വിമാനം 'കുറച്ച്' വൈകി, 80 മണിക്കൂര്‍; എയര്‍ഇന്ത്യ വിമാനം തായ്ദ്വീപില്‍ കുടുങ്ങിയിട്ട് നാലുനാള്‍

പ്രതീകാത്മക ചിത്രം | ഫോട്ടോ:  എ.പി.
പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.പി.

ഫുകെറ്റ്: തായ്‌ലാൻഡിലെ ഫുകെറ്റിൽ നൂറിലേറെ യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് 80 മണിക്കൂറുകൾ പിന്നിട്ടു. സാങ്കേതികത്തകരാറിനെത്തുടർന്നാണ് വിമാനം അനിശ്ചിതമായി വൈകിയത്.

മണിക്കൂറുകളോളം കാത്തുനിന്ന യാത്രക്കാർ സാമൂഹികമാധ്യമങ്ങൾ വഴി പ്രതിഷേധമറിയിച്ചു. യാത്രക്കാർക്ക് അസൗകര്യമുണ്ടായതിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.

ഡ്യൂട്ടിസമയപരിധി കാരണമാണ് നവംബർ 16-ന് വിമാനം പറത്താനാകാഞ്ഞതെന്നും 17-ന് യാത്രതിരിച്ചെങ്കിലും സാങ്കേതികപ്രശ്നമുണ്ടായതോടെ അടിയന്തരലാൻഡിങ് വേണ്ടിവന്നെന്നുമാണ് കമ്പനിവിശദീകരണം. യാത്രക്കാർക്ക് മുഴുവൻ പണവും തിരിച്ചുനൽകുമെന്നും പാതിയോളംപേരെ ഇതിനോടകം മറ്റുവിമാനത്തിൽ തിരിച്ചയച്ചെന്നും വ്യക്തമാക്കി. നിലവിൽ ഫുകെറ്റിൽ തുടരുന്നവർക്ക് താമസസൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. അവരെയും വൈകാതെ തിരിച്ചയക്കാനാകുമെന്നും എയർലൈൻസ് അധികൃതർ പറഞ്ഞു.

അതേസമയം, എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് തൃപ്തികരമായ മറുപടിയുണ്ടായില്ലെന്ന് യാത്രക്കാർ ആരോപിച്ചു. സ്ത്രീകളും പ്രായം ചെന്നവരും വിമാനത്തിലുണ്ടായിരുന്നു. സംഭവത്തിൽ എയർ ഇന്ത്യയോട് വ്യോമയാനമന്ത്രാലയം വിശദീകരണം തേടി.

സംഭവം ഇങ്ങനെ
*നവംബർ 16-ന് രാത്രി ഫുകെറ്റ് വിമാനത്താവളത്തിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടതായിരുന്നു വിമാനം
*സാങ്കേതികത്തകരാർ നേരിടുന്നതിനാൽ വിമാനം ആറുമണിക്കൂർ വൈകുമെന്ന് വിമാനക്കമ്പനി അധികൃതരുടെ അറിയിപ്പ്
*അത്രയും മണിക്കൂർ കാത്തുനിന്ന യാത്രക്കാരെ പിന്നീട് വിമാനത്തിൽ കയറ്റിയെങ്കിലും ഒരുമണിക്കൂറിനുശേഷം തിരിച്ചിറക്കി
*പിന്നാലെ വിമാനം റദ്ദാക്കിയതായി അറിയിച്ചു
* മണിക്കൂറുകൾക്ക് ശേഷം സാങ്കേതികത്തകരാർ പരിഹരിച്ചെന്നുപറഞ്ഞ് യാത്രക്കാരെ വിമാനത്തിൽ കയറ്റുകയും യാത്ര ആരംഭിക്കുകയും ചെയ്തു
*രണ്ടരമണിക്കൂർ പറന്നതിനുശേഷം വീണ്ടും സാങ്കേതികത്തകരാറെന്നു പറഞ്ഞ് ഫുകെറ്റ്
വിമാനത്താവളത്തിൽ തിരിച്ചിറക്കി.

Content Highlights: Delayed, Cancelled, Re-Scheduled: Over 100 Air India Passengers Stranded In Phuket For 80 Hours