റാണിപുരത്ത് പ്രവേശന ടിക്കറ്റിന് ഇനി യു.പി.ഐ. മാത്രം; പക്ഷെ മൊബൈലിന് കവറേജില്ല !

റാണിപുരം
റാണിപുരം

കാസര്‍കോട്ടെ റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തില്‍ പ്രവേശന ടിക്കറ്റിന് ജൂലായ് ഒന്നുമുതല്‍ യു.പി.ഐ. ഇടപാട് മാത്രമാക്കാന്‍ വനംവകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മൊബൈല്‍ഫോണ്‍ കവറേജ് പോലുമില്ലാത്ത റാണിപുരത്ത് ഇത് എങ്ങനെ സാധ്യമാകുമെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. 

നിലവില്‍ യു.പി.ഐ. ഇടപാടിനായി കൗണ്ടറില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ജീവനക്കാരുടെ വൈഫൈ പാസ്വേഡ് നല്‍കുകയാണ് ചെയ്യുന്നത്. കൂടുതല്‍ സഞ്ചാരികള്‍ ഇത്തരത്തിലെത്തുന്നത് ജീവനക്കാര്‍ക്കും ദുരിതമാകുന്നുണ്ട്.

എല്ലാ ജീവനക്കാര്‍ക്കും യു.പി.ഐ. ഇടപാടിനെക്കുറിച്ച് ധാരണയില്ലാത്തതും പ്രശ്നമാണ്. ടിക്കറ്റ് കൗണ്ടര്‍ പരിസരത്ത് പൊതുവായ ഇന്റര്‍നെറ്റ്-വൈഫൈ സൗകര്യം ഉണ്ടെങ്കില്‍ സഞ്ചാരികള്‍ക്കും ഗുണകരമാകും. നിലവില്‍ വാഹനം നിര്‍ത്തിയിടാന്‍ വനസംരക്ഷണ സമിതിയാണ് സൗകര്യമൊരുക്കുന്നത്. അതിനുള്ള തുകയും വനത്തിനകത്തേക്ക് പ്ലാസ്റ്റിക് കൊണ്ടുപോകുന്നത് നിയന്ത്രിക്കാന്‍ സഞ്ചാരികള്‍ക്ക് തിരിച്ചുനല്‍കുംവിധം വാങ്ങിവയ്ക്കുന്ന തുകയും വനം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടര്‍ വഴിയാണ് ശേഖരിക്കുന്നത്. 

പ്രവേശന ടിക്കറ്റിന് യു.പി.ഐ. ഇടപാടാക്കിയാല്‍ ഇവ രണ്ടും ശേഖരിക്കാന്‍ വേറെ സൗകര്യമൊരുക്കേണ്ടി വരും. സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെ വരവുചെലവ് കണക്കുകള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് ടിക്കറ്റ് കൗണ്ടറിന്റെ പ്രവര്‍ത്തനം യു.പി.ഐ. ഇടപാടിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചതെന്നാണ് വിവരം. എന്നാല്‍ റാണിപുരത്തിന്റെ സാഹചര്യം കണക്കിലെടുത്ത് സൗകര്യങ്ങള്‍ ഒരുക്കുന്നതുവരെ നിലവിലെ സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ട് മേലധികാരികള്‍ക്ക് കത്ത് നല്‍കിയതായി പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി. സേസപ്പ അറിയിച്ചു.

Content Highlights: Ranipuram tourism entry only through upi payment no net work coverage