കശ്മീരിൽ വിനോദസഞ്ചാരികൾ മദ്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബോർഡ്, നീക്കംചെയ്ത് പോലീസ്; വിവാദം

ശ്രീനഗറില്‍ വ്യാപാരികള്‍ സ്ഥാപിച്ച ബോര്‍ഡ്(ഇടത്ത്) മദ്യനിരോധനത്തിനായി ഇല്‍തിജ മുഫ്തിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഒപ്പുശേഖരണ ക്യാമ്പയിന്‍(വലത്ത്) | Photo: PTI & ANI
ശ്രീനഗറില്‍ വ്യാപാരികള്‍ സ്ഥാപിച്ച ബോര്‍ഡ്(ഇടത്ത്) മദ്യനിരോധനത്തിനായി ഇല്‍തിജ മുഫ്തിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഒപ്പുശേഖരണ ക്യാമ്പയിന്‍(വലത്ത്) | Photo: PTI & ANI

മ്മു കശ്മീരിലെത്തുന്ന വിനോദസഞ്ചാരികള്‍ മദ്യ-മയക്കുമരുന്ന് ഉപയോഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ സ്ഥാപിച്ച ബോര്‍ഡ് പോലീസ് നീക്കിയതിനെച്ചൊല്ലി വിവാദം. ശ്രീനഗറിലെ ലാല്‍ചൗക്കില്‍ വ്യാപാരികള്‍ സ്ഥാപിച്ച ബോര്‍ഡാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് നീക്കംചെയ്തത്. പോലീസ് നടപടിക്കെതിരേ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും വ്യാപാരികളും രംഗത്തെത്തിയതോടെ സംഭവം വിവാദവുമായി. 

ജമ്മു കശ്മീരില്‍ മദ്യനിരോധനം നടപ്പാക്കണമെന്ന് വിവിധകോണുകളില്‍നിന്ന് മുറവിളി ഉയരുന്നതിനിടെയാണ് വെള്ളിയാഴ്ച ശ്രീനഗറില്‍ വ്യാപാരികളുടെ നേതൃത്വത്തില്‍ ബോര്‍ഡ് സ്ഥാപിച്ചത്. പ്രാദേശിക സംസ്‌കാരത്തെയും പാരമ്പര്യത്തെയും ബഹുമാനിക്കണമെന്നും വിനോദസഞ്ചാരികള്‍ മദ്യവും മയക്കുമരുന്നും നിരത്തുകളില്‍ തുപ്പുന്നതും പുകവലിയും ഒഴിവാക്കണമെന്നുമായിരുന്നു ലാല്‍ചൗക്കിലെ ക്ലോക്ക് ടവറിന് സമീപം സ്ഥാപിച്ച ബോര്‍ഡിലെ ഉള്ളടക്കം. 'വിനോദസഞ്ചാരികള്‍ക്ക് സ്വാഗതം. ഭൂമിയിലെ സ്വര്‍ഗത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ സെന്‍ട്രല്‍ ലാല്‍ചൗക്കിലെ വ്യാപാരി അസോസിയേഷന്‍ നിങ്ങളെ ക്ഷണിക്കുന്നു. നിങ്ങളുടെ യാത്ര അവിസ്മരണീയവും ആസ്വാദ്യകരവുമാക്കാന്‍ മദ്യം, മയക്കുമരുന്ന്, പുകവലി, നിരത്തുകളില്‍ തുപ്പുക തുടങ്ങിയവ ഒഴിവാക്കാന്‍ ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്. ഞങ്ങളുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും ബഹുമാനിക്കുക. ഞങ്ങളുടെ വശ്യതയാര്‍ന്ന നഗരത്തില്‍ നിങ്ങളുടെ സമയം ആസ്വദിക്കുക' എന്നായിരുന്നു ബോര്‍ഡിലെ വാക്കുകള്‍. അതേസമയം, ബോര്‍ഡിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലടക്കം വൈറലായതോടെ വെള്ളിയാഴ്ച വൈകീട്ടോടെ തന്നെ പോലീസ് ഇതെല്ലാം നീക്കംചെയ്‌തെന്നാണ് ലാല്‍ചൗക്കിലെ വ്യാപാരികളുടെ ആരോപണം. പോലീസ് നടപടിക്കെതിരേ വിവിധ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. 

കശ്മീരിലെ ജനങ്ങള്‍ക്ക് അവരുടെ സംസ്‌കാരവും വിശ്വാസവും സംരക്ഷിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ശ്രീനഗര്‍ എം.പി.യുമായ ആഗ റൂഹുള്ളയുടെ പ്രതികരണം. ബോര്‍ഡ് സ്ഥാപിച്ചതിലൂടെ ഏതുനിയമമാണ് ലംഘിച്ചതെന്ന് പോലീസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോലീസ് നടപടി വിചിത്രവും ദൗര്‍ഭാഗ്യകരവുമാണെന്ന് മുഖ്യപുരോഹിതനായ മിര്‍വൈസ് ഉമര്‍ ഫാറൂഖ് പറഞ്ഞു. പോലീസ് നടപടി അനുചിതമായെന്ന് പി.ഡി.പി. നേതാവ് ഇല്‍തിജ മുഫ്തിയും പ്രതികരിച്ചു. ''മദ്യലഹരിയിലുള്ള വിനോദസഞ്ചാരികളുടെ ഒട്ടേറെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അവരില്‍ ചിലര്‍ ദാല്‍ തടാകത്തിലേക്ക് മൂത്രമൊഴിക്കുന്നതടക്കം ദൃശ്യങ്ങളിലുണ്ടായിരുന്നു. ഇത് കേവലം മദ്യത്തെക്കുറിച്ച് മാത്രമല്ല. സാമൂഹികമര്യാദകള്‍ പാലിക്കുന്നതിനെക്കുറിച്ചും കൂടിയാണ്. ഗുജറാത്തിനെ മദ്യനിരോധിത സംസ്ഥാനമായി പ്രഖ്യാപിക്കാമെങ്കില്‍ ജമ്മുകശ്മീരിനും അതേ യുക്തി ബാധകമാണെന്നും ഇല്‍തിജ മുഫ്തി പറഞ്ഞു. 

ജമ്മു കശ്മീരില്‍ മദ്യനിരോധനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി, നാഷണല്‍ കോണ്‍ഫറന്‍സ്, എ.ഐ.പി. എം.എല്‍.എ.മാര്‍ നിയമസഭയില്‍ സ്വകാര്യബില്ലുകള്‍ അവതരിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ ഇല്‍തിജ മുഫ്തിയുടെ നേതൃത്വത്തില്‍ വ്യാപകമായ ഒപ്പുശേഖരണവും ആരംഭിച്ചിരുന്നു. 


 

Content Highlights: Police in Srinagar removed a board urging tourists to avoid alcohol and drugs, sparking row