ഫ്‌ളൈറ്റ് യാത്രയിൽ ഡ്യൂട്ടി ഫ്രീയായി എത്ര 'കുപ്പി' കൊണ്ടുവരാം? ബിയറും വൈനും കൊണ്ടുവരുന്നതിൽ അളവുണ്ടോ?

വിദേശത്തുനിന്ന് നാട്ടിലേക്ക് വിമാനം കയറുമ്പോൾ അല്പം മദ്യം കരുതാമെന്നു കരുതുന്നവരാണോ നിങ്ങൾ? മലയാളി യാത്രക്കാർക്ക് പലപ്പോഴും പറ്റുന്ന അമളി എയർപോർട്ടിലെ കസ്റ്റംസ് കൗണ്ടറിലാണ്. 'എയർലൈൻ അനുവദിച്ചത് അഞ്ചു ലിറ്ററാണല്ലോ, പിന്നെന്താ കുഴപ്പം?' എന്ന സംശയമാണ് പലർക്കും.

1. കസ്റ്റംസ് നിയമം: രണ്ടു ലിറ്റർ ഡ്യൂട്ടി-ഫ്രീ അലവൻസ്

പരിധി: വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വരുന്ന ഒരു യാത്രക്കാരന് പരമാവധി രണ്ടു ലിറ്റർ മദ്യം/വൈൻ/ബിയർ ഡ്യൂട്ടിയില്ലാതെ (Duty-Free) കൊണ്ടുവരാം.

അളവാണ് പ്രധാനം: കുപ്പികളുടെ എണ്ണത്തിലല്ല, ആകെ അളവിലാണ് (Volume) കണക്ക്.

വ്യക്തിഗത പരിധി: കുടുംബമായി യാത്ര ചെയ്യുമ്പോൾ ഒരാളുടെ അലവൻസ് മറ്റൊരാളുടേതിലേക്ക് കൂട്ടിചേർക്കാൻ (Pooling) കസ്റ്റംസ് അനുവദിക്കില്ല. മുതിർന്ന ഓരോ യാത്രക്കാരനും വെവ്വേറെ രണ്ടു ലിറ്റർ വീതമേ അലവൻസുള്ളൂ.

2. 'എയർലൈൻ 5 ലിറ്റർ അനുവദിക്കുന്നുണ്ടല്ലോ?' - ഈ തെറ്റിദ്ധാരണ വേണ്ട!

എയർലൈൻ നിയമവും ഇന്ത്യയിലെ കസ്റ്റംസ് ഡ്യൂട്ടി നിയമവും രണ്ടും രണ്ടാണ്.

എയർലൈൻ നിയമം (IATA Rules): സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് 24% മുതൽ 70% വരെ ആൽക്കഹോൾ അടങ്ങിയ മദ്യം ഒറിജിനൽ പാക്കേജിംഗിൽ അഞ്ചു ലിറ്റർ വരെ ചെക്ക്-ഇൻ ബാഗേജിൽ കൊണ്ടുപോകാൻ വിമാനക്കമ്പനികൾ അനുവദിക്കാറുണ്ട്.

കസ്റ്റംസ് നിയമം (Customs Rules): എന്നാൽ ഇന്ത്യയിൽ വിമാനമിറങ്ങുമ്പോൾ രണ്ടു ലിറ്ററിന് മുകളിലെ മുഴുവൻ അളവിനും നിങ്ങൾ കസ്റ്റംസ് ഡ്യൂട്ടി നൽകേണ്ടി വരും.

ഉദാഹരണത്തിന്: നിങ്ങൾ അഞ്ചു ലിറ്റർ മദ്യവുമായി വന്നാൽ, ആദ്യത്തെ രണ്ടു ലിറ്റർ ഡ്യൂട്ടി ഫ്രീയായി കൊണ്ടുപോകാം. ബാക്കി വരുന്ന മൂന്ന് ലിറ്ററിന് ഉയർന്ന ഡ്യൂട്ടി അടയ്‌ക്കേണ്ടി വരും.

3. കുപ്പിയൊന്ന് കൂടിയാൽ എന്ത് സംഭവിക്കും?

രണ്ടുലിറ്ററിൽ കൂടുതൽ മദ്യം കൈവശമുണ്ടെങ്കിൽ അത് കസ്റ്റംസ് റെഡ് ചാനൽ (Red Channel) വഴി ഡിക്ലെയർ ചെയ്ത് പുറത്തുകടക്കണം.

ഡിക്ലെയർ ചെയ്യാതെ ഗ്രീൻ ചാനലിലൂടെ (Green Channel) കടക്കാൻ ശ്രമിച്ചാൽ നിയമനടപടികളും പിഴയും നേരിടേണ്ടി വരും.

രണ്ടുലിറ്ററിന് മുകളിലെ മദ്യത്തിന് അതിന്റെ കാറ്റഗറി അനുസരിച്ച് (വൈൻ, ബിയർ, വിസ്‌കി മുതലായവ) ഉയർന്ന നിരക്കിൽ ഇറക്കുമതി തീരുവ നൽകണം.

4. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

ബിയറിനും വൈനിനും വേറെ കണക്കില്ല: വിസ്‌കിയോ ബിയറോ വൈനോ ആകട്ടെ, ഇവയുടെയെല്ലാം ആകെ തുക രണ്ടു ലിറ്റർ കവിയരുത്. (ഉദാഹരണത്തിന്: 330 ml വീതമുള്ള 6 ബിയർ കാനുകൾ = 1.98 ലിറ്റർ. അതോടെ നിങ്ങളുടെ ഡ്യൂട്ടി ഫ്രീ പരിധി അവസാനിച്ചു).

പാതി കുടിച്ച കുപ്പികൾ പാടില്ല: ഒറിജിനൽ റീട്ടെയിൽ പാക്കേജിംഗിലുള്ള, തുറക്കാത്ത കുപ്പികൾ മാത്രമേ ചെക്ക്-ഇൻ ബാഗേജിൽ അനുവദിക്കൂ.

70%-ൽ കൂടുതൽ ആൽക്കഹോൾ: 70 ശതമാനത്തിൽ കൂടുതൽ ആൽക്കഹോൾ അടങ്ങിയ വീര്യം കൂടിയ ലഹരിപാനീയങ്ങൾ (Overproof Spirits) വിമാനത്തിൽ കൊണ്ടുപോകുന്നത് ഡേഞ്ചറസ് ഗൂഡ്സ് ചട്ടപ്രകാരം പൂർണമായും നിരോധിച്ചിട്ടുണ്ട്.

ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്: വിദേശ എയർപോർട്ടിൽ നിന്ന് രണ്ടു ലിറ്ററും, നാട്ടിലെ അറൈവൽ ഡ്യൂട്ടി ഫ്രീയിൽ നിന്ന് വീണ്ടും രണ്ടു ലിറ്ററും വാങ്ങാമെന്ന് കരുതരുത്. കൈവശമുള്ള ആകെ മദ്യത്തിന്റെ അളവ് രണ്ടു ലിറ്ററിൽ കൂടരുത്. Connecting Flights ഉള്ളവർ സെക്യൂരിറ്റി ടാംപ്പർ എവിഡന്റ് ബാഗുകളിൽ (STEB) മാത്രമേ കാബിൻ ബാഗേജിൽ മദ്യം സൂക്ഷിക്കാവൂ.

നാട്ടിലേക്ക് പോരുമ്പോൾ എയർപോർട്ടിലെ അനാവശ്യ തർക്കങ്ങളും പിഴയും ഒഴിവാക്കാൻ കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് ബോർഡിന്റെയും (CBIC), നിങ്ങൾ യാത്ര ചെയ്യുന്ന എയർലൈനിന്റെയും പുതിയ നിർദ്ദേശങ്ങൾ എപ്പോഴും ശ്രദ്ധിക്കുക.

Content Highlights: Passengers can bring a maximum of 2 litres of duty-free alcohol/wine/beer to India., Airlines may allow up to 5 litres in check-in baggage, but Indian customs duty applies to anything over 2 litres., Family members cannot pool their individual 2-litre duty-free allowances., Failing to declare excess alcohol at the Red Channel can result in heavy fines and legal action.