പുഴയിൽ കാട്ടാനകളുടെ നീരാട്ട് കാണാം, വനത്തിലൂടെ യാത്ര ചെയ്യാം; സഞ്ചാരികളെ മാങ്കുളം വിളിക്കുന്നു

മാങ്കുളം: ടൂറിസ്റ്റുകളുടെ പറുദീസയായ മാങ്കുളത്ത് ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. മാങ്കുളത്തിന്റെ പ്രകൃതി ഭംഗിയും, വെള്ളച്ചാട്ടവും, ആനക്കുളത്ത് കാട്ടാനകളുടെ കൂട്ടം ആയുള്ള നീരാട്ടും കാണുവാനാണ് സഞ്ചാരികൾ ഇവിടേക്ക് കൂടുതലായി എത്തുന്നത്. തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിൽ എത്തുന്ന സഞ്ചാരികളിൽ 80 ശതമാനവും മാങ്കുളം കാണാതെ പോകാറില്ല.
മൂന്നാറിലെ തിരക്കുകളിൽനിന്നും മാറി കാടിന്റെയും പുഴയുടെയും മനോഹാരിത ആസ്വദിക്കുവാൻ പറ്റിയ ഇടമാണ് മാങ്കുളം. വന്യമൃഗങ്ങളെ ഇത്ര അടുത്ത് കാണുവാൻ മറ്റൊരിടം കേരളത്തിൽ കുറവാണ്.
ജനവാസമേഖലയിലെ പുഴയിൽ കാട്ടാനക്കൂട്ടങ്ങൾ വെള്ളം കുടിക്കാനെത്തുന്ന അപൂർവ്വ കാഴ്ചയാണ് ഇവിടുത്തെ പ്രധാന ഹൈലൈറ്റ്. ഇത് കാണാനായി മാത്രം നൂറുകണക്കിന് ആളുകളാണ് ദിവസേന ആനക്കുളത്ത് എത്തുന്നത്. മനോഹരമായ കാഴ്ചയൊരുക്കുന്ന പെരുമ്പൻകുത്ത് വെള്ളച്ചാട്ടം സാഹസിക പ്രിയരുടെ ഇഷ്ടകേന്ദ്രമാണ്. വിരിപാറയിലെ നക്ഷത്രകുത്ത് വെള്ളച്ചാട്ടവും വ്യത്യസ്തമല്ല.
തേയിലത്തോട്ടങ്ങൾക്കും വനത്തിനും ഇടയിലൂടെയുള്ള യാത്രയും പ്രകൃതിദത്തമായ വെള്ളച്ചാട്ടങ്ങളും വിനോദസഞ്ചാരികൾക്ക് പുത്തൻ അനുഭവമാണ് നൽകുന്നത്. വെള്ളച്ചാട്ടങ്ങളാൽ സമൃദ്ധമാണ് മാങ്കുളം. കോഴിവാലൻകുത്ത്, നക്ഷത്രകുത്ത്, പെരുമ്പൻകുത്ത്, എന്നീ വെള്ളച്ചാട്ടങ്ങൾ വിനോദസഞ്ചാരികൾക്ക് പ്രിയങ്കരമാണ്.
മാങ്കുളത്തെ ടൂറിസം വളർച്ച പ്രദേശവാസികൾക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്. നിരവധി ഹോംസ്റ്റേകളും റിസോർട്ടുകളും ഇവിടെ പുതുതായി ഉയർന്നുകഴിഞ്ഞു. ഓഫ്-റോഡ് സവാരി ഇഷ്ടപ്പെടുന്നവർക്കായി പ്രത്യേക ജീപ്പ് സഫാരി സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
മാങ്കുളം എല്ലാ കാർഷികവിളകളാലും നിറഞ്ഞിരിക്കുന്നു. ഏലം, കുരുമുളക്, കാപ്പി, ജാതി എന്നിവയാണ് ഇവിടത്തെ പ്രധാന കാർഷികവിളകൾ. മാങ്കുളത്തിന്റെ രാജപാത തുറക്കുന്നതോടെ മാങ്കുളത്തിന്റെ വികസനം ഇരട്ടിയാകും. എറണാകുളത്തു നിന്നും മൂന്നാറിനുള്ള സഞ്ചാരികൾ കാനനപാതയായ വഴി എത്തുന്നതോടെ മാങ്കുളത്തിന്റെ മുഖച്ഛായതന്നെ മാറും എന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ.
Content Highlights: Discover Mankulam, Kerala`s paradise! Witness wild elephants bathing, explore lush forests, and marvel at stunning waterfalls. A must-visit near Munnar.