വിമാനത്തില്‍ യാത്ര, ബോട്ടില്‍ കറക്കം, വന്ദേ ഭാരതില്‍ മടക്കം; ഇതാണ് ഇപ്പോള്‍ കാസര്‍കോടന്‍ യാത്ര വൈബ്

കാഞ്ഞങ്ങാട്: പ്രായം അറുപതും എഴുപതും പിന്നിട്ടവരാണ് കൂട്ടത്തില്‍ കൂടുതലും. വര്‍ഷങ്ങളായി ഉള്ളില്‍ കൊണ്ടുനടന്ന ആഗ്രഹം തീര്‍ത്ത് ഒരു വിമാനയാത്ര. വെളുക്കുമ്പം തുടങ്ങി ഇരുട്ട് വീഴുന്നതുവരെ എല്ലാം മറന്നുള്ള ഉല്ലാസം. ഒടുവില്‍ ഒന്നോ രണ്ടോ ദിനരാത്ര ഓര്‍മ്മകളുമായി വന്ദേഭാരതില്‍ മടക്കം. കാസര്‍കോടന്‍ ഗ്രാമങ്ങളിലടക്കം ഇതിപ്പോള്‍ ഒരു ട്രെന്‍ഡാണ്. കുടുംബശ്രീക്കാരും ഹരിത കര്മസേനക്കാരും മുതല്‍ പുരുഷ സ്വയംസഹായ സംഘങ്ങള്‍ വരെ വിമാനയാത്ര നടത്തി വിനോദത്തിലലിയുന്നു. കാഞ്ഞങ്ങാട്ടെ ഹരിതകര്‍മസേനയിലെ 60 പേരാണ് ഏതാനും ദിവസം മുന്‍പ് തിരുവനന്തപുരത്തേക്ക് യാത്ര പോയത്.
അന്‍പത്തഞ്ചും അറുപതും വയസ്സായവരായിരുന്നു കൂടുതലും. കണ്ണൂര്‍ വിമാനത്താവളം വരെ ബസ്. അവിടെനിന്ന് തിരുവനന്തപുരംവരെ വിമാനം. പിറ്റേന്ന് സെക്രട്ടേറിയറ്റും നിയമസഭയും ആറ്റുകാല്‍ ഭഗവതി ക്ഷേത്രവും രാജകൊട്ടാരവും മ്യൂസിയവുമൊക്കെ കണ്ട് തീവണ്ടിയില്‍ തിരികെ യാത്ര. 'പലര്‍ക്കും വലിയ ആഗ്രഹമായിരുന്നു ഒരു വിമാനയാത്രയെന്നത്. അത് സാധിച്ചുകൊടുത്തുവെന്ന സന്തോഷമാണിപ്പോള്‍' -ഹരിതകര്‍മസേനാ പ്രസിഡന്റ് ബി. ഗീതാകുമാരിയും ബി.എം. പ്രസീനയും പറഞ്ഞു.
കഴിഞ്ഞദിവസം ഉദിനൂര്‍ തടിയന്‍കൊവ്വല്‍ കൈരളി ഗ്രന്ഥാലയം വയോജനവേദിക്കാര് പോയത് ബെംഗളൂരുവിലേക്കാണ്. 80 കഴിഞ്ഞ കരപ്പാത്ത് കുഞ്ഞിരാമനും 70 കഴിഞ്ഞ കെ. നാരായണന്, വി.വി. ദാമോദരന്‍, എ. നാരായണി, കെ. സരോജിനി എന്നിവരുള്‍പ്പെടെ 45 പേരടങ്ങിയ സംഘത്തിന്റെ വിമാനയാത്ര. വിമാനത്താവളം പോലും കണ്ടിട്ടില്ലാത്തവരായിരുന്നു യാത്രികരില്‍ ഭൂരിഭാഗവും.
ബെംഗളൂരു മെട്രോ യാത്രയും ഇസ്കോണ്‍ ടെമ്പിള്‍, ലാല്‍ബാഗ് പൂന്തോട്ടം കാഴ്ചകളുമെല്ലാമായി ജീവിതസായന്തനത്തിലെ ഉല്ലാസയാത്ര. 'ഇനിയൊരു കപ്പല്‍ യാത്രയെക്കുറിച്ചാണ് ആലോചിക്കുന്നത്'-ഗ്രന്ഥാലയം പ്രസിഡന്റ് പി.പി. കരുണാകരനും സെക്രട്ടറി എ. ബാബുരാജും പറഞ്ഞു.
മാസങ്ങള്‍ക്കു മുന്‍പ് കിനാനൂര്‍-കരിന്തളത്തെ 24 ഹരിതകര്മസേനക്കാര് പോയത് കൊച്ചിയിലേക്കായിരുന്നു. കണ്ണൂരില്‍നിന്ന് കൊച്ചിവരെ വിമാനത്തില്‍. കൊച്ചിക്കായലില്‍ ബോട്ട് യാത്ര. പകലന്തിയോളം വിവിധ കാഴ്ചകള്‍. വന്ദേഭാരതില്‍ മടങ്ങി. കാഞ്ഞങ്ങാട് ഏരിയ ജനാധിപത്യ മഹിളാ അസോസിയേഷന് 26 പേരുമായി വിമാനത്തില്‍ പോയി ബെംഗളൂരു കണ്ട് മടങ്ങി.
മടിക്കൈ തിയര്പ്പാലത്തെ കുടുംബശ്രീക്കാരും നീലേശ്വരം ചിറപ്പുറത്തെ തൊഴിലുറപ്പ് തൊഴിലാളികളുമെല്ലാം ഇതേ രീതിയില്‍ ഉല്ലാസയാത്ര നടത്തി. രണ്ടുവര്‍ഷം മുന്‍പ് മുളിയാര്‍ കുടുംബശ്രീക്കാര് അവരുടെ ബാലസഭയിലെ 15 കുട്ടികളെ കണ്ണൂരില്‍നിന്ന് തിരുവനനന്തപുരത്തേക്ക് വിമാനത്തില്‍ കൊണ്ടുപോയതിനുശേഷമാണ് ഇത്തരമൊരു ട്രെന്‍ഡ് ഉണ്ടായത്. രണ്ടുവര്‍ഷം ഇതുവരെ കാസര്‍കോട്ടെ നിരവധി കൂട്ടായ്മകള്‍ വിമാനമാര്ഗമെത്തിയെന്ന് മുനിസിപ്പല്‍ ചെയര്മാന്മാരുടെ ചേംബര്‍ കാര്യാലയത്തിന്റെ മനേജരായി തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടെ വി. രാജേഷ് പറഞ്ഞു.
ഈ മാസവും അടുത്തമാസവുമായി യാത്രപോകാനൊരുക്കം നടത്തുന്നവരും കുറവല്ല. ആകാശവും കായലും റോഡും റെയിലും. ഒറ്റ യാത്രയില്‍ എല്ലാമുള്പ്പെടുന്നുവെന്നതാണ് ഇത്തരം ഉല്ലാസയാത്രകളുടെ പ്രത്യേകതയെന്ന് ടൂര്‍ കോഡിനേറ്റര്‍മാര്‍ പറയുന്നു. തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമാണെങ്കില് ഒരാള്‍ക്ക് 7,000 രൂപയില്‍ താഴെയാണ് ചെലവ്.
Content Highlights: Elderly groups in Kasargod are fulfilling dreams of flying. Experience their joy with Vande Bharat train returns, boat rides, and unforgettable adventures.