നീലാചല്കുന്നിന് മുകളിലെ അമ്പുബാച്ചി മേള; കാമാഖ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് ശനിയാഴ്ച തുടക്കമാവും

അത്യപൂര്‍വമായ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കേന്ദ്രമാണ് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്ന് കൂടിയായ അസമിലെ കാമാഖ്യ. വടക്കുകിഴക്കിന്റെ കുംഭമേള എന്നറിയപ്പെടുന്ന അമ്പുബാച്ചി മേളയാണ് കാമാഖ്യ ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ജൂണ്‍ 22 മുതല്‍ ജൂണ്‍ 26 വരെയാണ് ഇത്തവണത്തെ അമ്പുബാച്ചി മേള അരങ്ങേറുക.
മതപരമായ ചടങ്ങ് എന്നതിനപ്പുറത്തേക്ക് അസമിന്റെ സാംസ്കാരികമായ വൈവിധ്യങ്ങളെ അടുത്തറിയാനുള്ള അപൂര്‍വ അവസരം കൂടിയാണ് അമ്പുബാച്ചി മേള. ഈ ദിനങ്ങളില്‍ കാമാഖ്യ രജസ്വലയാകുമെന്ന് വിശ്വാസം. ക്ഷേത്രത്തില്‍ പൂജകള്‍ നടക്കില്ല. അതിനാല്‍ ജൂണ്‍ 22 മുതല്‍ ജൂണ്‍ 25 ക്ഷേത്രം അടച്ചിടും. നാലാംദിവസം ക്ഷേത്രവാതിലുകള്‍ തുറക്കുകയും കാമാഖ്യയുടെ ആര്‍ത്തവരക്തം പുരണ്ടതെന്ന് വിശ്വസിക്കുന്ന തുണിക്കഷണം പ്രസാദമായി നല്‍കുകയും ചെയ്യുന്നു.
മേളയുമായി ബന്ധപ്പെട്ട് പ്രദേശത്ത് സര്‍ക്കാര്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തവണ വി.ഐ.പി പാസുകള്‍ അനുവദിക്കില്ലെന്ന് ക്ഷേത്രം കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. വി.ഐ.പികളും ക്യു നിന്ന് വേണം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍. പ്രദേശത്തെ റോഡുകളിലും ഫെറി സര്‍വീസിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അസമിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് കാമാഖ്യ. ഗുവാഹട്ടിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നീലാചല്‍കുന്നിന്റെ മുകളിലാണ് കാമാഖ്യാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രസമുച്ചയത്തില്‍ പ്രധാന ഭഗവതിയെ കൂടാതെ പത്ത് ദേവീ സ്ഥാനങ്ങള്‍കൂടി സങ്കല്പിക്കപ്പെടുന്നു.
ഭാരതത്തിലെ അന്പത്തിയൊന്നു ശക്തിപീഠങ്ങളില്‍ ഒന്നാണ് കാമാഖ്യ ക്ഷേത്രം. ഇവിടെ ദേവി കാമാതുരയും സ്ത്രൈണ ശക്തിയുടെ കേന്ദ്രവുമായി കരുതപ്പെടുന്നു. സന്താന സൗഭാഗ്യത്തിനായി ഇവിടെവന്നു ഭജനമിരിക്കുന്നവര്‍ നിരവധിയാണ്. ദേവീചൈതന്യം അനുഭവിക്കാന്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇവിടെ ഭക്തരെത്തുന്നു. ഗുവാഹത്തി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആറു കിലോമീറ്ററും എയര്‍പോര്‍ട്ടില്‍നിന്ന് 20 കിലോമീറ്ററും അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ദക്ഷയാഗത്തിന്റെ സമയത്ത് ഭര്‍ത്താവായ പരമശിവനെ ദക്ഷന് അപമാനിച്ചതില്‍ കോപിച്ച പാര്‍വതി യാഗാഗ്നിയില്‍ ചാടി ആത്മാഹുതി ചെയ്യുന്നു. ഇതറിഞ്ഞ ശിവന് കോപിഷ്ഠനായി ദക്ഷന്റെ തലയറുക്കുകയും തുടര്‍ന്ന് പാര്‍വതിയുടെ ജഡവുമായി താണ്ഡവമാടുകയും ചെയ്യുന്നു. തുടര്‍ന്ന് മഹാവിഷ്ണു തന്റെ സുദര്‍ശനചക്രമുപയോഗിച്ച് പാര്‍വതിയുടെ ജഡത്തെ പലതായി മുറിച്ചു. ആ ശരീരഭാഗങ്ങള്‍ 108 ഇടങ്ങളിലാണ് ചെന്നുപതിച്ചത്. അതില്‍ യോനീഭാഗം പതിച്ച സ്ഥലമാണ് കാമാഖ്യ എന്നാണ് ഐതിഹ്യം.
Content Highlights: ambubachi mela to commence at kamakhya temple today in guwahati