'ആലപ്പുഴയെ റീബ്രാൻഡ് ചെയ്യണം, കേരളത്തിലെത്തിയതോടെ ഇന്ത്യയെ കുറിച്ചുള്ള അഭിപ്രായം മാറി'

വിദേശസഞ്ചാരി പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: instagram/ jack_ofalljourneys
വിദേശസഞ്ചാരി പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: instagram/ jack_ofalljourneys

ആലപ്പുഴയിലെ കായൽസൗന്ദര്യത്തെ വാനോളം പുകഴ്ത്തി വിദേശ വിനോദസഞ്ചാരി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ശ്രദ്ധേയകമാകുന്നു. ഇന്ത്യയിലെ ടൂറിസത്തിന് ഒരു റീബ്രാൻഡിങ് ആവശ്യമുണ്ടെന്നും ഇന്ത്യയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളേക്കാൾ കേരളത്തിന്റെ കായൽ സൗന്ദര്യം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ജാക്ക് ഹീറ്റൺ എന്ന ട്രാവൽ വ്‌ളോഗറാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയിലുടനീളം സഞ്ചരിച്ച ശേഷമാണ് ജാക്ക് കേരളത്തിലെത്തിയത്. വിനോദസഞ്ചാരികൾക്ക് ഇന്ത്യയുടെ യഥാർഥ ചിത്രം ലഭിക്കണമെങ്കിൽ കേരളത്തേയും അതിന്റെ സൗന്ദര്യത്തേയും പ്രോത്സാഹിപ്പിക്കണം. നിർഭാഗ്യവശാൽ ഇന്ത്യയ്ക്ക് ഓൺലൈനിൽ മോശം അഭിപ്രായമാണ് ലഭിക്കുന്നത്. സത്യം പറഞ്ഞാൽ ഈ വിനോദസഞ്ചാരികളിൽ ഭൂരിഭാഗം ആളുകളും ഡൽഹിയും ഉത്തരേന്ത്യയിലെ മറ്റ് സ്ഥലങ്ങളും മാത്രമേ സന്ദർശിക്കുന്നുള്ളു. വിനോദസഞ്ചാരികൾ ആസ്വദിക്കുന്ന സ്ഥലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ മാറ്റം അത്യാവശ്യമാണെന്നും ജാക്ക് പറയുന്നു.

കേരളം വൃത്തിയുള്ളതും സമാധാനപരവുമാണ്. കായലിലൂടെ സഞ്ചരിക്കാനുള്ള ഏറ്റവും നല്ല മാർഗം ഹൗസ് ബോട്ടുകളാണ്. ഈ ഹൗസ് ബോട്ടുകളിൽ ഇരുന്ന് കേരളത്തിന്റെ രുചിയും ആസ്വദിക്കാമെന്നും ജാക്ക് വ്യക്തമാക്കുന്നു. ഇന്ത്യയിൽ സന്ദർശിച്ച സ്ഥലങ്ങളിൽ ഏറ്റവും മികച്ച അനുഭവം കേരളത്തിലായിരുന്നെന്നും ജാക്ക് കൂട്ടിച്ചേർക്കുന്നു.

ഈ വീഡിയോയ്ക്ക് താഴെ ഒട്ടേറെപ്പേരാണ് ജാക്കിനെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. 'ഇപ്പോൾ ആലപ്പുഴയിലാണ്. ഇവിടെ അതിശകരമായ കാര്യങ്ങളാണുള്ളത്. കേരളത്തിൽ എത്തിയതിനുശേഷം ഇന്ത്യയെ കുറിച്ചുള്ള അഭിപ്രായം ഒരുപാട് മാറി' എന്നാണ് ഒരു വിനോദസഞ്ചാരി കുറിച്ചത്. ഇന്ത്യയിലെ ഏറ്റവും പരിഷ്‌കൃതവും പൗരബോധമുള്ളതും വൃത്തിയുമുള്ളതുമായ സ്ഥലമാണ് കേരളമെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

Content Highlights: Jack Heaton highlights Alappuzha's backwaters as a top-tier global destination., Advocates for a shift in India's tourism marketing focus away from over-saturated northern regions.,