സംസ്ഥാനത്തെ ആദ്യ ചിത്രശലഭസങ്കേതമാകാൻ ആറളം വന്യജീവിസങ്കേതം; അടുത്തറിയാം ശലഭദേശാടനം

#കെ. രാജേഷ് കുമാർ
ആറളത്തെ ശലഭദേശാടനം| ഫോട്ടോ: ലതീഷ് പൂവത്തൂർ
ആറളത്തെ ശലഭദേശാടനം| ഫോട്ടോ: ലതീഷ് പൂവത്തൂർ

കണ്ണൂർ: ആറളം വന്യജീവിസങ്കേതത്തെ സംസ്ഥാനത്തെ ആദ്യ ചിത്രശലഭസങ്കേതമാക്കുന്നു. മുഖ്യമന്ത്രി ചെയർമാനായുള്ള സംസ്ഥാന വന്യജീവി ബോർഡിന്റെ അടുത്ത യോഗത്തിൽ പ്രഖ്യാപനമുണ്ടാകും. ദേശീയ-അന്തർദേശീയ തലത്തിൽ ആറളത്തിന് പ്രാധാന്യം നൽകുന്നതാണ് പുതിയ തീരുമാനം.

ശലഭവൈജാത്യം കാത്തുസൂക്ഷിക്കുന്നതിനും അവയുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനുമുള്ള അംഗീകാരമായാണ് ഇതിനെ കാണുന്നത്. വിനോദ സഞ്ചാര-പ്രകൃതിപഠന മേഖലയിൽ ആറളത്തിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

പൂച്ചിറകുകളുടെ സഹ്യതാഴ്‌വാരം

1984-ലാണ് ആറളം വന്യജീവിസങ്കേതം സ്ഥാപിച്ചത്. 2000 മുതൽ മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ വനംവകുപ്പ് ആറളത്ത് വാർഷിക ചിത്രശലഭ സർവേ നടത്തുന്നുണ്ട്. 2005-ൽ 'ബട്ടർഫ്ലൈ ഇന്ത്യാ മീറ്റ്' നടത്തി. ചിത്രശലഭ സർവേയുടെ 25-ാം വാർഷികത്തിലാണ് പുതിയ തീരുമാനം വരുന്നത്.

സംസ്ഥാനത്ത് കണ്ടെത്തിയ 327 തരം ചിത്രശലഭങ്ങളിൽ 266 എണ്ണം ആറളത്ത് കണ്ടെത്തിയിട്ടുണ്ട്. അതിൽ 27 എണ്ണം സഹ്യപർവത മേഖലയിൽ മാത്രം കാണുന്ന അപൂർവയിനമാണ്. ആറെണ്ണം അതിപ്രാധാന്യമുള്ള 1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിന്റെ ഒന്നാം പട്ടികയിൽ പെടുന്നവയുമാണ്.

അടുത്തറിയാം ശലഭദേശാടനം

ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടക്കുന്ന ആൽബട്രോസ് ശലഭങ്ങളുടെ വാർഷിക ദേശാടനമാണ് ആറളം വന്യജീവിസങ്കേതത്തിലെ പ്രധാന ആകർഷണം. അതിന് പുറമേ വിവിധയിനം ഡാനൈൻ സ്പീഷീസുകളുടെ ദേശാടനവും പരിഗണിച്ചാണ് ചിത്രശലഭസങ്കേതമായി പ്രഖ്യാപിക്കുന്നത്.
 

Content Highlights: Aaralam Wildlife Sanctuary in Kannur, Kerala, is set to become the state`s first butterfly sanctuary