'വൃത്തിഹീനമായതും സുരക്ഷിതമല്ലാത്തതുമായ സ്ഥലം'; യൂറോപ്പിന്റെ മറ്റൊരു മുഖം കാണിച്ച് യുവാവ് | വീഡിയോ

#Travel Desk
വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photos: instagram.com/travelwprateek
വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photos: instagram.com/travelwprateek

നോഹരമായ, വൃത്തിയുള്ള നഗരങ്ങളാണ് യൂറോപ്പിനെ കുറിച്ച് പൊതുവേ എല്ലാവരുടേയും മനസിലുള്ള ചിത്രം. എന്നാൽ ഇതിന്റെ മറ്റൊരു വശം കാണിക്കുകയാണ് ഇന്ത്യക്കാരനായ യുവാവ്. യൂറോപ്പിലേക്കുള്ള സ്വപ്‌നയാത്രയ്ക്കിടെയാണ് ഈ കാഴ്ചകൾ താൻ കണ്ടതെന്നും ട്രാവൽ വ്‌ളോഗറായ പ്രതീക് സിങ് പറയുന്നു.

'യൂറോപ്പ് അനിഷേധ്യമാം വിധം മനോഹരമാണ്. വാസ്തുവിദ്യയും ചരിത്രവുമെല്ലാം നമുക്ക് കാണാതിരിക്കാനാകില്ല. എന്നാൽ ഇപ്പോൾ ഇവിടെ യാത്ര ചെയ്യുന്നത് കുറച്ച് സങ്കീർണമായാണ് തോന്നുന്നത്. മുറിച്ചുവെച്ച പോലെയുള്ള തെരുവുകൾക്കപ്പുറം പല നഗരങ്ങളിലും അവഗണന ദൃശ്യമാണ്. ഒരുകാലത്ത് നിർമലമായി തോന്നിയിരുന്ന പ്രദേശങ്ങൾ ഇന്ന് വൃത്തികെട്ടതും കുഴപ്പങ്ങളുള്ളതും ചിലസമയങ്ങളിൽ സുരക്ഷിതമല്ലാത്തതുമായ ഇടങ്ങളായാണ് ഇപ്പോൾ തോന്നുന്നത്.' -പ്രതീക് സിങ് പറഞ്ഞു.

യൂറോപ്പിലേക്ക് യാത്ര ചെയ്യാനായി നടത്തിയ പരിശ്രമങ്ങൾ അവിടെ നിന്നുണ്ടായ അനുഭവങ്ങളുമായി ഒത്തുപോകുന്നതാണോ എന്ന സംശയവും പ്രതീക് പ്രകടിപ്പിച്ചു. ഷെങ്കൻ വിസ ലഭിക്കാനുള്ള കർശനമായ പ്രക്രിയയേയും അതിനായി ബാങ്ക് സ്റ്റേറ്റ്‌മെന്റ്, കവർ ലെറ്റർ, ഹോട്ടൽ ബുക്കിങ്, ഇൻഷുറൻസ് തുടങ്ങിയ നിരവധി രേഖകൾ ഹാജരാക്കുന്നതുമെല്ലാം ഉദ്ദേശിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'നിങ്ങൾ ഇതെല്ലാം മറികടക്കുന്നത് അവിടെ മികച്ച അനുഭവമുണ്ടാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ടാണ്. പിന്നീട് നിങ്ങൾ നിങ്ങളോട് തന്നെ ചോദിക്കും, അതിനുമാത്രമെല്ലാം ഉണ്ടോ ഇത് എന്ന്.' -സിങ് കൂട്ടിച്ചേർത്തു. ‘യൂറോപ്പിന്റെ യാഥാർഥ്യം’ എന്ന തലക്കെട്ടോടെയാണ് ഇദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. 

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയ്ക്ക് വലിയ പ്രതികരണങ്ങളാണ് ലഭിച്ചത്. നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റുകളിട്ടു. 'ഇതെല്ലാം ചൂണ്ടിക്കാണിക്കാൻ ഒരാൾ വേണമായിരുന്നു. ബോളിവുഡ് സിനിമകളിലൂടെ നമ്മൾ യൂറോപ്പിനെ സ്വപ്‌നഭൂമിയയാക്കിയിരിക്കുകയാണ്' -ഒരാൾ കുറിച്ചു. 'പൂർണമായും യോജിക്കുന്നു. ജപ്പാനും കൊറിയയും തായ്‌വാനും വിയറ്റ്‌നാമുമെല്ലാം പത്ത് മടങ്ങ് മികച്ചതാണ്.' -മറ്റൊരാൾ കുറിച്ചു.

Content Highlights: Indian travel vlogger Pratik Singh exposes the unhygienic and unsafe side of European cities in a viral video. He questions if the rigorous Schengen visa process is worth the disappointing reality found beyond the tourist spots.