ടൈറ്റാനിക്കിനേക്കാള്‍ അഞ്ചിരട്ടി, വെള്ളച്ചാട്ടം മുതല്‍ ആകാശപ്പാതവരെ; കന്നിയാത്രക്കിറങ്ങി കടല്‍രാജാവ്

Icon of the Seas | Photo: AFP
Icon of the Seas | Photo: AFP

ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ 'ഐക്കണ്‍ ഓഫ് ദ സീസ്' ഫ്‌ലോറിഡയിലെ മയാമിയില്‍നിന്ന് ശനിയാഴ്ച കന്നിയാത്ര തുടങ്ങി. ഒരാഴ്ചയെടുത്ത് കരീബിയനിലെ മൂന്നു ദ്വീപുകള്‍ സന്ദര്‍ശിച്ച് മയാമിയില്‍ തിരിച്ചെത്തും. അമേരിക്കന്‍ കമ്പനിയായ റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണലാണ് കപ്പലിന്റെ ഉടമകള്‍. 20 നിലകളുള്ള കപ്പലിന് 365 മീറ്ററാണ് നീളം. ഭാരം 2,50,800 ടണ്‍. പരമാവധി 7600 യാത്രക്കാരെ ഉള്‍ക്കൊള്ളും. 2350 ജീവനക്കാരുണ്ട്.

ഏഴു നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍പാര്‍ക്ക്, ഐസ് സ്‌കേറ്റിങ്ങിനുള്ള സൗകര്യം, ആറു വാട്ടര്‍ സ്ലൈഡുകള്‍, 40 ഭക്ഷണശാലകളും ബാറുകളുമുള്‍പ്പെടെ ഒട്ടേറെ സൗകര്യങ്ങള്‍ കപ്പലിലുണ്ട്. അമ്പതോളം സംഗീതജ്ഞരും ഹാസ്യാവതാരകരും സംഗീതസംഘവുമുണ്ട്. ഫിന്‍ലന്‍ഡിലെ തുര്‍ക്കുവില്‍ 900 ദിവസമെടുത്താണ് കപ്പല്‍ പണിതത്. ഏകദേശം 16,624 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ദ്രവീകൃത പ്രകൃതിവാതകമാണ് ഇന്ധനം.

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയാണ് ചൊവ്വാഴ്ച കപ്പലിന് ഔദ്യോഗികമായി പേരിട്ടത്. റോയല്‍ കരീബിയന്റെതന്നെ 'വണ്ടര്‍ ഓഫ് ദ സീസാ'യിരുന്നു ഇതുവരെ ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പല്‍. തീര്‍ത്തും പ്രകൃതിസൗഹൃദമാണ് കപ്പലിന്റെ രൂപകല്പന എന്നാണ് അവകാശവാദം. ആദ്യപരീക്ഷണ യാത്ര കഴിഞ്ഞ ജൂണില്‍ പൂര്‍ത്തിയായിരുന്നു. ഇതിന് പിന്നാലെ നിര്‍മാണശാലയില്‍ നിന്ന് കപ്പല്‍ റോയല്‍ കരീബിയന് കൈമാറിയിരുന്നു. 

50 ലക്ഷത്തോളം യൂറോയുടെ (ഏകദേശം 45,46,70,000 ഇന്ത്യന്‍ രൂപ) അഡ്വാന്‍സ് ബുക്കിങ് ഇതിനകം തന്നെ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. ടൈറ്റാനിക്കിനേക്കാള്‍ അഞ്ചു മടങ്ങാണ് ഐക്കണ്‍ ഓഫ് ദ സീസിന്റെ ഭാരം. 46,328 ടണ്‍ ആയിരുന്നു ടൈറ്റാനിക്കിന്റെ ഭാരം. നീളം 882 അടിയും. ന്യൂയോര്‍ക്ക് സിറ്റിയിലെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങുമായി താരതമ്യം ചെയ്യുമ്പോള്‍ വെറും 52 അടിയുടെ കുറവ് മാത്രമാണ് കപ്പലിനുള്ളത്. 1,250 അടിയാണ് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിന്റെ നീളം. എന്നാല്‍ ഐക്കണ്‍ ഓഫ് ദ സീസിന്റേതാകട്ടെ 1,196 അടി നീളവും 2,50,800 ടണ്‍ ഭാരവുമാണ് കണക്ക്.

എട്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്ന 20 നിലകപ്പലില്‍ കോക്ടെയില്‍ ബാര്‍ അടങ്ങിയ നീന്തല്‍ക്കുളങ്ങള്‍, ലൈവ് ഡിജെ പരിപാടികള്‍, മനുഷ്യനിര്‍മ്മിത വെള്ളച്ചാട്ടം, കടലിലെ ഏറ്റവും വലിയ വാട്ടര്‍പാര്‍ക്ക് അടക്കം ഒരുക്കിയിട്ടുണ്ട്. 55 അടി വിസ്തൃതിയിലാണ് വെള്ളച്ചാട്ടം ഒരുക്കിയിരിക്കുന്നത്. 40 ബാറുകള്‍, റസ്റ്റോറന്റുകള്‍, കാസിനോ, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, ഗെയിമിങ് റൂം, ജിം, ലക്ഷ്വറി സ്പാ, കുട്ടികള്‍ക്ക് പ്രത്യേക പാര്‍ക്കുകള്‍, ഹെയര്‍ സലൂണ്‍, തീയേറ്ററുകള്‍, ആകാശ നടപ്പാത, കടല്‍ കാഴ്ചകള്‍ കണ്ടു നടക്കാന്‍ കപ്പല്‍ വശങ്ങളില്‍ നടപ്പാത, പൂന്തോട്ടങ്ങള്‍, ഐസ് സ്‌കേറ്റിങ്, പുറത്തെ കാഴ്ചകള്‍ കാണുന്ന തരത്തില്‍ ഒരുക്കിയിരിക്കുന്ന സീലിങ്ങുകളും ജനാലകള്‍, 55 അടിയില്‍ ഒരുക്കിയിരിക്കുന്ന അക്വാ ഡോം തുടങ്ങിയവ അടങ്ങുന്നതാണ് കപ്പല്‍. ഒരേ സമയം 1300ഓളം പേര്‍ക്ക് ഇരുന്ന് ആസ്വദിക്കാന്‍ പാകത്തിലാണ് വെള്ളച്ചാട്ടം ഒരുക്കിയിരിക്കുന്നത്. ഭക്ഷണ പ്രേമികളായവര്‍ക്ക് വിവിധ രാജ്യങ്ങളിലെ വിവിധ ഭക്ഷണവിഭവങ്ങളും കപ്പലില്‍ ലഭ്യമാണ്.

ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം ഒരാൾക്ക് 1542 ഡോളറാണ് യാത്രയ്ക്കായി  ഈടാക്കുന്നത്. ഏകദേശം 1,28,251 ഇന്ത്യൻ രൂപ. നിരവധിയാളുകൾ കപ്പൽ യാത്രയ്ക്കായി ആളുകൾ മുമ്പോട്ട് വരുന്നുവെന്നാണ് റിപ്പോർട്ടുകൾ

Content Highlights: maiden voyage of Icon of the Seas