നോക്കെത്താ ദൂരത്തോളം ഉപ്പുപാടം, കൂടാരങ്ങളാൽ തീർത്ത നഗരം; റാൻ ഉത്സവവും റോഡ് ടു ഹെവൻ യാത്രയും

#സി.സജിത്‌

തിളച്ചുമറിയാൻ വെമ്പുന്ന പാൽ പോലെ ആ ഉപ്പുപാടം നിറങ്ങൾ കോരിയിട്ട് മെല്ലെമറയുന്ന സൂര്യനെ തൊട്ടു നിന്നു. ആ വെളുപ്പിലേക്ക് പതിയെ നിറങ്ങൾ പടർന്നു കയറി. കണ്ണുകളിൽ നിറങ്ങളുടെ ഉത്സവം പതിയെ മാഞ്ഞ് ഇരുട്ടിന്റെ കരിമ്പടം മൂടുമ്പോൾ ആകാശത്ത് ജീവൻ വെയ്ക്കുന്ന കുഞ്ഞ് നക്ഷത്രങ്ങൾ. വേട്ടക്കാരനും, ധ്രുവനക്ഷത്രവുമെല്ലാം അവരിലുണ്ട്. ഇടക്കിടെ മിന്നിമായുന്ന ഉൽക്കകളും. അങ്ങിനെ മുകളിലേക്ക് നോക്കി ആ ഉപ്പുമരുഭൂമിയിൽ കിടക്കുമ്പോൾ ആകാശമേലാപ്പിൽ തെളിയുന്നു മറ്റൊരു ഉത്സവം. ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട കാഴ്ചകൾ.. ലോകത്തെ ഏറ്റവും വലിയ ഉപ്പുമരുഭൂമിയെന്നറിയപ്പെടുന്ന റാൻ ഓഫ് കച്ചിലെ കാഴ്ചകളാണിത്. റാൻ ഉത്സവത്തിന്റെ ഭാഗമായി മൂന്നുദിവസം ഗുജറാത്തിൽ. അൻപത് കിലോമീറ്ററിനപ്പുറം അതിർത്തി. രാത്രിയായാൽ അങ്ങ് ദൂരെ പൊട്ടുകൾ പോലെ അതിർത്തിയിലെ വെളിച്ചം കാണാം.. ടി.വി.എസിന്റെ അതിഥിയായായിരുന്നു യാത്ര.. ഗുജറാത്തിന്റെ കലാസാംസ്‌കാരിക പൈതൃകം തൊട്ടറിഞ്ഞ് സ്വപ്നസമാനമായ സ്വർഗത്തിലേക്കുള്ള പാതയിലൂടെ ഒരു ബൈക്ക് യാത്രയും എല്ലാം ചേർന്ന് പുതിയൊരു അനുഭവം..

സൈനിക സജ്ജം ഭൂജ്

ഭൂജിലായിരുന്നു കൊച്ചിയിൽ നിന്നുള്ള വിമാനം പറന്നിറങ്ങിയത്. ഇറങ്ങുംമുമ്പ് അറിയിപ്പ് വന്നു, സൈനികത്താവളമാണ് വിമാനത്താവളത്തിന് അകത്തും പുറത്തും ഫോട്ടോയെടുക്കരുതെന്ന്.. പുറത്തേക്ക് നോക്കിയപ്പോൾ യുദ്ധസമാനമായ അന്തരീക്ഷം. നിരവധി യുദ്ധവിമാനങ്ങൾ നിരത്തിയിട്ടിരിക്കുന്നു. സൈനിക കവചിതവാഹനങ്ങളും റഡാറടക്കമുള്ളവ. നാലുഭാഗത്തും, പട്ടാളക്കാരും ആവോളം. വിമാനത്താവളത്തിൽ നിന്ന് പുറത്തേക്കിറങ്ങിയത് വറചട്ടിയിലേക്ക്. പൊള്ളുന്ന ചൂടിലേക്കായിരുന്നു ഇറക്കം, 40 ഡിഗ്രിയിലധികം ചൂട്. പിന്നീട് 100 കിലോമീറ്ററുണ്ട് കച്ചിലേക്ക്. അറ്റമില്ലാതെ നീണ്ടു കിടക്കുന്ന റോഡ്. ഇരുവശവും മരുഭൂമിപോലെ വരണ്ട ഭൂമിമാത്രം. കള്ളിമുൾചെടികൾ മാത്രം കാഴ്ചക്ക്. ഇടക്കിടക്ക് ഷെഡുകൾ പോലെ ചില കൂരകൾ കാണാം. അവിടെ എരുമകളും കുറച്ചു മനുഷ്യരും. തലയിൽ മൺകുടങ്ങളുമായി പൊള്ളുന്ന സൂര്യന് താഴെ ഊഷരഭൂമിയിലൂടെ നടന്നുപോകുന്ന സ്ത്രീകൾ. ഇതുമാത്രമാണ് കാഴ്ചകൾ. ഈ നൂറു കിലോമീറ്റർ യാത്രക്കിടെ ഒരു കൊച്ചു നഗരം പോലും കണ്ണിൽപെട്ടില്ല. ഉള്ള പെട്ടിക്കടകളിൽ പലനിറങ്ങളിലുള്ള പാൻമസാലയുടെ മാലകൾ അലങ്കാരമായി തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. അങ്ങനെയുള്ള വരണ്ട കാഴ്ചകൾക്കപ്പുറം റാൻ ഉത്സവത്തിന്റെ കേന്ദ്രമായ കൂടാര നഗരത്തിലെത്തി. വലിയൊരു കോട്ടയുടെ കവാടം കഴിഞ്ഞെത്തിയപ്പോൾ പുതിയൊരു ലോകം.

കൂടാര നഗരം, കാഴ്ചകളുടെ വിരുന്ന്

ഗുജറാത്തിന്റെ കലാപൈതൃക സംസ്‌കാരങ്ങളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ സർക്കാർ തുടങ്ങിയ പദ്ധതിയാണിത്. രണ്ടുദിവസം എന്നതിൽ നിന്ന് തുടങ്ങി ഇപ്പോൾ നാലു മാസം നീണ്ടുനിൽക്കുന്ന ബൃഹദ് പദ്ധതിയായി മാറി. മാർച്ച് മുതൽ ഫെബ്രുവരി നീണ്ടുകിടക്കുന്ന ഈ ഉത്സവത്തിൽ വിദേശികളും സ്വദേശികളുമടക്കം ആയിരക്കണക്കിന് പേരാണ് എത്തുന്നത്. എല്ലാം താത്കാലിക നിർമിതികൾ മാത്രം. കോട്ടയ്ക്കുള്ളിൽ കയറിയാൽ ഗുജറാത്തിലെ കലാകാരൻമാരും അവരുടെ കലാപ്രകടനങ്ങളുമാണ് സ്വാഗതം ചെയ്യുന്നത്. പിന്നീടെല്ലാം കൂടാരങ്ങൾ മാത്രം. വിവിധ തരത്തിലുള്ളവ. സൗകര്യങ്ങൾക്കനുസരിച്ച് എ മുതൽ എം വരെയുള്ള ക്ലസ്റ്ററുളായി തിരിച്ചിരിക്കുന്നു. ഓരോന്നിലും 20 മുതൽ 50 വരെ കൂടാരങ്ങളുണ്ട്. അവയ്ക്ക് നടുവിൽ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള മുറ്റവും. ഒരു പഞ്ചനക്ഷത്ര ഹോട്ടൽ മുറിക്ക് സമമാണ് ഓരോ ടെന്റുകളിലുമുള്ള സൗകര്യങ്ങൾ. ഗുജറാത്ത് ഭക്ഷ്യവിഭവങ്ങൾ സജ്ജമാക്കിയ റെസ്റ്റോറന്റുമുണ്ട്.

ഗാന്ധിയുടെ ഗ്രാമം

കൂടാര നഗരത്തിൽ നിന്നും ഒരുമണിക്കൂറുണ്ട് ഗാന്ധിയുടെ ഗ്രാമത്തിലേക്ക്. റോഡിൽ മുഴുവൻ വമ്പൻ ട്രക്കുകളുടെ പൂരം. അന്വേഷിച്ചപ്പോൾ ഉപ്പുമായുള്ള യാത്രയാണ്. ഉപ്പുതടാകത്തിൽ നിന്നും ഒരു ദിവസം 1500 ലധികം ട്രക്കുകളാണ് ഉപ്പുമായി പോകുന്നത്. വ്യാവസായിക ആവശ്യത്തിനുള്ള ഉപ്പാണിതെല്ലാം. ഇക്കണക്കിന് എത്ര കൊണ്ടുപോയിട്ടുണ്ടാവും... എന്നിട്ടും തീരാത്ത അത്ഭുതഖനിയായി കിടക്കുകയാണിത്. പ്രധാനപാതയിൽ നിന്നും അൽപ്പംമാറിയാണ് കൊച്ചു ഗ്രാമം.

അതിജീവനം

2001 ൽ ഇന്ത്യയെ പിടിച്ചു കുലുക്കിയ ഗുജറാത്ത് ഭൂകമ്പത്തിന്റെ ഇരയാണ് ലുഥിയ എന്ന കൊച്ചുഗ്രാമം. എല്ലാം തകർന്നപ്പോൾ ഇവരെ ജീവിതത്തിലേക്ക് പിടിച്ചെഴുന്നേൽപ്പിച്ചത് അഹമ്മദാബാദിലെ ഗാന്ധി ആശ്രമമായിരുന്നു. തുടർന്ന് ലുഥിയക്ക് ഗാന്ധിയുടെ ഗ്രാമം എന്ന അർഥമുള്ള ഗാന്ധി നു ഗാവ് എന്ന പേരുവന്നു. ഇന്ന് ഈ ഗ്രാമം ഒരു വിനോദസഞ്ചാര കേന്ദ്രമായി വളർന്നു. ഇനിയൊരു ഭൂകമ്പത്തെ അതിജീവിക്കാനുതകുന്ന വീടുകളാണ് മറ്റൊരു പ്രത്യേകത. മണ്ണും പുല്ലും ചെറിയ മരക്കൊമ്പുകളും ഉപയോഗിച്ച് വൃത്താകൃതിയിലുള്ളതാണ് ഈ മനോഹരമായ വീടുകൾ. പുറത്ത് തിളക്കുന്ന ചൂടാണെങ്കിലും ഈ വീട്ടിനുള്ളിൽ കയറിയാൽ കുളിർമയായിരിക്കും. പുറത്ത് കൊടുംതണുപ്പാണെങ്കിൽ അകത്ത് ഇളം ചൂടായിരിക്കും. ചുമരുകളിൽ കണ്ണാടിച്ചില്ലുകളും ചിത്രപ്പണികളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു ഇവയെല്ലാം. സ്ത്രീകളാണെങ്കിൽ വസ്ത്രനിർമാണത്തിലും പുരുഷൻമാർ മരപ്പണിയിലുമാണ് ശ്രദ്ധചെലുത്തുന്നത്. 600 വർഷം മുമ്പ് രാജസ്ഥാനിൽ നിന്ന് കുടിയേറി എത്തിയവരാണിവർ. മേഘ്‌വാൾ മാർവാഡയെന്ന സമുദായത്തിൽ പെട്ടവരാണിവർ. 45 കുടുംബങ്ങളാണിപ്പോൾ ഇവിടെയുള്ളത്. ഇവർക്കായി ഒരു സ്‌കൂളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വിനോദസഞ്ചാരവും തങ്ങളുടെ കരകൗശലവിരുതും കൊണ്ട് അതിജീവനത്തിന്റെ പുതിയ പാഠങ്ങളാണ് ഇവർ തുറന്നത്.

വെളുത്ത മരുഭൂമിയിലെ സായന്തനം

പ്രകൃതിയുടെ വിക്രിയ വെളുത്തമണൽപ്പരപ്പാക്കി മാറ്റിയ കച്ച്. ലോകത്തെ ഏറ്റവും വലിയ ഉപ്പുതടാകം. ഉപ്പുറച്ച് വെള്ള ഉപ്പുപരവതാനിപോലെ. കണ്ണെത്താദൂരം വെള്ളനിറം മാത്രം. അവിടെ പാരാഗ്‌ളൈഡിങ്ങും, ഒട്ടകസവാരിയുമൊക്കെയായി നിരവധി പേർ. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പുണ്ടായ ഭൂമികുലുക്കത്തിൽ സമതലമായ പ്രദേശത്തേക്ക് കടൽകയറി കായൽ പോലെ കെട്ടിനിൽക്കുകയായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. പിന്നീട് വർഷങ്ങൾ കഴിഞ്ഞപ്പോൾ കടൽവെള്ളം വറ്റി അത് ഉപ്പുതടാകമായി മാറി. ഇപ്പോൾ 30,000 കിലോമീറ്ററോളം ഈ ഉപ്പുമരുഭൂമി പരന്നു കിടക്കുകയാണ്. ഇതിന്റെ ഒരറ്റം പാക്കിസ്താനിലെ സിന്ധിലാണ്. സുപ്രഭാതവും അസ്തമയവുമാണ് ഇവിടത്തെ കാഴ്ച. വെള്ളമണൽപ്പുറത്തിനപ്പുറം അസ്തമയസൂര്യൻ കുടഞ്ഞിടുന്ന നിറച്ചാർത്തുതന്നെയാണ് കാഴ്ച.

ടിവിഎസിന്റെ പ്രകടനം

വെളുത്തമണൽപ്പുറത്തിനപ്പുറം ടിവിഎസും തങ്ങളുടെ അത്ഭുതങ്ങൾ ഒളിപ്പിച്ചുവച്ചിരുന്നു. തങ്ങളുടെ റോനിൻ, അപ്പാച്ചെ ആർ.ടി.ആർ 200, ആർ.ടി.ആർ 310, ആർ.ആർ. 310 എന്നിവയുടെ പ്രകടനങ്ങളായിരുന്നു ഒരുക്കിയിരുന്നത്. ബൈക്ക് സ്റ്റണ്ടും, ഫ്‌ളാറ്റ്ട്രാക്ക് റേസിങ്ങുമെല്ലാം ചേർത്തൊരു ആവേശപ്രാപ്തി.

പോകുന്നു, സ്വർഗത്തിലേക്കുള്ള പാതയിൽ

നീട്ടിവിരിച്ച കരിമ്പുതപ്പിനറ്റത്ത് അകലെ അകലെയായി ഒരു സിന്ദൂരപ്പൊട്ട്. തട്ടിയെറിഞ്ഞ സിന്ദൂരചെപ്പിൽ നിന്നും പടർന്നിറങ്ങിയ ചുവപ്പ് ചുറ്റുമുള്ള നീലജലാശയത്തിൽ പ്രതിഫലിക്കുന്നു. അതിനൊപ്പം അകമ്പടിയായി റോനിന്റെ കുടുകുടാരവം... ആഹാ... ശരിക്കും സ്വർഗത്തിലേക്കുള്ള യാത്രയായിരുന്നു അത്. ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട നിമിഷങ്ങൾ. ലോകപ്രശസ്തമായ റോഡ് ടു ഹെവനിലേക്കുള്ള യാത്ര ആരംഭിച്ചത് ഏകദേശം പുലർച്ചെ നാലുമണിയോടെയായിരുന്നു. ലക്ഷ്യം, സൂര്യോദയം അനുഭവിച്ചറിയുക. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നു വന്ന നൂറോളം ബൈക്ക് പ്രേമികൾ റെഡി. ബൈക്ക് തിരഞ്ഞെടുക്കാനുള്ള കടലാസിൽ നോക്കിയപ്പോൾ നമ്പർ ആറ്. വണ്ടി തിരഞ്ഞ് ചെന്നപ്പോൾ ടി.വി.എസിന്റെ കരുത്തൻ റോനിൻ.

വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു പിന്നീട് യാത്ര. ഏകദേശം 90 കിലോമീറ്റർ ചെന്നപ്പോഴേക്കും കിഴക്ക് വെള്ളകീറിതുടങ്ങിയിരുന്നു. നീലപരവതാനി പോലെ കിടന്ന ഉപ്പുപാടത്തിന് നടുവിൽ നീണ്ടുനിവർന്ന് കിടക്കുന്ന 30 കിലോമീറ്റർ റോഡിനപ്പുറം സൂര്യൻ തലപൊന്തിച്ചു. ആകാശത്ത് നിറങ്ങൾ വാരിവിതറി. റോനിനുമായി സൂര്യനെ തൊടാനുളള ആ സുന്ദരയാത്ര അവിടെ തുടങ്ങി. കച്ചിലെ ഖവാഡ മുതൽ ധലോവിര വരെയുള്ള മുപ്പത് കിലോമീറ്ററാണ് റോഡ് ടു ഹെവൻ എന്നറിയപ്പെടുന്നത്. രാജഹംസങ്ങളടക്കം നിരവധി അപൂർവപക്ഷികളുടെ കേന്ദ്രമാണിവിടം. ഉദയം കഴിഞ്ഞ് സൂര്യൻ തന്റെ പ്രഭാവം കാണിച്ചുതുടങ്ങിയപ്പോഴാണ് തിരിച്ചു മടങ്ങിയത്. തിരിച്ച് ഭുജിലെ വിമാനത്താവളത്തിലെത്തുമ്പോൾ കാഴ്ചകളുടെ മഹോത്സവത്തിന്റെ ഓർമകൾ അലതല്ലുന്നുണ്ടായിരുന്നു.

Content Highlights: Explore the vast salt desert of Rann of Kutch, Gujarat. Experience the colorful Rann Utsav, nomadic culture, and breathtaking sunsets. Plan your unforgettable trip!