചത്. തുടര്‍ന്ന് 2024 ഏപ്രിലില്‍ ആദ്യഘട്ടം മിസൈലുകള്‍ കൈമാറിയിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ അമേരിക്കന്‍ നിര്‍മിത സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിലാണ് ഫിലീപ്പീന്‍സ് മറൈന്‍ കോര്‍പ്‌സിന് (ഫിലിപ്പീന്‍സ് നാവികസേന) കൈമാറാനുള്ള മിസൈലുകള്‍ അയച്ചത്.
Inshort | Learn about BrahMos, a supersonic cruise missile launched from land, sea, air & submarines. A powerful weapon with incredible accuracy & speed.
Content Highlights: BrahMos: India's Supersonic Cruise Missile—A Multi-Platform Weapon Transforming Global Defense