കാമാഖ്യ ദേവിയുടെ അനുഗ്രഹം തേടിയെത്തി സാറാ അലി ഖാൻ, ആത്മീയ സ‍ഞ്ചാരത്തിൽ നടി

സാറ അലി ഖാൻ കാമാഖ്യ ക്ഷേത്രദർശനത്തിനെത്തിയപ്പോൾ | സ്ക്രീൻ​ഗ്രാബ്
സാറ അലി ഖാൻ കാമാഖ്യ ക്ഷേത്രദർശനത്തിനെത്തിയപ്പോൾ | സ്ക്രീൻ​ഗ്രാബ്

ഗുവാഹാട്ടി: അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം സാറാ അലി ഖാൻ. അസം, ​ഗുവാഹാട്ടി എന്നിവിടങ്ങളിലൂടെയുള്ള ആത്മീയ യാത്രയുടെ ഭാ​ഗമായാണ് സാറ കാമാഖ്യയിലുമെത്തിയത്. നടിയും സംവിധായികയുമായ ഐമി ബറുവയും യാത്രയിൽ സാറയ്ക്കൊപ്പമുണ്ടായിരുന്നു. കാമാഖ്യ ദർശനത്തിനുപുറമേ ബ്രഹ്മപുത്ര നദിയിലൂടെ ബോട്ട് മാർ​ഗം ഉമാനന്ദാ ക്ഷേത്രത്തിലേക്കും ഇരുവരും യാത്ര ചെയ്തു.

യാത്രയുടെ ദൃശ്യങ്ങൾ ഐമി ബറുവ തന്റെ ഔദ്യോ​ഗിക ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചു. 'ഇതെന്റെ നാടിനെക്കുറിച്ചാകുമ്പോൾ ഹൃദയം അഭിമാനത്താൽ തുളുമ്പുകയാണ്. സാറാ അലി ഖാനൊപ്പം' എന്നാണ് വീഡിയോക്കൊപ്പം ഐമി ബറുവ കുറിച്ചത്.

ഐമിക്കൊപ്പം കാമാഖ്യ സന്ദർശിക്കുന്നതിന്റെ ചിത്രങ്ങൾ സാറ അലി ഖാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതാദ്യമായല്ല സാറ അലി ഖാൻ കാമാഖ്യ സന്ദർശനം നടത്തുന്നത്. 2021-ലാണ് ഇതിനുമുൻപ് അവർ ഇവിടെയെത്തിയത്. 

കാമാഖ്യ ക്ഷേത്രം

അസമിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് കാമാഖ്യ. ഗുവാഹാട്ടിയുടെ പടിഞ്ഞാറൻ മേഖലയിൽ നീലാചൽകുന്നിന്റെ മുകളിലാണ് കാമാഖ്യാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രസമുച്ചയത്തിൽ പ്രധാന ഭഗവതിയെ കൂടാതെ പത്ത് ദേവീ സ്ഥാനങ്ങൾകൂടി സങ്കല്പിക്കപ്പെടുന്നു. അമ്പുബാച്ചി മേളയാണ് പ്രധാന ഉത്സവം. ഈ ദിനങ്ങളിൽ കാമാഖ്യ രജസ്വലയാകുമെന്ന് വിശ്വാസം. ക്ഷേത്രത്തിൽ പൂജകൾ നടക്കില്ല. നാലാംദിവസം ക്ഷേത്രവാതിലുകൾ തുറക്കുകയും കാമാഖ്യയുടെ ആർത്തവരക്തം പുരണ്ടതെന്ന് വിശ്വസിക്കുന്ന തുണിക്കഷണം പ്രസാദമായി നൽകുകയും ചെയ്യുന്നു.

കാമാഖ്യ ക്ഷേത്രം | ഫോട്ടോ: PTI

ദക്ഷയാഗത്തിന്റെ സമയത്ത് ഭർത്താവായ പരമശിവനെ ദക്ഷൻ അപമാനിച്ചതിൽ കോപിച്ച പാർവതി യാഗാഗ്നിയിൽ ചാടി ആത്മാഹുതി ചെയ്യുന്നു. ഇതറിഞ്ഞ ശിവൻ കോപിഷ്ഠനായി ദക്ഷന്റെ തലയറുക്കുകയും തുടർന്ന് പാർവതിയുടെ ജഡവുമായി താണ്ഡവമാടുകയും ചെയ്യുന്നു. തുടർന്ന് മഹാവിഷ്ണു തന്റെ സുദർശനചക്രമുപയോഗിച്ച് പാർവതിയുടെ ജഡത്തെ പലതായി മുറിച്ചു. ആ ശരീരഭാഗങ്ങൾ 108 ഇടങ്ങളിലാണ് ചെന്നുപതിച്ചത്. അതിൽ യോനീഭാഗം പതിച്ച സ്ഥലമാണ് കാമാഖ്യ എന്നാണ് ഐതിഹ്യം.

കാമാഖ്യ ക്ഷേത്രത്തിൽ ഭക്തർ | ഫോട്ടോ: PTI, AP

ഇന്ത്യയിലെ അൻപത്തൊന്ന് ശക്തിപീഠങ്ങളിൽ ഒന്നാണ് കാമാഖ്യ ക്ഷേത്രം. ഇവിടെ ദേവി കാമാതുരയും സ്ത്രൈണ ശക്തിയുടെ കേന്ദ്രവുമായി കരുതപ്പെടുന്നു. സന്താന സൗഭാഗ്യത്തിനായി ഇവിടെവന്നു ഭജനമിരിക്കുന്നവർ നിരവധിയാണ്. ദേവീചൈതന്യം അനുഭവിക്കാൻ ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇവിടെ ഭക്തരെത്തുന്നു. ഗുവാഹാട്ടി റെയിൽവേ സ്റ്റേഷനിൽനിന്ന് ആറു കിലോമീറ്ററും എയർപോർട്ടിൽനിന്ന് 20  കിലോമീറ്ററും അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Content Highlights: Sara Ali Khan Visits Kamakhya Temple