'ഒരു ജീവൻ മരണ പോരാട്ട കഥ, മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും നന്ദി'- പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ

തനിക്കൊപ്പം നിന്നവർക്ക് നന്ദി അറിയിച്ച് വടക്കേ അമേരിക്കയിലെ ദെനാലി മൗണ്ടനിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ. പർവതത്തിൽ അകപ്പെട്ടുപോയതിനെ കുറിച്ചും അന്നത്തെ സംഭവ വികാസങ്ങൾ വിശദീകരിച്ചും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചു. 'ഒരു ജീവൻ മരണ പോരാട്ട കഥ.. ഒരാളെ സഹായിക്കാൻ രാജ്യം ഒറ്റക്കെട്ടായി നിന്ന കഥ! ഇന്ത്യാ മഹാരാജ്യത്തിന്റെ ശക്തിയുടെ കഥ! മുഖ്യമന്ത്രിയോടും പ്രധാനമന്ത്രിയോടും ആന്റോ ആന്റണി, ശശിതരൂർ എന്നിവരോടും മറ്റുള്ള എല്ലാവരോടും ഒരുപാട് നന്ദി' എന്ന കുറിപ്പും ഇതോടൊപ്പമുണ്ട്.
ദെനാലി പർവതത്തിൽ 17,000 അടി ഉയരത്തിലെത്തിയപ്പോഴാണ് കൊടുങ്കാറ്റിൽ ഷെയ്ഖും സുഹൃത്തും കുടുങ്ങിയത്. മുമ്പ് ഇതേ പർവതത്തിന്റെ നെറുകയിലെത്തിയ ഷെയ്ഖ് ഇത്തവണ ചെന്നൈയിലെ സുഹൃത്തിനൊപ്പമായിരുന്നു യാത്ര. ഓപ്പറേഷൻ സിന്ദൂറിന് നേതൃത്വം നൽകിയ ഇന്ത്യൻ സൈന്യത്തെ അഭിനന്ദിക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം.
ജൂൺ നാലിന് വീട്ടിൽനിന്ന് ചെന്നൈയിലെത്തി. ദുബായ് വഴി അമേരിക്കയിലേക്ക് പോയി. 10-ന് അമേരിക്കയിൽനിന്നാണ് കുടുംബാംഗങ്ങളുമായി വീഡിയോകോൾ വഴി അവസാനം സംസാരിച്ചത്. അപ്രതീക്ഷിതമായ കൊടുങ്കാറ്റിൽ മലനിരയിൽ കുടുങ്ങിയെന്നും അതിജീവിക്കാൻ ഭക്ഷണവും വെള്ളവും കുറവാണെന്നുമുള്ള സന്ദേശം പിന്നീട് സാറ്റലൈറ്റ് ഫോണിലൂടെ സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു.
തുടർന്ന്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. ഷെയ്ഖ് ഹസനെ സഹായിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായും വാഷിങ്ടണിലെ ഇന്ത്യൻ എംബസിയുമായയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ബന്ധപ്പെട്ടിരുന്നു. ആന്റോ ആന്റണി എംപിയും വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു. പിന്നീട്, ഷെയ്ഖ് ഹസൻ ഖാൻ സുരക്ഷിതനാണെന്നും ബേസ് ക്യാമ്പിലേക്ക് മടങ്ങിയെന്നും മാതാപിതാക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു.
ഏഴ് ഭൂഖണ്ഡങ്ങളിലെ ഏറ്റവുമുയർന്ന പർവതങ്ങൾ കീഴടക്കിയ ഇന്ത്യക്കാരനെന്ന നേട്ടത്തിനുടമയാണ് ഷെയ്ഖ് ഹസൻഖാൻ. സെക്രട്ടേറിയറ്റിൽ ധനകാര്യവകുപ്പിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ ഇദ്ദേഹം അവധിയെടുത്താണ് യാത്രകൾ നടത്തുന്നത്. 2022-ൽ എവറസ്റ്റ് കീഴടക്കുന്ന സമയത്ത് ഓക്‌സിജൻ തീർന്ന അവസ്ഥയും ഗർത്തങ്ങൾ നിറഞ്ഞ മൗണ്ട് ദെനാലി കയറുമ്പോഴുണ്ടായ അപകടകരമായ അവസ്ഥയും ഹസൻഖാൻ തരണംചെയ്തിരുന്നു.
Content Highlights: Malayali mountaineer Sheikh Hasan Khan thanks those who stood by him