'എതിരെ നിൽക്കുന്നവന്റെ ഉള്ളറിഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളൂ'; പാഠമാകുന്ന ആസിഫ് അലിയുടെ മറുപടി
സംഗീതസംവിയാകൻ രമേശ് നാരായണനും നടൻ ആസിഫ് അലിയുമായുള്ള വിവാദം സമൂഹമാധ്യമങ്ങളിൽ ആളിക്കത്തുകയാണ്. പുരസ്കാരം നൽകാൻ വന്ന ആസിഫ് അലിയെ ഒന്ന് നോക്കുകപോലും ചെയ്യാതെ ഒരു കൈ കൊണ്ട് ഉപഹാരം വാങ്ങുകയും അത് സംവിധായകൻ ജയരാജിന്റെ കൈയിൽകൊടുത്ത് അദ്ദേഹത്തിന്റെ പക്കൽ നിന്ന് വീണ്ടും ഏറ്റുവാങ്ങുന്ന ദൃശ്യമാണ് സോഷ്യൽമീഡിയ കൈയടക്കിയിരിക്കുന്നത്.
ഒരു ചെറു പുഞ്ചിരിയോടെ ആസിഫ് അലി സന്ദർഭത്തെ കൈകാര്യം ചെയ്തെങ്കിലും സമൂഹമാധ്യമങ്ങൾ രമേശ് നാരായണനെ കടന്നാക്രമിക്കുകയാണ്. വിഷയത്തെ മതപരമായിപ്പോലും വളച്ചൊടിക്കുന്ന കാഴ്ചയാണ് രണ്ടുദിവസമായി കാണാൻ സാധിക്കുന്നത്. താൻ വിചാരിച്ചാൽ ഒന്ന് ആളിക്കത്തിക്കാൻ പറ്റുന്ന വിഷയം എത്ര മനോഹരമായാണ് ആസിഫ് അലി കൈകാര്യം ചെയ്തത്. എതിരെ നിൽക്കുന്നവന്റെ ഉള്ളറിഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളൂ എന്ന ആസിഫ് അലിയുടെ മനോഹരമായ മറുപടി എല്ലാവർക്കും ഒരു പാഠമാണ്. സമീപകാലത്തുണ്ടായ പല പ്രശ്നങ്ങളിലും ഉണ്ടാകാത്ത ഒരു പര്യവസാനം നൽകിയ ആസിഫ് അലിയുടെ മനുഷ്യത്വമാണ് മുതൽക്കൂട്ടാക്കേണ്ടത്.