മണാലിയിലെ തുരങ്കത്തിൽ കുടുങ്ങിയത് 12 മണിക്കൂർ; ഓർക്കുമ്പോൾ ഇപ്പോഴും മരവിപ്പ്

#Travel Desk
അടൽ ടണലിൽനിന്ന് 12 മണിക്കൂറിനുശേഷം പുറത്തിറങ്ങിയ ഫോട്ടോഗ്രാഫർ പെരിഞ്ചേരി പൊറുത്തൂക്കാരൻ ബെർലി പകർത്തിയ മഞ്ഞുവീഴ്‌ചയുടെ സെൽഫി ചിത്രം. മണാലിയിലെ ക്ഷേത്രത്തിനു മുന്നിൽ മേജോ, ബെർലി, ജയ്സൻ, റോബി എന്നിവർ.
അടൽ ടണലിൽനിന്ന് 12 മണിക്കൂറിനുശേഷം പുറത്തിറങ്ങിയ ഫോട്ടോഗ്രാഫർ പെരിഞ്ചേരി പൊറുത്തൂക്കാരൻ ബെർലി പകർത്തിയ മഞ്ഞുവീഴ്‌ചയുടെ സെൽഫി ചിത്രം. മണാലിയിലെ ക്ഷേത്രത്തിനു മുന്നിൽ മേജോ, ബെർലി, ജയ്സൻ, റോബി എന്നിവർ.

ചേർപ്പ് (തൃശ്ശൂർ): വീട്ടിൽ തിരിച്ചെത്തി വേനൽച്ചൂടിൽ വിയർക്കുമ്പോഴും രണ്ടുദിവസംമുൻപ് മണാലിയിലെ തുരങ്കത്തിൽ 12 മണിക്കൂർ കുടുങ്ങി തണുത്തുവിറച്ചതിന്റെ നടുക്കം മാറിയിട്ടില്ല, നാല് സുഹൃത്തുക്കൾക്ക്.

കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ ഫോട്ടോഗ്രാഫർമാരായ പെരിഞ്ചേരി പൊറുത്തൂക്കാരൻ ബെർലി, ഒല്ലൂർ ചാക്കോള ജയ്സൻ, വല്ലച്ചിറ പൊറുത്തൂക്കാരൻ മേജോ, ഫർണിച്ചർ വ്യാപാരി ചൊവ്വൂർ വീരമ്പുള്ളി റോബി എന്നിവരാണ് ഒരു രാത്രി മുഴുവൻ തുരങ്കത്തിൽ കുടുങ്ങിയത്. അവർ ആ ഭീകരനിമിഷങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.

മാർച്ച് പതിമൂന്നിനാണ് ഈ സുഹൃത്തുക്കൾ ടൂർ പാക്കേജ് മുഖേന മണാലിയിലേക്കു പുറപ്പെട്ടത്. 14-ന് ഗുലാബ സന്ദർശിച്ചു. 15-ന് അടൽ ടണൽ കടന്ന് സിസ്സു സന്ദർശിച്ച് മടങ്ങുന്നതിനിടെ മഞ്ഞുവീഴ്‌ച ശക്തമായി. വൈകീട്ട് നാലരയോടെയാണ് ടണലിൽ കുടുങ്ങിയത്.

‘‘വാഹനങ്ങൾ നീങ്ങാത്തതോടെ രാത്രിയിൽ യാത്രക്കാർ പലരും ഭയന്നു. വെള്ളം കിട്ടാതെ ഞങ്ങളും ഒട്ടേറെപ്പേരും വിഷമിച്ചു. ശൗചാലയം ഇല്ലാത്തതിനാൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ശരിക്കും വിഷമിച്ചു. മഞ്ഞുവീഴ്‌ചയുടെ ചിത്രങ്ങളെടുക്കാൻ ആഗ്രഹമുണ്ടായെങ്കിലും മഴയ്ക്കു തുല്യമായി മഞ്ഞ് പെയ്യുന്നതിനാൽ ക്യാമറ കേടാകാതിരിക്കാൻ ആ ശ്രമം എല്ലാവരും ഉപേക്ഷിച്ചു. മൊബൈലിൽ ഏതാനും വീഡിയോയും ചിത്രവും പകർത്തി. ശേഷം അതും വേണ്ടെന്നുവെച്ചു’’-ചൊവ്വൂർ ലിൻസ് സ്റ്റുഡിയോ ഉടമ കൂടിയായ ബെർലി പറഞ്ഞു.

16-ന് രാവിലെ അഞ്ചോടെയാണ് ടണലിനു പുറത്തുകടന്നത്. മഞ്ഞിൽ നിയന്ത്രണം തെറ്റിക്കിടക്കുന്ന ഒട്ടേറെ വാഹനങ്ങൾ വഴിയരികിൽ കണ്ടെന്ന് ഫോട്ടോഗ്രാഫറായ മേജോ പറഞ്ഞു. അടൽ ടണൽ മേഖലയിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ആയിരത്തിലധികം വാഹനങ്ങൾ കുടുങ്ങിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഹിമാചൽപ്രദേശിലെ മണാലിയെയും ലേയെയും ബന്ധിപ്പിക്കുന്ന ലോകത്തെ ഏറ്റവും നീളം കൂടിയ അടൽ ഹൈവേ തുരങ്കത്തിന് 9.02 കിലോമീറ്റർ നീളമുണ്ട്.

Content Highlights: First-hand account of being stranded in Atal Tunnel for 12 hours., Challenges faced: lack of food, water, and sanitation during the blizzard., Insights into the unpredictable weather conditions near the Atal Highway Tunnel., Real-life struggle of over 1,000 vehicles caught in heavy snowfall.