കരിങ്കുട്ടിച്ചാത്തന്‍, രക്തചാമുണ്ഡി, വസൂരിമാല; വയനാട്ടില്‍ വീണ്ടുമൊരു തെയ്യക്കാലം

#എഴുത്തും ചിത്രങ്ങളും: രമേഷ്‌കുമാര്‍ വെള്ളമുണ്ട
ഗുളികൻതിറ
ഗുളികൻതിറ

കാര്‍ഷിക പുരാവൃത്തത്തിനൊപ്പം അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും ഒപ്പം നടത്തിയവരാണ് ഗതകാലവയനാട്ടിലെ പൂര്‍വികര്‍. വേടസംസ്‌കൃതിയുടെ പൗരാണികയുഗത്തില്‍ മലദൈവങ്ങളും മലക്കാരികളുമെല്ലാം ഈ നാടിന്റെ ദൈവസങ്കല്പങ്ങളായി. കോട്ടകൊത്തളങ്ങള്‍ ഒന്നുമില്ലാതെ കാവുകള്‍ക്കും ദൈവത്തറകള്‍ക്ക് ചുറ്റിലും ഒതുങ്ങിനില്‍ക്കുകയായിരുന്നു ഈ ആരാധനാമൂര്‍ത്തികളെല്ലാം. കാലങ്ങള്‍ പിന്നെയും ഏറെ മുന്നോട്ടുനടന്നപ്പോള്‍ മലദൈവങ്ങളും മലക്കാരിയുമെല്ലാം ഈ നാടിന്റെ ആരാധനാമൂര്‍ത്തികളായി. ജൈനസംസ്‌കൃതിയുടെ സംഭാവനയായ കല്ലമ്പലങ്ങള്‍ക്കും അതിനുശേഷം ഉയര്‍ന്ന പൗരാണികക്ഷേത്രങ്ങള്‍ക്കുമെല്ലാം പുറമേ നാടിനും ദേശത്തിനുമെല്ലാം സ്വന്തമായി അനേകം ദൈവപ്രതിഷ്ഠകളും ഉയര്‍ന്നുവന്നു.

വര്‍ഷങ്ങളില്‍ മുടങ്ങാതെ ഇവിടെ ദൈവപ്രീതിക്കായി തെയ്യങ്ങളും കെട്ടിയാടുകയായി. ഒരുവര്‍ഷം സ്വരുക്കൂട്ടിയതിന്റെ ഒരുപങ്ക് ഈ തിറയുത്സവങ്ങള്‍ക്കായി പങ്കിടുന്ന ശീലത്തെയും കാര്‍ഷികവയനാട് പിന്തുടര്‍ന്നു. ഇതോടെ ഇതെല്ലാം ദേശത്തിന്റെയും ഉത്സവമായി. തെയ്യങ്ങള്‍ കെട്ടാന്‍ മുന്നൂറ്റ, മലയ സമുദായങ്ങളുമെല്ലാം ചുരംകയറിയെത്തി. അനുഷ്ഠാനപരമായുള്ള ജീവിതയാത്രയില്‍ ഇവരും ഇവിടെ വേരുകളാഴ്ത്തി. തിറക്കളങ്ങളില്‍നിന്നും തിറക്കളങ്ങളിലേക്കുള്ള കുടുംബത്തോടൊപ്പമുള്ള യാത്രയില്‍ ഇവര്‍ക്കും തെയ്യക്കാലം തിരക്കിന്റേതാണ്. ജാതിമതഭേദമന്യെ നാടുമുഴുവന്‍ പങ്കുചേരുന്ന തിറക്കളങ്ങളെല്ലാം കാലങ്ങളായുള്ള അനുഷ്ഠാനകര്‍മത്തിന്റെ നിറവിലാണ്. വയനാടിന്റെ ഉത്സവക്കലണ്ടറുകളില്‍ ദിനംതെറ്റാതെ ഇവയെല്ലാം സ്ഥാനംപിടിച്ചതാണ്. ഏത് ദുരിതകാലത്തും ഉള്ളതെല്ലാം നുള്ളിപ്പെറുക്കിയും തിറകഴിക്കുകയെന്നത് നാടിന്റെയും ദേശത്തിന്റെയുമെല്ലാം ഉത്തരവാദിത്വവുമായിരുന്നു.

തിറകള്‍, തെയ്യങ്ങള്‍

ഉത്തരമലബാറിലെ തെയ്യക്കോലങ്ങളില്‍നിന്നും വിഭിന്നമാണ് വയനാട്ടിലെ തെയ്യങ്ങള്‍. അത്രയധികം നാട്ടുപെരുമകളോട് അടുത്തുനില്‍ക്കുന്ന പുരാവൃത്തങ്ങള്‍ വയനാട്ടിലെ കാവുകള്‍ക്കും തിറക്കളങ്ങള്‍ക്കുമില്ല. മലബാറിലെ ഹൈന്ദവസമുദായങ്ങളായ മലയര്‍, വണ്ണാന്‍, വേലന്‍, കോപ്പാളന്‍, മാവിലന്‍, ചിങ്ങത്തന്‍, പാണന്‍, പറയന്‍, പമ്പാതരവന്‍, അന്നൂട്ടന്‍, മുന്നൂറ്റന്‍ മുതലായവരാണ് തെയ്യങ്ങളുടെ കോലധാരികള്‍. എന്നാല്‍, വയനാട്ടിലെ തിറക്കളങ്ങളില്‍ മൂന്നൂറ്റസമുദായവും മലയസമുദായവുമാണ് വേഷമണിയുന്നത്. ഓരോ സമുദായത്തിനും ചില ദേവതകളെ അനുഷ്ഠിക്കുന്നതിനുള്ള അവകാശമുണ്ട്. തെയ്യം കലാകാരന്മാര്‍ പുരുഷന്മാരാണ്. തീവ്രമായ മാനസികവും ശാരീരികവും ആത്മീയവുമായ തയ്യാറെടുപ്പിനുശേഷമാണ് തെയ്യം കെട്ടിയാടുക. ഇതിനെല്ലാം കര്‍ശനമായ നിഷ്ഠകളുമുണ്ട്. ചാമുണ്ഡി, രക്തചാമുണ്ഡി, കുട്ടിച്ചാത്തന്‍, കരിങ്കുട്ടിച്ചാത്തന്‍, ഭഗവതി, വസൂരിമാല തിറകളാണ് വയനാട്ടില്‍ പ്രധാനമായുമുള്ളത്. വെള്ളാട്ടവും മുത്തപ്പന്‍തിറയും തിറക്കളങ്ങള്‍ക്ക് സ്വന്തമാണ്.

ദേവതകളെ ആദരിക്കുന്ന തോറ്റംപാട്ടുകളും ഇവര്‍ക്കിടയിലുണ്ട്. ഇവയെല്ലാം വാമൊഴിയായി തലമുറകളിലേക്ക് കൈമാറ്റംചെയ്തുവന്നതാണ്. മാറുന്നകാലത്തിലും പുതിയതലമുറകളോട് തെയ്യങ്ങളും സംവദിക്കുന്നുണ്ട്. കാലത്തിന്റെ തിരുത്തലുകളില്‍ ദൈവം കല്പിക്കുന്നതാണ് നീതി. ഉത്സവങ്ങളെയും ബന്ധുജനങ്ങളെയും നാടിനെയും കൂട്ടുപിടിച്ച് ആയുരാരോഗ്യത്തോടെ പുലരാന്‍ തിറക്കളങ്ങളില്‍നിന്ന് തെയ്യങ്ങള്‍ കല്പിക്കുന്നു. ഇതിനുവിധേയമായുള്ള തലമുറകളുടെ പുണ്യങ്ങളാണ് ഈ തിറക്കളങ്ങളെയും വരുംകാലത്തിനായി നിലനിര്‍ത്തുന്നത്. ഓരോ തിറക്കഴകങ്ങളിലും ദേവതകളും ഉപദേവതകളുമുണ്ട്. പ്രത്യേകം തിറകള്‍ നടക്കുന്ന ക്ഷേത്രങ്ങളും വയനാട്ടിലുണ്ട്. കുംഭത്തില്‍ നടക്കുന്ന തോണിച്ചാല്‍ മലക്കാരി ക്ഷേത്രത്തിലെ ഉരുളിന്‍മേല്‍ തിറയെല്ലാം ഇതില്‍ വേറിട്ട കാഴ്ചാനുഭവങ്ങളാണ്. അസുരചെണ്ടയില്‍ താളംമുറുകുമ്പോള്‍ ഇവിടെയെല്ലാം ഉത്സവമേളവും നിറയുന്നു.

ഗുളികൻ തിറ

നിറമെഴുതുന്ന ഉത്സവഗ്രാമങ്ങള്‍

മലബാറിന്റെ പ്രൗഢിയില്‍ പ്രമുഖമാണ് തെയ്യവേഷങ്ങള്‍. ഓരോ വേഷങ്ങള്‍ക്കും വേറിട്ട മുഖത്തെഴുത്തുകള്‍, കിരീടങ്ങള്‍, ആടയാഭരണങ്ങള്‍, വേഷവിധാനങ്ങള്‍, കഥകളിയെപ്പോലെയുള്ള ചിത്രമെഴുത്തുകള്‍. ഇതെല്ലാം വയനാട്ടിലെ തിറക്കളങ്ങളെയും നിറങ്ങളില്‍ ആറാടിക്കുന്നു. തെയ്യക്കോലങ്ങളില്‍ പ്രധാനപ്പെട്ടതാണ് തലപ്പാളി. വെള്ളാട്ട് ഒഴികെ നെറ്റിയില്‍ ധരിക്കുന്ന ആഭരണമാണിത്. 21 സ്വരൂപങ്ങളുടെയും സാക്ഷ്യമാണിത്. ഓല തോട ആഭരണങ്ങള്‍. മുഖത്താപ്പ്, ഭഗവതി തെയ്യങ്ങള്‍ക്കായുള്ള ഓലയും തോടയും, കാലാഭരണം, കാലില്‍ അണിയുന്ന ചിലമ്പണിയും. ഗുളികന്‍വെള്ളാട്ടത്തിന് തലപ്പാളിപ്പടം. ആണ്‍കോലങ്ങളാണ് ഈ വേഷം ധരിക്കുക. കൊരളാരമാണ് മറ്റൊരു ആഭരണം. ഭദ്രകാളി, കരിങ്കാളി എന്നിവയ്ക്കായി മാറും മുലയും. കുട്ടിച്ചാത്തന് മുഖശോഭ. ആണ്‍കോലങ്ങള്‍ക്ക് താടിയും മീശയും. ഭഗവതിത്തെയ്യങ്ങള്‍ക്ക് എല്ലാ ചമയങ്ങളും വേണം. മുഖത്തെഴുത്ത് കഴിഞ്ഞ് അനുവാദംവാങ്ങി ആദ്യം തെയ്യം കോലധാരി കച്ചയണിയും. ഗുരുക്കന്‍മാരോടെല്ലാം അനുവാദംവാങ്ങിയാണ് ഈ ചടങ്ങുകള്‍. ചായങ്ങള്‍ പഴയതെല്ലാം മാറി. ചേടിയും കരിയുമെല്ലാം പ്രകൃതിദത്തമായിരുന്നു. മണ്ണും കരിയുമെല്ലാമായിരുന്നു പഴയകാലത്തെ കോലമെഴുതുന്ന നിറങ്ങള്‍. ഇന്ന് ഇതിനെല്ലാം പകരം വിവിധതരം നിറങ്ങള്‍ ഇറങ്ങി. ഗുളികന്‍മുഖങ്ങളെല്ലാം മുമ്പൊക്കെ തിറക്കളങ്ങളില്‍നിന്നുതന്നെ ഉണ്ടാക്കിയെടുക്കുകയായിരുന്നു. ഇന്നിതെല്ലാം ഒപ്പനമുഖങ്ങളെല്ലാം ഉത്സവസ്ഥലങ്ങളിലേക്ക് ഒപ്പംനടക്കുന്നു.

ഇന്ന് എല്ലാവര്‍ക്കും തിരക്കാണ്. ഉത്സവങ്ങളുടെ തിടുക്കത്തില്‍ എല്ലാം മുന്‍കൂട്ടി തയ്യാറാക്കണമെന്നതാണ് വാസ്തവം. തലമുറകളായി കൈമാറുന്ന വേഷവിധാനങ്ങളും കിരീടങ്ങളുമെല്ലാമുണ്ട്. കനംകുറഞ്ഞ മുരിക്ക്, പാല മരങ്ങളിലാണ് ഇത്തരത്തിലുള്ള വേഷങ്ങളുടെ നിര്‍മിതി. ഇതിനൊക്കെ നിപുണരായ തലമുറകളും ഇവര്‍ക്ക് സ്വന്തമായിരുന്നു. പാരമ്പര്യമായ അവകാശമാണ് ഇവര്‍ക്ക് തെയ്യക്കോലമണിയുക എന്ന ദൗത്യവും. എല്ലാ ആഭരണങ്ങള്‍ ധരിക്കുമ്പോഴും മന്ത്രങ്ങളുണ്ട്. തോറ്റം പഠിക്കണം. ഇതെല്ലാം കേട്ടും കണ്ടുമാണ് തലമുറകള്‍ പഠിക്കുന്നത്. ചെണ്ടയും താളവുമെല്ലാം തലമുറകളായി ചെറുപ്രായംമുതല്‍ പഠിച്ചെടുക്കുന്നു. ഓരോയിടങ്ങളിലും ഉത്സവം കൊടിയിറങ്ങുമ്പോള്‍ ആടകളെല്ലാം കഞ്ഞിവെള്ളംമുക്കി അലക്കിയെടുക്കും. പൂതാടിമുതല്‍ പുറക്കാടിവരെയാണ് വയനാട്ടിലെ ഉത്സവകാലം. തുലാംമാസം കഴിഞ്ഞ് മഴക്കാലം തുടങ്ങുന്നതിനുമുമ്പുവരെയും വയനാട്ടില്‍ പിന്നെ ഉത്സവങ്ങളൊഴിഞ്ഞ നേരമില്ല. കാര്‍ഷികവയനാടിന്റെ വിളവെടുപ്പുകാലം മുതല്‍ പിന്നെ ഒരു കൃഷിക്കാലത്തിന്റെ തുടക്കംവരെയും ഈ കാവുകളുടെയും കാലമാണ്.

മുത്താച്ചിത്തിറ

പുനര്‍ജനിയുടെ തിറക്കളങ്ങള്‍

നാടുതോറും തിറക്കളങ്ങളുണ്ടായിരുന്ന വയനാട്ടില്‍ രണ്ടുമൂന്ന് പതിറ്റാണ്ടുകള്‍ക്കിടയില്‍ പലതും വിസ്മൃതിയിലായി. കുടുംബാവകാശികളായ പിന്‍തലമുറകള്‍ ഈ കഴകങ്ങളില്‍ തിറകള്‍ നടത്താനുള്ള ചെലവുകള്‍ പര്യാപ്തമല്ലാത്തതിനാലും പഴയതുപോലെ സഹായിക്കാന്‍ ആളില്ലാത്തതുകൊണ്ടുമെല്ലാം ഉത്സവം ഉപേക്ഷിച്ചിരുന്നു. ഇതിനിടെ പ്രാദേശികസമിതികള്‍ ഉത്സവനടത്തിപ്പുകള്‍ ഏറ്റെടുത്തുതുടങ്ങി. ഇത്തരത്തിലുള്ള കാവുകളും കഴകങ്ങളുമെല്ലാം വീണ്ടുമൊരു ഉത്സവപ്പെരുമയിലേക്ക് തിരിച്ചുവരുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. പേരുകേട്ട പല തിറക്കളങ്ങളും ഗതകാലപ്പെരുമയുടെ താളത്തില്‍ നാടിന്റെ പിന്തുണയോടെ തിറമഹോത്സവങ്ങള്‍ നടത്തുകയാണ്. പുതിയ തലമുറകള്‍ക്കും തെയ്യങ്ങളിറങ്ങുന്ന ഈ ഉത്സവങ്ങള്‍ പുതുമകളാണ്.

കാലംമാറി, ഉത്സവങ്ങളും അടിമുടി മാറി. ഇന്ന് വലിയ പണച്ചെലവിന്റേതുകൂടിയാണ് തിറമഹോത്സവങ്ങള്‍. പ്രാദേശികമായുള്ള തിറയുത്സവങ്ങള്‍ക്ക് പതിവായി പരസ്പരം സഹായിക്കുന്നതും തിറക്കളങ്ങള്‍ക്ക് അനുഗ്രഹമാണ്. ചെണ്ടയും മേളങ്ങളുമായി രണ്ട് മൂന്ന് ദിനങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ് വയനാടിന്റെ തിറയാട്ടങ്ങള്‍.

Content Highlights: theyyam season begins in wayanad