ഇന്ത്യയിൽ സാന്നിധ്യം വിപുലീകരിക്കാൻ മാൽദീവിയൻ എയർലൈൻ, നിലവിൽ സർവീസുള്ളത് കേരളത്തിൽനിന്ന് മാത്രം

കൊച്ചി: മാലദ്വീപിന്റെ ദേശീയ എയർലൈനായ മാൽദീവിയൻ ഇന്ത്യയിൽ സാന്നിധ്യം വിപുലമാക്കുന്നു. ഇതിന്റെ ഭാഗമായി തങ്ങളുടെ ഔദ്യോഗിക ജനറൽ സെയിൽസ് ഏജന്റാ (ജിഎസ്എ) യി ഏവിയാറെപ്സ് ഇന്ത്യയെ ദക്ഷിണേന്ത്യക്കായി നിയമിച്ചു. മാൽദീവിയൻ മാനേജിങ് ഡയറക്ടർ ഇബ്രാഹിം ഇയാസും ഏവിയാറെപ്സ് ഗ്രൂപ്പ് ഇവിപി റോബർട്ട് ഒബോൽഗോഗിയാനിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
2025 ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം 85,306 ഇന്ത്യൻ വിനോദസഞ്ചാരികൾ മാലദ്വീപ് സന്ദർശിച്ചു. പ്രതിവർഷം യാത്രക്കാരുടെ എണ്ണത്തിൽ 4.7 ശതമാനത്തിന്റെ വർധനയാണുണ്ടായത്.
മാലദ്വീപിന്റെ വിനോദസഞ്ചാര മേഖലയിൽ 5.7 ശതമാനം സംഭാവന നൽകി ഇന്ത്യ നിലവിൽ ആറാം സ്ഥാനത്താണ്. ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് വളരണമെന്നാണ് ആഗ്രഹം. 2025-ൽ 20 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നുവെന്ന് ഇബ്രാഹിം ഇയാസ് പറഞ്ഞു.
നിലവിൽ എയർലൈനിന് കേരളത്തിൽനിന്ന് മാത്രമാണ് സർവീസുള്ളത്. ആഴ്ചതോറും തിരുവനന്തപുരത്തുനിന്ന് ആറ് സർവീസുകളും കൊച്ചിയിൽനിന്ന് നാല് സർവീസുകളുമാണുള്ളത്.
ബെംഗളൂരുവിൽനിന്നും ഡൽഹിയിൽനിന്നും എത്രയുംവേഗം സർവീസുകൾ ആരംഭിക്കുന്നത് പരിഗണനയിലാണ്. വിനോദസഞ്ചാര മേഖലയുടെ ഉന്നമനത്തിനായി കേരള സർക്കാരുമായി സഹകരിക്കാൻ തയ്യാറാണെന്നും ഇബ്രാഹിം ഇയാസ് പറഞ്ഞു.
Content Highlights: Maldivian, the national airline of the Maldives, is expanding its presence in India. Appointed Aviareps India as GSA for South India, increasing connectivity beyond Kerala.