കൊല്ലത്തുണ്ടോ? നിങ്ങൾക്കായി 'കണ്ടല്‍ക്കോട്ട' കാത്തിരിപ്പുണ്ട്, കണ്ടൽ ടൂറിസത്തിൻ്റെ പുത്തൻ സാധ്യത

കൊട്ടിയം: കായല്‍ ടൂറിസത്തിന് സാധ്യതയേറെയുള്ള ഒറ്റപ്ലാംമൂടിലെ പ്രകൃതിരമണീയമായ കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ പ്രദേശത്തിന്റെ മനോഹാരിത ബന്ധപ്പെട്ട അധികാരികള്‍ കണ്ടാല്‍ മേഖലയുടെ മുഖഛായ മാറും. സംസ്ഥാന ടൂറിസത്തിനുതന്നെ മുതല്‍ക്കൂട്ടാകുന്ന പദ്ധതികള്‍ അധികാരികള്‍ തയ്യാറാക്കി സമര്‍പ്പിക്കാത്തതിനാലാണ് കോടികളുടെ വരുമാനനഷ്ടം സര്‍ക്കാരിനും ഉണ്ടാകുന്നത്.
സുരക്ഷിതത്വവും അടിസ്ഥാനസൗകര്യങ്ങളും ഇല്ലെങ്കിലും കണ്ടല്‍ക്കാടിന്റെ മനോഹാരിത ആസ്വദിക്കുന്നതിന് വിദേശ സഞ്ചാരികളടക്കം നൂറുകണക്കിന് സഞ്ചാരികളാണ് ദിവസേന ഇവിടേക്കെത്തുന്നത്. ജില്ലാ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇത്തിക്കരയാറിന്റെ തീരത്ത് 25 ഏക്കറിലധികംവരുന്ന കണ്ടല്‍ക്കോട്ടയില്‍ വിനോദസഞ്ചാര പദ്ധതി നടപ്പാക്കുമെന്ന ജനപ്രതിനിധികളുടെ വാഗ്ദാനവും ജലരേഖയായി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഉപ്പൂറ്റിക്കണ്ടലുകള്‍ ഇത്തിക്കരയാറ്റിലും പരവൂര്‍ കായലിലുമായി കോട്ട പോലെയാണ് വളര്‍ന്നുപന്തലിച്ചു കിടക്കുന്നത്.
കണ്ടല്‍ക്കോട്ടയ്ക്കുള്ളിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് അവിസ്മരണീയമാകും. കായല്‍പ്പരപ്പില്‍ മലനിരകള്‍ പോലെയുള്ള കണ്ടല്‍ക്കോട്ടയും ഇതിനുള്ളിലേക്ക് കടക്കുന്ന കോട്ടവാതിലുകളും 200 മീറ്ററിലേറെ നീളമുള്ള കണ്ടല്‍ ഗുഹകളിലൂടെയുള്ള വഞ്ചി യാത്രയും ടൂറിസത്തിന്റെ അനന്തസാധ്യതകളാണ്. കൂടാതെ കണ്ണെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന പരവൂര്‍ കായലില്‍ ബോട്ടുയാത്രകളും കുട്ടവഞ്ചിയുമടക്കം മറ്റ് ഒട്ടേറെ സാധ്യതകളും പ്രയോജനപ്പെടുത്താം. മയ്യനാട് പഞ്ചായത്തിലെ പുല്ലിച്ചിറ, ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ കൊട്ടിയം ഒറ്റപ്ലാംമൂട്, പരവൂര്‍, ചിറക്കര, പ്രദേശങ്ങളുടെ വികസനത്തിന് ഇത് വഴിയൊരുക്കും.
കൊട്ടിയത്തെ ഒറ്റപ്ലാംമൂട് കടവില്‍നിന്നും ചിറക്കര പഞ്ചായത്തിലെ നെടുങ്ങോലം കടവില്‍നിന്നും കണ്ടല്‍ക്കാടുകളിലേക്ക് ഒരേ ദൂരമാണ്. ഒറ്റപ്ലാംമൂടിലെ കണ്ടല്‍ക്കാടുകളുടെ നയനമനോഹാരിത ടൂറിസം മന്ത്രിയടക്കം പല പ്രമുഖരുടെയും ശ്രദ്ധയില്‍പ്പെടുത്തി കൊട്ടിയം പൗരവേദിയടക്കം ഒട്ടേറെ സംഘടനകള്‍ നിവേദനങ്ങള്‍ നല്‍കിയിരുന്നു. പക്ഷേ നാടിന്റെ ഭംഗി കണ്ടറിയാനും പദ്ധതികള്‍ തയ്യാറാക്കാനും ആരുമില്ല.
Content Highlights: Discover Kodiyathoor`s stunning mangrove forests, a hidden gem in kollam