കൊറോണ വൈറസ്: പ്രവാസികളുടെ യാത്രകള്‍ അനിശ്ചിതത്വത്തില്‍
ദുബായ്: എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പലയിടങ്ങളിലും യാത്രകളിലും നിയന്ത്രണം വന്നുകൊണ്ടിരിക്കുകയാണ്. ചില രാജ്യങ്ങളിലേക്കുള്ള വിമാനസര്‍വീസുകള്‍ വെട്ടിക്കുറച്ചതും ചില രാജ്യങ്ങള്‍ രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതുമെല്ലാം പ്രവാസികളുടെ യാത്രകളും അനിശ്ചിതത്വത്തിലാക്കി.
സാധാരണഗതിയില്‍ അവധിക്ക് നാട്ടിലേക്ക് കുടുംബങ്ങളുമായി പോകാറുള്ള പ്രവാസികള്‍ ഇത്തവണ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. നാട്ടിലേക്കു പോയിക്കഴിഞ്ഞാല്‍ പിന്നീട് തിരിച്ചുവരാന്‍ എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടാവുമോ എന്നതാണ് പ്രധാന ആശങ്ക. കുവൈത്ത് ഇപ്പോള്‍ മുന്നോട്ടുവെച്ച ഉപാധി മറ്റു രാജ്യങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുമോയെന്ന ആശങ്കയാണ് മിക്ക പ്രവാസികള്‍ക്കും.
മാര്‍ച്ച് എട്ടുമുതലാണ് രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റിനായി കുവൈത്ത് വ്യവസ്ഥ വെച്ചിരിക്കുന്നത്. അതത് രാജ്യത്തെ കുവൈത്ത് എംബസികളുടെ അംഗീകൃത വൈദ്യകേന്ദ്രങ്ങളില്‍നിന്ന് സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം വേണമെന്നാണ് വ്യവസ്ഥ. നാട്ടില്‍നിന്ന്, വൈറസ് ബാധിതനല്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ലഭിക്കുന്നതിന് യാത്രക്കാര്‍ക്ക് ഏറെ കടമ്പകള്‍ കടക്കേണ്ടിവരും. വിസയുടെ കാലാവധി തീരാനായവരും പെട്ടെന്ന് ജോലിയില്‍ പ്രവേശിക്കേണ്ടവരുമെല്ലാം പുതിയ വ്യവസ്ഥയോടെ ആകെ അങ്കലാപ്പിലാണ്.
സൗദി അറേബ്യയിലെ ഉംറ ചടങ്ങും താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. തീർഥാടകരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഉംറ നിർത്തലാത്തിയതെന്ന് സൗദി സർക്കാർ അറിയിച്ചു.തീര്‍ഥാടകരുടെ രണ്ടു വിശുദ്ധ പള്ളികളിലേക്ക് കൊറോണ വൈറസ് പടരുന്നത് തടയുന്നതിന് സൗദി സര്‍ക്കാര്‍ നിരന്തരം സ്വീകരിച്ചുകൊണ്ടിരിക്കുന്ന മുന്‍കരുതലിന്റെ ഭാഗമായാണ് തീരുമാനം. സ്ഥിതിഗതികള്‍ മെച്ചപ്പെടുമ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
സൗദിയിലേക്ക് വരുന്നവരെ ആരോഗ്യപരിശോധനയ്ക്കും നിരീക്ഷണങ്ങള്‍ക്കും വിധേയരാക്കുന്നുണ്ട്. രാജ്യത്തേക്കുള്ള ടൂറിസ്റ്റ് വിസകള്‍ നിര്‍ത്തിവെച്ചു. ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ക്ക് പാസ്‌പോര്‍ട്ടിനുപകരം ഐ.ഡി. കാര്‍ഡ് ഉപയോഗിച്ചുള്ള സഞ്ചാരസ്വാതന്ത്ര്യവും താത്കാലികമായി നിര്‍ത്തി.
Content Hilghlights:expats suffer travel issues in UAE, Corona Virus
Content Highlights: