വിസ്മയ കാഴ്ചയൊരുക്കാൻ ദുബായ് ഗ്ലോബൽ വില്ലേജ്, പുതിയ സീസൺ പ്രഖ്യാപിച്ചു, തീയതി അറിയാം

ദുബായ്: വിനോദ സഞ്ചാരികളുടേയും ഷോപ്പിങ് പ്രിയരുടേയും പറുദീസയായ ദുബായ് ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസൺ പ്രഖ്യാപിച്ചു. ഒക്ടോബർ 15 മുതൽ മേയ് പത്തുവരെ നീണ്ടു നിൽക്കുന്നതാകും ആഗോള ഗ്രാമത്തിലെ അത്ഭുത കാഴ്ചകൾ.
മുപ്പതാമത് വർഷമയാതിനാൽ കൂടുതൽ ആകർഷണങ്ങളും അത്ഭുതങ്ങളുമായാണ് ദുബായ് ഗ്ലോബൽ വില്ലേജ് സന്ദർശകരെ സ്വീകരിക്കുക. കഴിഞ്ഞ വർഷത്തേക്കാൾ ഒരു ദിവസം നേരത്തെയാണ് ഇത്തവണ സീസൺ ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം 25 മുതൽ 30 ദിർഹം വരെയായിരുന്നു പ്രവേശന നിരക്ക്. മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 65 വയസ്സ് കഴിഞ്ഞവർക്കും പ്രവേശനം സൗജന്യമായിരുന്നു. ഇത്തവണത്തെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിട്ടില്ല.
ഗ്ലോബൽ വില്ലേജ് തുറന്നിട്ട് 30 വർഷം പൂർത്തിയാകുന്ന സീസൺ ആയതിനാൽ കൂടുതൽ കാഴ്ചകളും വ്യാപാര - വിനോദോപാധികളും ഇത്തവണയുണ്ടാകും. ഇരുന്നൂറിലധികം ഭക്ഷണ ശാലകളും അത്രയും തന്നെ റൈഡറുകളുമാണ് കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്നത്. നാൽപതിനായിരത്തോളം കലാ-സാംസ്കാരിക പരിപാടികളും സ്റ്റേജ് ഷോകളും അരങ്ങേറി. മുപ്പത് പവലിയനും കഴിഞ്ഞ സീസണിൽ ഒരുക്കിയിരുന്നു.
ഇത്തവണ ഇതെല്ലാം മറികടക്കുമെന്നാണ് പ്രതീക്ഷ. വെടിക്കെട്ട്, കരിമരുന്ന് പ്രയോഗം, ക്രിസ്തുമസ് ആഘോഷം, വിവിധരാജ്യങ്ങളിലെ പുതുവർഷ പിറവി ആഘോഷം എന്നിവയെല്ലാം ഗ്ലോബൽ വില്ലേജിലുണ്ടാകും. വിവിധ രാജ്യങ്ങളിൽ നിന്നായി ഒന്നരകോടി സന്ദർശകരാണ് കഴിഞ്ഞ സീസണിൽ ദുബായ് ഗ്ലോബൽ വില്ലേജിലെത്തിയത്.
Content Highlights: Experience the magic of Dubai Global Village! The new season opens on October 15th