ഊട്ടിയില്‍ സഞ്ചാരികളുടെ തിരക്കേറുന്നു; കറങ്ങാന്‍ സര്‍ക്യൂട്ട് ബസുകള്‍, എല്ലാ സ്ഥലത്തേക്കും ഒറ്റ പാസ്

ഊട്ടി | ഫോട്ടോ ദത്തന്‍ പുനലൂര്‍
ഊട്ടി | ഫോട്ടോ ദത്തന്‍ പുനലൂര്‍

തെക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ ഊട്ടി സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. കനത്ത ചൂടില്‍നിന്നു രക്ഷതേടി ജനം ഊട്ടിയിലേക്ക് ഒഴുകുവാന്‍ തുടങ്ങി. ഇവരെ വരവേല്‍ക്കാന്‍ ജില്ലാ ഭരണകൂടവും ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പും വിനോദസഞ്ചാരവകുപ്പും എല്ലാ സംവിധാനങ്ങളും ഒരുക്കുന്ന തിരക്കിലാണ്.

മേയ് 17 മുതല്‍ നടക്കുന്ന ലോകപ്രശസ്തമായ പുഷ്പമേള ഗംഭീരമാക്കാന്‍ ഊട്ടി സസ്യോദ്യാനത്തില്‍ ക്രമീകരണങ്ങള്‍ നടന്നുവരികയാണ്. 35,000 ചെടിച്ചട്ടികളില്‍ വളര്‍ത്തിയ ചെടികള്‍ പൂവണിയാന്‍ തുടങ്ങി. വെയിലില്‍ ഇവ വാടാതിരിക്കാന്‍ ഗ്ലാസ് ഷീറ്റ് പതിച്ച ഗ്യാലറിയിലേക്ക് മാറ്റി. ഈ വര്‍ണക്കാഴ്ച സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. ശനിയാഴ്ചമുതല്‍ സഞ്ചാരികള്‍ കൂടുതലായി എത്തിയതോടെ പോലീസ് ഊട്ടിയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.

ഗൂഡല്ലൂര്‍ ഭാഗങ്ങളില്‍നിന്നു വരുന്ന വാനുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ ഫിംഗര്‍ പോസ്റ്റില്‍ ഗോള്‍ഫ് ക്ലബ്ബ് റോഡില്‍ പാര്‍ക്കുചെയ്യണം. കൂനൂര്‍ ഭാഗത്തുനിന്നു വരുന്നവ ആവിന്‍ മൈതാനത്ത് പാര്‍ക്കുചെയ്യണം. ഈ നിയന്ത്രണം മേയ് 31 വരെ ഉണ്ടായിരിക്കും. ഇവിടെനിന്നു സഞ്ചാരികള്‍ക്ക് പ്രത്യേകമായി ഒരുക്കിയ സര്‍ക്യുട്ട് ബസില്‍ കയറി വിവിധ ഉല്ലാസകേന്ദ്രങ്ങളില്‍ സന്ദര്‍ശിക്കാം. മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് ചാര്‍ജ്.

ടിക്കറ്റിനുപകരം പാസാണ് നല്‍കുക. ഈ പാസുപയോഗിച്ച് സസ്യോദ്യാനം, ദോഡാബെട്ട, ബോട്ട് ഹൗസ്, റോസ് ഗാര്‍ഡന്‍, ടീ ഫാക്ടറി, ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ യാത്രചെയ്യാം. ഓരോ അരമണിക്കൂറിളും ഓരോ പോയന്റിലും ഒരു ബസ് എത്തും. ഒരുദിവസം എപ്പോള്‍ വേണമെങ്കിലും മാറിമാറി യാത്രചെയ്യാം. ഇതിനായി ശനിയാഴ്ചമുതല്‍ 20 സ്പെഷല്‍ ബസുകള്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.

ഇനിയുള്ള ദിവസങ്ങളില്‍ ഊട്ടിയിലേക്ക് വരുന്നവര്‍ താമസിക്കാന്‍ മുറികള്‍ മുന്‍കൂട്ടി ബുക്കുചെയ്യുന്നത് നല്ലതായിരിക്കും. തിരക്കുള്ള ദിവസങ്ങളില്‍ സഞ്ചാരികള്‍ മുറികിട്ടാതെ വിഷമിക്കുന്നത് പതിവാണ്. പ്ലാസ്റ്റിക് ക്യാരിബാഗ്, ഒരിക്കല്‍ ഉപയോഗിക്കുന്ന പ്ലെയ്റ്റ്, ഗ്ലാസ്, കുടിവെള്ള പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവ കൊണ്ടുവരാതിരിക്കുക. പിഴ നല്‍കേണ്ടിവരും.

Content Highlights: ooty travel traffic restrictions