'ഇന്ന് കസേരയിൽ ഇരുന്നില്ലെങ്കിൽ എന്നും തറയിലിരിക്കും, ഇന്ദ്രൻസിനെ ഭീഷണിപ്പെടുത്തിയ തിലകൻ'

'സിനിമാ സെറ്റിൽ കാരവാനിലോ മറ്റോ ഇന്ദ്രൻസേട്ടനെ കാണാൻ പറ്റില്ല, ഒരൊഴിവ് കിട്ടിയാൽ ആളപ്പോൾ കോസ്റ്റ്യൂം ഡിപ്പാർട്ട്‌മെന്റിന്റെ അടുത്ത് പോയി നിൽക്കുന്നത് കാണാം', ചിരിയോടെ ഷോബി തിലകൻ പറയുമ്പോൾ അതേ ചിരിയോടെ ഇന്ദ്രൻസും പറയുന്നു 'അതിന്റെ ഓരം പറ്റിയല്ലേ ഞാൻ ഇവിടെ വന്ന് നിൽക്കുന്നത് എന്ന്'. തന്റെ ഏറ്റവും പുതിയ ചിത്രമായ ആശാന്റെ വിശേഷങ്ങളുമായി സഹതാരങ്ങളായ ജോമോൻ ജ്യോതിറിനും അബിൻ ബിനോയ്ക്കുമൊപ്പം ഇന്ദ്രൻസും ഷോബിയും Talkies ൽ സംസാരിക്കുകയാണ്.

'വസ്ത്രാലങ്കാരത്തിന്റെ ഓരം പറ്റിയാണ് ഞാൻ ഇവിടെ വന്ന് നിൽക്കുന്നത്. ഈ പ്രായത്തിലും ഞാനൊരു സിനിമാ നടന്റെ കോലത്തിൽ എത്തുന്നില്ല. സിനിമാ നടനെന്ന് പറഞ്ഞാൽ ഇങ്ങനെയൊക്കെ വേണമെന്നുണ്ടായിരുന്ന സമയത്താണ് ഞാനിവിടെ നുഴഞ്ഞുകയറിയത്. ആ തൊഴിൽ മറക്കാൻ പറ്റില്ല'- ഇന്ദ്രൻസ് പറയുന്നു.

ഇന്ദ്രൻസിന്റെ ഈ എളിമ നിറഞ്ഞ സ്വഭാവത്തിന് നടൻ തിലകൻ ചീത്ത പറഞ്ഞ സന്ദർഭവും ഷോബി പങ്കുവെച്ചു. ഒരിക്കൽ ഒരു അവാർഡ് ഷോയ്ക്ക് വന്ന തിലകന് വേണ്ടി സീറ്റ് ഒഴിഞ്ഞ് കൊടുത്ത് താഴെ ഇരിക്കാൻ പോയ ഇന്ദ്രൻസിനെ അദ്ദേഹം വഴക്ക് പറഞ്ഞുവെന്നും താനിന്ന് കസേരയിലിരുന്നില്ലെങ്കിൽ എന്നും തറയിലിരിക്കേണ്ടി വരുമെന്ന് പറഞ്ഞ് എഴുന്നേൽപ്പിച്ചെന്നും ഷോബി പറയുന്നു.

സിനിമയ്ക്കുള്ളിലെ സിനിമ പറയുന്ന ചിത്രമാണ് ആശാൻ. ചിത്രത്തിൽ ആരാണ് ആശാൻ ആരാണ് ശിഷ്യൻ എന്നുള്ളത് കണ്ട് തന്നെയറിയണമെന്ന് പറയുന്നു താരങ്ങൾ. ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങൾക്ക് ശേഷം ജോൺ പോൾ ജോർജാണ് ആശാൻ സംവിധാനം ചെയ്യുന്നത്. 

Content Highlights: Aashaan movie team interview