ലോകത്ത് ഏറ്റവും സമാധാനമുള്ള 10 രാജ്യങ്ങൾ ഇതാ; ഐസ്‌ലൻഡ് ഒന്നാമത്, ഇന്ത്യയുടെ സ്ഥാനം എത്ര?

രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ, തുടരുന്ന സംഘർഷങ്ങൾ, ഭീകരവാദം, സാമ്പത്തിക പ്രതിസന്ധി തുടങ്ങി പലവിധ പ്രതിസന്ധികളിലൂടെ ലോകം കടന്നുപോകുന്നുണ്ട്. ആഗോള പ്രക്ഷുബ്ധതകൾക്കിടയിലും സമാധാനത്തിന്റെ ദീപശിഖകളായി നിലകൊള്ളുന്ന രാജ്യങ്ങളുടെ ഒരു പട്ടിക നമുക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസിന്റെ 2025-ലെ ആഗോള സമാധാന സൂചിക (GPI). ഈ പട്ടികയിലെ ഏറ്റവും സമാധാനപരമായ ആദ്യ 10 രാജ്യങ്ങൾ താഴെ നൽകുന്നു. ഇന്ത്യയുടെ റാങ്കിങ്ങിനെക്കുറിച്ചും അറിയാം.
ഐസ്‌ലൻഡ്
2008 മുതൽ, ഐസ്‌ലാൻഡ് ആഗോള സമാധാന സൂചികയിൽ ഒന്നാം സ്ഥാനം നിലനിർത്തിപ്പോരുന്നു. സുരക്ഷ, ഭദ്രത, കുറഞ്ഞ സൈനികവൽക്കരണം എന്നീ കാര്യങ്ങളിൽ സ്ഥിരമായി മികവ് ഈ രാജ്യം പുലർത്തുന്നു. സമാധാനപരമായ ജീവിതം എങ്ങനെ നയിക്കാമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ഐസ്‌ലാൻഡ്. ചെറിയ ജനസംഖ്യയും അവരുടെ ദൃഢമായ സാമൂഹിക ബന്ധങ്ങളും, വളരെ കുറഞ്ഞ കുറ്റകൃത്യ നിരക്കും ചേരുമ്പോൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ഒരു സാഹചര്യം സൃഷ്ടിക്കുന്നു. പോലീസ് പതിവായി തോക്കുകൾ പോലും കൊണ്ടുനടക്കാറില്ല. കൂടാതെ, മാതാപിതാക്കൾ കഫേകൾക്കുള്ളിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ കുഞ്ഞുങ്ങൾ പുറത്ത് പ്രാമുകളിൽ ഉറങ്ങുന്നത് ഐസ്‌ലാൻഡിൽ ഒരു സാധാരണ കാഴ്ചയാണ്.
അയർലൻഡ്
ഒരുകാലത്ത് ആഭ്യന്തര കലഹങ്ങളുടെ പേരിൽ അറിയപ്പെട്ടിരുന്ന അയർലൻഡ്, ഇപ്പോൾ 2025-ൽ ലോകത്തിലെ ഏറ്റവും സമാധാനപരമായ രണ്ടാമത്തെ രാജ്യമായി മാറിയിരിക്കുന്നു. ഇന്ന് അയർലൻഡിൽ നിലവിലുള്ള സംഘർഷങ്ങൾ വളരെ കുറവാണ്. സൈനികവൽക്കരണവും കുറഞ്ഞിരിക്കുന്നു. സൈനിക നിഷ്പക്ഷതയോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും ശക്തമായ ക്ഷേമ സംവിധാനവും അസമത്വം കുറയ്ക്കുകയും ആഴത്തിലുള്ള സ്ഥിരത വളർത്തുകയും ചെയ്യുന്നു.
ന്യൂസിലൻഡ്
2025-ലെ ജിപിഐയിൽ ന്യൂസിലാൻഡ് രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. ഈ മാറ്റത്തിന് കാരണം രാജ്യത്തെ കർശനമായ തോക്ക് നിയമങ്ങളും ഭീകരവാദവുമായി ബന്ധപ്പെട്ട സംഭവങ്ങളിലെ കുറവുമാണ്. തോക്കുകൾ കൈവശം വെക്കുന്ന കാര്യത്തിൽ ലോകത്തിലെ ഏറ്റവും കർശനമായ ആഭ്യന്തര നയങ്ങളാണ് ന്യൂസിലാൻഡിലുള്ളത്. ന്യൂസിലാൻഡിലെ സമ്പന്നമായ മാവോറി സംസ്കാരവും അവിടുത്തെ മെല്ലെയുള്ള ജീവിതരീതിയും ഒരു സവിശേഷമായ സാമൂഹിക മനോഭാവം സൃഷ്ടിക്കുന്നു. അത് കാര്യങ്ങൾ സാവധാനത്തിൽ ചെയ്യാനും ഓരോ നിമിഷവും ആസ്വദിക്കാനും ജനങ്ങളെ പ്രേരിപ്പിക്കുന്നു.
ഓസ്ട്രിയ
2025-ൽ ഓസ്ട്രിയ ഒരു റാങ്ക് താഴ്ന്ന് നാലാം സ്ഥാനത്തെത്തി. പക്ഷേ അതുകൊണ്ട് ഓസ്ട്രിയ സമാധാനമില്ലാത്ത ഒരു രാജ്യമായി എന്ന് അർഥമാക്കുന്നില്ല. കുറഞ്ഞ കുറ്റകൃത്യങ്ങളുടെ നിരക്കും സുസ്ഥിരമായ ഭരണവുംകൊണ്ട് സുരക്ഷയുടെ കാര്യത്തിൽ ഓസ്ട്രിയ ഒരു ആഗോള നേതാവായി തുടരുന്നു. ശക്തമായ സാമൂഹിക നയങ്ങളും നിഷ്പക്ഷതയോടുള്ള പ്രതിബദ്ധതയും രാജ്യത്തെ ബാഹ്യ സംഘർഷങ്ങളിൽനിന്ന് അകറ്റി നിർത്തുന്നു. പൊതു സുരക്ഷയിലും സാമൂഹിക ഐക്യത്തിലുമുള്ള ഓസ്ട്രിയയുടെ നിരന്തരമായ നിക്ഷേപം സമാധാനം അനുഭവിച്ചറിയാൻ കഴിയുന്ന ഒരിടമാക്കി അതിനെ മാറ്റുന്നു.
സ്വിറ്റ്‌സർലൻഡ്
കുറഞ്ഞ കുറ്റകൃത്യങ്ങളുടെ നിരക്ക്, സുസ്ഥിരമായ ഭരണം, നിഷ്പക്ഷതയോടുള്ള ദീർഘകാല പ്രതിബദ്ധത എന്നിവയാണ് ആദ്യ അഞ്ചിൽ ഈ രാജ്യത്തെ ഉൾപ്പെടുത്താൻ കാരണം. കാര്യക്ഷമമായ പോലീസിങ്ങിലൂടെയും സാമൂഹിക നയങ്ങളിലൂടെയും സുരക്ഷിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഈ രാജ്യം മികച്ചുനിൽക്കുന്നു. അന്താരാഷ്ട്ര സംഘർഷങ്ങളിൽ സ്വിറ്റ്‌സർലൻഡിന്റെ ഇടപെടൽ എല്ലായ്പ്പോഴും വളരെ കുറവായിരുന്നു, പൗരന്മാർക്കിടയിൽ വിശ്വാസം വളർത്തുന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തിരക്കേറിയ സൂറിച്ചോ, ശാന്തമായ ആൽപൈൻ പട്ടണങ്ങളോ സന്ദർശിക്കൂ... അവിടുത്തെ താമസക്കാർ ഉയർന്ന ജീവിതനിലവാരം ആസ്വദിക്കുന്നത് നിങ്ങൾക്ക് കാണാം.
സിങ്കപ്പുർ
ആദ്യ പത്തിലുള്ള ഏക ഏഷ്യൻ രാജ്യമാണ് സിങ്കപ്പുർ. കാര്യമായ സൈനിക ചെലവുകൾക്കൊപ്പം അസാധാരണമായ സുരക്ഷാ മാനദണ്ഡങ്ങൾ നിലനിർത്തിക്കൊണ്ടാണ് സിങ്കപ്പുർ ആറാം സ്ഥാനം നേടിയത്. ഉയർന്ന കാര്യക്ഷമതയുള്ള ഭരണം, കുറഞ്ഞ കുറ്റകൃത്യ നിരക്ക്, കർശനമായ നിയമ ചട്ടക്കൂട് എന്നിവ ഏത് സമയത്തും താമസക്കാർക്ക് സുരക്ഷിതത്വം തോന്നുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു.
പോർച്ചുഗൽ
കുറഞ്ഞ കുറ്റകൃത്യങ്ങളുടെ നിരക്കും ആഗോളതലത്തിലോ ആഭ്യന്തരമായോ ഉള്ള സംഘർഷങ്ങളിൽ വളരെ കുറഞ്ഞ പങ്കാളിത്തവുമാണ് ഈ രാജ്യത്തിനുള്ളത്. ഊഷ്മളവും സ്വാഗതാർഹവുമായ സംസ്കാരം ശക്തമായ ഒരു സാമൂഹിക ബോധം കെട്ടിപ്പടുക്കാൻ സഹായിക്കുന്നു. ലിസ്ബൺ, പോർട്ടോ തുടങ്ങിയ നഗരങ്ങളിൽ താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ സുരക്ഷിതത്വം അനുഭവപ്പെടുന്നു. സാമൂഹ്യക്ഷേമത്തിലുള്ള പോർച്ചുഗലിന്റെ നിക്ഷേപത്തെയും സൈനികവൽക്കരണം ഒഴിവാക്കുന്നതിനെയും ജിപിഐ പ്രശംസിക്കുന്നു. ഇത് ശാന്തവും സമാധാനപരവുമായ ഒരു അന്തരീക്ഷത്തിന് കാരണമാകുന്നു.
ഡെന്മാർക്ക്
എട്ടാം സ്ഥാനത്തുള്ള ഡെന്മാർക്ക് തിളക്കമാർന്ന മറ്റൊരു ഉദാഹരണമാണ്. ഉയർന്ന ക്ഷേമ നിലവാരം, കുറഞ്ഞ സൈനികവൽക്കരണം, എല്ലാവരെയും ഉൾക്കൊള്ളുന്ന നയങ്ങൾ എന്നിവയാൽ ഈ രാജ്യം സമാധാനത്തിന്റെ ഒരു പറുദീസയാണ്. കോപ്പൻഹേഗനിലെ സൈക്കിൾ സൗഹൃദ തെരുവുകൾ മുതൽ ഗ്രാമീണ സമൂഹങ്ങൾ വരെ, സുരക്ഷയുടെയും സമാധാനത്തിന്റെയും ശാന്തതയുടെയും ശക്തമായ ഒരു അനുഭവം നൽകും. ശക്തമായ ഒരു സാമൂഹിക സുരക്ഷാ വലയം അസമത്വം കുറയ്ക്കുകയും വിശ്വാസവും ഐക്യവും വളർത്തുകയും ചെയ്യുന്നു. സംഘർഷങ്ങളിൽ ഡെന്മാർക്കിന്റെ ഇടപെടൽ എല്ലായ്പ്പോഴും വളരെ കുറവായിരുന്നു. ഇത് സമാധാനം ഒരു കണക്ക് മാത്രമല്ല, ജീവിതരീതിയാണെന്നും ഉറപ്പാക്കുന്നു.
സ്ലൊവേനിയ
സുസ്ഥിരമായ ഭരണം, കുറഞ്ഞ കുറ്റകൃത്യ നിരക്ക്, സംഘർഷങ്ങളിലെ കുറഞ്ഞ പങ്കാളിത്തം എന്നിവ കാരണം സ്ലൊവേനിയ ഒമ്പതാം സ്ഥാനത്താണ്. ആൽപ്‌സിനും അഡ്രിയാറ്റിക്കിനും ഇടയിൽ സ്ഥിതിചെയ്യുന്ന സ്ലൊവേനിയ ഒരു ചെറിയ രാജ്യമായിരിക്കാം. പക്ഷേ കാര്യക്ഷമമായ നയങ്ങളിലൂടെയും സാമൂഹിക സൗഹാർദ്ദത്തോടുള്ള പ്രതിബദ്ധതയിലൂടെയും അത് നിശ്ശബ്ദമായി ഒരു സമാധാനപരമായ സമൂഹം കെട്ടിപ്പടുത്തിരിക്കുന്നു. ലുബ്ലിയാനയിലെ മനോഹരമായ തെരുവുകൾ മുതൽ അവിടുത്തെ ശുദ്ധമായ തടാകങ്ങൾ വരെ, എവിടെ നോക്കിയാലും ശാന്തമായ ഒരു അന്തരീക്ഷം കാണാം.
ഫിൻലൻഡ്
ഫിൻലൻഡാണ് പത്താം സ്ഥാനത്ത്. ശക്തമായ സുരക്ഷാ മാനദണ്ഡങ്ങളും സംഘർഷങ്ങളിലെ കുറഞ്ഞ പങ്കാളിത്തവുമാണ് ഇതിന് കാരണം. സുതാര്യമായ ഭരണവും ശക്തമായ സാമൂഹിക സംവിധാനങ്ങളും പിന്തുണയ്ക്കുന്ന ഫിൻലൻഡിലെ വിശ്വാസത്തിന്റെ സംസ്കാരം, താമസക്കാർക്കും സന്ദർശകർക്കും എല്ലായ്പ്പോഴും സുരക്ഷിതത്വം ഉറപ്പാക്കുന്നു. അത് മാത്രമല്ല, വിദ്യാഭ്യാസത്തോടും സമത്വത്തോടുമുള്ള ഫിൻലൻഡിന്റെ പ്രതിബദ്ധത അതിന്റെ സമാധാനപരമായ അടിത്തറയെ കൂടുതൽ ശക്തിപ്പെടുത്തുന്നു.
ഇന്ത്യയുടെ റാങ്കിങ്
2025-ലെ ആഗോള സമാധാന സൂചികയിൽ ഇന്ത്യ 115-ാം സ്ഥാനത്താണ്. തുടരുന്ന സംഘർഷങ്ങൾ, ആഭ്യന്തര സംഘർഷങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ തുടങ്ങിയ മേഖലകളിലെ കാര്യമായ വെല്ലുവിളികളാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഊർജ്ജസ്വലമായ സമൂഹത്തിനും സാംസ്കാരിക സമ്പന്നതയ്ക്കും പേരുകേട്ട രാജ്യമാണ് ഇന്ത്യ. പക്ഷേ പ്രാദേശിക തർക്കങ്ങളുടെയും നഗരങ്ങളിലെ കുറ്റകൃത്യങ്ങളുടെയും കാര്യത്തിൽ ഇന്ത്യ ഇനിയും ഒരുപാട് ദൂരം പോകേണ്ടതുണ്ടെന്നതും ഒരു സത്യമാണ്.
Content Highlights: Discover the world`s safest havens in 2025. Explore the top 10 peaceful countries