വരൂ… ഒടുവിൽ ആക്കുളം കണ്ണാടിപ്പാലം തുറക്കുന്നു; മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: വിള്ളലുണ്ടായതിനാൽ ഒരുവർഷമായി അടച്ചിട്ടിരുന്ന ആക്കുളം കണ്ണാടിപ്പാലം ഒടുവിൽ സഞ്ചാരികൾക്ക് തുറന്നുകൊടുക്കുന്നു. 22-ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പാലത്തിൽ വിള്ളലുണ്ടായ പാളികൾ മാറ്റിസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒരുവർഷത്തോളം കണ്ണാടിപ്പാലം അടച്ചിട്ടിരിക്കുകയാണ്.
പാലത്തിൽ സുരക്ഷ വർധിപ്പിക്കണമെന്ന് കോഴിക്കോട് എൻഐടി സിവിൽ വിഭാഗത്തിന്റെ പഠന റിപ്പോർട്ടിനെത്തുടർന്നാണ് അറ്റകുറ്റപ്പണികളും അനുബന്ധ നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചത്.
സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനായി ടൂറിസം വകുപ്പിനു കീഴിൽ സംസ്ഥാനത്തെ ആദ്യത്തെ കണ്ണാടിപ്പാലമാണിത്. ആക്കുളം കായലിലൂടെയുള്ള മനോഹരക്കാഴ്ചകൾ കാണാൻ കഴിയുന്ന തരത്തിലാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെയുള്ള പാലത്തിന്റെ നിർമാണം.
70 അടി ഉയരവും 52 മീറ്റർ നീളവുമുള്ള പാലം, 1.25 കോടി ചെലവഴിച്ചാണ് നിർമിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് നിർമാണം പൂർത്തിയാക്കിയത്. എന്നാൽ, പാലം തുറക്കാൻ നിശ്ചയിച്ചതിനു മുൻപ് തന്നെ വിള്ളലുണ്ടായി. കൃത്രിമ മഴ, മൂടൽമഞ്ഞ്, ലൈറ്റുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഒരേസമയം 20 പേർക്ക് കയറാൻ പറ്റുന്ന തരത്തിലാണ് നിർമാണം.
പ്രവേശന നിരക്ക് ഇങ്ങനെ
- മുതിർന്നവർ 200 രൂപ
- കുട്ടികൾ 150 രൂപ
Content Highlights: Thiruvananthapuram`s Akkulam Glass Bridge, closed for a year due to cracks, is set to reopen on the 22nd. Minister Muhammad Riyas will inaugurate the renovated adventurous tourist spot.