കണ്ണൂർ വിമാനത്താവളത്തിൽ വേനൽക്കാല ഷെഡ്യൂളിൽ കൂടുതൽ സർവീസുകൾ; എയർലൈനുകളും റൂട്ടുകളും അറിയാം

#Travel Desk
കണ്ണൂർ വിമാനത്താവളം | ഫോട്ടോ: മാതൃഭൂമി
കണ്ണൂർ വിമാനത്താവളം | ഫോട്ടോ: മാതൃഭൂമി

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മാർച്ച് അവസാനത്തോടെ തുടങ്ങുന്ന വേനൽക്കാല ഷെഡ്യൂളിൽ കൂടുതൽ സർവീസുകൾ നടത്തും. 12 അന്താരാഷ്ട്ര സെക്ടറുകളിലേക്കും ഒൻപത് ആഭ്യന്തര സെക്ടറുകളിലേക്കുമാണ് സർവീസുകൾ നടത്തുക. ശൈത്യകാല ഷെഡ്യൂളിനെക്കാൾ 30 ശതമാനം സർവീസുകൾ വർധിക്കും.

ശൈത്യകാല ഷെഡ്യൂളിൽ പിൻവലിച്ച എല്ലാ റൂട്ടുകളിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുനരാരംഭിക്കും. കുവൈത്ത്, ബഹ്‌റൈൻ, ജിദ്ദ എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകളും റിയാദ്, ഷാർജ, ദുബായ് എന്നിവിടങ്ങളിലേക്ക് അധിക സർവീസുകളുമുണ്ടാകും. അന്താരാഷ്ട്ര സർവീസുകൾ ആഴ്ചയിൽ 34 ൽ നിന്ന് 50 ആയി ഉയരും. ബെംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ആഭ്യന്തര സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ് നടത്തും.

അബുദാബി, ഫുജൈറ, ദമ്മാം, ദോഹ എന്നിവിടങ്ങളിലേക്ക് ഇൻഡിഗോയുടെ സർവീസുകളുണ്ടാകും. കുവൈത്തിലേക്ക് സർവീസ് പുനരാരംഭിക്കും. ആഭ്യന്തര സെക്ടറിൽ നവിമുംബൈയിലേക്ക് ഇൻഡിഗോ പുതിയ സർവീസ് തുടങ്ങും. തിരുവനന്തപുരം, കൊച്ചി, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കും സർവീസുകളുണ്ട്.

ശ്രീനഗർ, കൊൽക്കത്ത, പുണെ, ഗോവ, റാഞ്ചി, ഗുവാഹത്തി, സൂറത്ത്, അഹമ്മദാബാദ്, ജയ്പൂർ, ലഖ്‌നൗ, വാരണാസി, വിശാഖപട്ടണം, ഭുവനേശ്വർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബെംഗളൂരു, ഡൽഹി വഴി കണക്ഷൻ സർവീസുകളുമുണ്ടാകും.

ഗൾഫ് മേഖലയിലെ യുദ്ധ സാഹചര്യവും വ്യോമപാത അടച്ചിടുന്നതും കണക്കിലെടുത്ത് നിയന്ത്രണങ്ങൾക്ക് വിധേയമായാണ് അന്താരാഷ്ട്ര സർവീസുകൾ നടത്തുകയെന്ന് കിയാൽ അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.

Content Highlights: 30% increase in total flight operations compared to winter schedule., Expansion to 12 international and 9 domestic sectors., Air India Express resuming withdrawn routes and adding new Gulf connections., IndiGo launching new services including Navi Mumbai., Connection flights available to various major Indian cities via Delhi and Bengaluru.