കൊറിയൻ വിമാനാപകടം: പറന്നുയര്‍ന്ന് ആശങ്ക; ജെജു എയർ വിമാനടിക്കറ്റുകൾ റദ്ദാക്കിയത് 68,000-ത്തിലേറെ പേർ

പ്രതീകാത്മക ചിത്രം | നിർമ്മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മക ചിത്രം | നിർമ്മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

ലോകത്തെ ഞെട്ടിച്ച വിമാനദുരന്തമാണ് കഴിഞ്ഞദിവസം ദക്ഷിണ കൊറിയയിലെ മൂവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉണ്ടായത്. തായ്‌ലാന്‍ഡില്‍ നിന്ന് വന്ന ജെജു എയറിന്റെ ബോയിങ് 737-800 വിമാനമാണ് ബെല്ലി ലാന്‍ഡിങ് നടത്തി റണ്‍വേയും കടന്ന് സുരക്ഷാ മതിലില്‍ ഇടിച്ച് തീപിടിച്ച് പൊട്ടിത്തെറിച്ചത്. 197 പേര്‍ ദാരുണമായി മരിച്ച അപകടത്തില്‍ നിന്ന് രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു. 

മൂവാന്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ വിമാനയാത്രക്കാര്‍ക്കിടയില്‍ സുരക്ഷ സംബന്ധിച്ച ആശങ്ക വര്‍ധിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്ത വിമാനടിക്കറ്റുകള്‍ യാത്രക്കാര്‍ കൂട്ടമായി റദ്ദാക്കുകയാണെന്ന് ദക്ഷിണകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ് റിപ്പോര്‍ട്ട് ചെയ്തു. ജെജു എയറിന്റെ യാത്രക്കാരാണ് ടിക്കറ്റുകള്‍ റദ്ദാക്കിയത്. 

കൊറിയന്‍ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണി വരെ മാത്രം 68,000-ത്തോളം ടിക്കറ്റുകളാണ് റദ്ദാക്കപ്പെട്ടതെന്ന് ജെജു എയര്‍ അറിയിച്ചു. ഇവയില്‍ 33,000 ടിക്കറ്റുകള്‍ ആഭ്യന്തര സര്‍വീസുകളിലേയും 34,000 ടിക്കറ്റുകള്‍ അന്താരാഷ്ട്ര സര്‍വീസുകളിലേയുമാണ്. അപടകമുണ്ടായ ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ റദ്ദാക്കപ്പെട്ട ടിക്കറ്റുകളുടെ കണക്കാണിത്. 

നേരത്തേ ബുക്ക് ചെയ്ത ടൂര്‍ പാക്കേജുകളും നിരവധി പേരാണ് റദ്ദാക്കിയത്. ഇതോടെ കൊറിയയിലെ ട്രാവല്‍ ഏജന്‍സികളും പ്രതിസന്ധിയിലായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രാവല്‍ ഏജന്‍സികള്‍ ടെലിവിഷന്‍, ഓണ്‍ലൈന്‍ പരസ്യങ്ങളും പ്രൊമോഷണല്‍ ക്യാമ്പെയിനുകളും നിര്‍ത്തിവെച്ചു. 
 

Content Highlights: Jeju Air passengers cancel flight tickets en masse following deadly crash at Maun airport, S. Korea