ഥാര്‍ മരുഭൂമിയിലെ ആഡംബര കൊട്ടാരം; കിയാര-സിദ്ധാര്‍ഥ് വിവാഹം നടന്ന സൂര്യഗഢ് പാലസിന്റെ വിശേഷങ്ങള്‍

Photo: facebook.com/KiaraAdvani/photos
Photo: facebook.com/KiaraAdvani/photos

ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിയുടെയും സിദ്ധാര്‍ഥ് മല്‍ഹോത്രയുടെയും വിവാഹത്തിന്റെ ആഘോഷങ്ങളും വാര്‍ത്തകളും അവസാനിച്ചിട്ടില്ല. താരജോഡികളുടെ വിവാഹ വസ്ത്രത്തിനും വിരുന്നിലെ ഭക്ഷണ വിഭവങ്ങള്‍ക്കുമൊപ്പം വാര്‍ത്തകളില്‍ നിറയുന്ന മറ്റൊന്ന് കൂടിയുണ്ട്. വിവാഹ വേദിയായ സുര്യഗഢ് പാലസ്. സാമൂഹിക മാധ്യമങ്ങളിലെല്ലാം നിറയുന്ന വിവാഹ ചിത്രങ്ങളില്‍ സൂര്യഗഢിന്റെ അതിമനോഹര ദൃശ്യങ്ങളും കാണാം. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ഥാര്‍ മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഈ ആഡംബര ഹോട്ടലിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാം.

അന്തര്‍ദേശീയ തലത്തില്‍ പുതിയ ട്രെന്‍ഡിങ് ആയി വരുന്ന ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങില്‍ ടോപ് റാങ്കിങില്‍ വരുന്ന ഇന്ത്യന്‍ ഹോട്ടലാണ് സൂര്യഗഢ്. 83 ആഡംബര മുറികളും അത്യാഢംബര സ്യൂട്ടുകളുമാണ് ഇവിടെയുള്ളത്. രാജകീയ വിവാഹങ്ങള്‍ നടത്താന്‍ പറ്റുന്ന ആറ് വിവാഹ വേദികളും ഹോട്ടലിലുണ്ട്. ബോളിവുഡിലെ നിരവധി താര വിവാഹങ്ങള്‍ക്ക് പുറമെ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി സമയത്ത് കോണ്‍ഗ്രസ് എം.എല്‍.എമാരെ താമസിപ്പിച്ച സമയത്തും ഹോട്ടല്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ട്രാവല്‍ സൈറ്റുകളില്‍ പറയുന്നത് പ്രകാരം 200 അതിഥികളെ ഉള്‍പ്പെടുത്തി രണ്ട് രാത്രികളിലായി നടത്തുന്ന ഒരു കല്യാണ റിസപ്ഷന് ഒന്നേമുക്കാല്‍ കോടി രൂപയോളമാണ് (ടാക്‌സ് ഒഴികെ) ചിലവ് വരിക. ഭക്ഷണവും താമസവുമെല്ലാം ഉള്‍പ്പടെ വരുന്ന ചിലവാണിത്. എന്നാല്‍ മദ്യത്തിനും സോഫ്റ്റ് ഡ്രിങ്ക്‌സിനും അലങ്കാരത്തിനും വരുന്ന ചിലവുകള്‍ എക്‌സ്ട്രാ നല്‍കണം. സൂര്യഗഢ് ഹോട്ടല്‍ ഈ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍  ഒരുങ്ങുകയാണെന്നും വിവരമുണ്ട്.

മേക്ക് മൈ ട്രിപ്പ് ഉള്‍പ്പടെയുള്ള ബുക്കിങ് സൈറ്റുകളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് പ്രകാരം ഏറ്റവും ചിലവ് കുറഞ്ഞ ഫോര്‍ട്ട് റൂമുകള്‍ക്ക് 25000 മുതല്‍ 36000 രൂപ വരെയാണ് നിരക്ക്. ഹോട്ടലിലെ ഏറ്റവും ആഡംബര റൂമുകളായ ജയ്‌സാല്‍മിര്‍ ഹവേലിയില്‍ താമസിക്കുന്നതിന് സീസണ്‍ സമയത്ത് 80000 രൂപയോളമാണ് നിരക്ക്. ഓരോ ദിവസത്തിനനുസരിച്ച് ഇതില്‍ മാറ്റം വരും. വാരാന്ത്യങ്ങളിലാണ് ഇവയ്ക്ക് പണം കൂടുക. ബട്ട്‌ലര്‍, സ്വകാര്യ ഇന്‍ഫിനിറ്റി പൂള്‍ എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇതിലുണ്ടാകും.

എം.ആര്‍.എസ് ഗ്രൂപ്പിന്റെ ഉടമസ്ഥതിയിലായിരുന്ന ഹോട്ടല്‍ 2010 ലാണ് തുറന്നത്. മാനവേന്ദ്ര സിങ് ഷെഖാവത്ത് എം.ഡിയായ കമ്പനിയാണ് നിലവില്‍ ഹോട്ടല്‍ നടത്തുന്നത്. ജയ്‌സാല്‍മീറില്‍ കാണപ്പെടുന്ന മനോഹരമായ മഞ്ഞ ശിലകളാലാണ് ഈ കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്. കെട്ടിടം പുതിയതാണെങ്കിലും നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാജകൊട്ടാരത്തിന്റെ ഫീല്‍ തരുന്ന രീതിയിലാണ് ഹോട്ടല്‍ ക്രമീകരിച്ചിരിക്കുന്നത്. 

ജയ്‌സാല്‍മീറിലെ സാം റോഡിലാണ് സൂര്യഗഡ് സ്ഥിതി ചെയ്യുന്നത്. ഒരു കുന്നിന്‍ മുകളില്‍ 65 ഏക്കറിലായി സ്ഥിതി ചെയ്യുന്ന ഹോട്ടലില്‍ നിന്ന് നോക്കിയാല്‍ ജയ്‌സാല്‍മീറിന്റെയും ഥാര്‍ മരുഭൂമിയുടെയും മനോഹരമായ ദൃശ്യങ്ങള്‍ കാണാനാവും. രാജകൊട്ടാരങ്ങളില്‍ കാണുന്നത് പോലുള്ള ആഡംബര ഫര്‍ണിച്ചറുകളും ഉദ്യാനങ്ങളുമെല്ലാം ഒരു രജപുത്ര കൊട്ടാരങ്ങളുടെ അനുഭവമാണ് സമ്മാനിക്കുക. 

Content Highlights: suryagarh luxury hotel jaisalmer rajasthan Sidharth Malhotra, Kiara Advani wedding