പരിണാമ സിദ്ധാന്തത്തിലേക്ക് ചാൾസ് ഡാർവിനെ നയിച്ച ബീഗിൾ കപ്പൽ

ലോക ചരിത്രത്തിൽ പ്രശസ്തമായ കപ്പലുകൾ പലതുണ്ടെങ്കിലും HMS ബീഗിൾ പോലെ വ്യത്യസ്തമായ മറ്റൊന്നുമില്ല. ബ്രിട്ടീഷ് റോയൽ ആർമിയുടെ ഉടമസ്ഥതയിൽ നിർമ്മിച്ച ഈ കപ്പൽ നാവികരുടെ പേരിലല്ല മറിച്ച് ശാസ്ത്ര മേഖലയ്ക്ക് നൽകിയ നിസ്തുല സംഭാവനകളുടെ പേരിലാണ് നിർണായകമാകുന്നത്.
പരിണാമ സിദ്ധാന്തത്തിലേക്ക് ചാൾസ് ഡാർവിനെ നയിച്ചത് ഈ കപ്പലിന്റെ രണ്ടാം പര്യടനത്തിലെ പങ്കാളിത്തമാണ്. ബീഗിൾ പര്യടനങ്ങൾ ഭൂമിശാസ്ത്രപരമായ നിരവധി കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. പുതിയ പാറകളുടെ രൂപീകരണം കണ്ടെത്തിയതും സമുദ്രതീര മേഖലയുടെ മാപ്പിങ് നിർവഹിച്ചതും ബീഗിൾ കപ്പലിന്റെ സഹായത്താലാണ്. ഇതിന് പുറമെയാണ് ജീവശാസ്ത്രവുമായി ബന്ധപ്പെട്ട് നടത്തിയ കണ്ടെത്തലുകൾ. ശാസ്ത്രത്തിന് മുൻപ് പരിചയമില്ലാതിരുന്ന നിരവധി സസ്യ ലതാദികളും മൃഗങ്ങളും ഈ കപ്പലിലെ പര്യവേക്ഷകരാണ് പുറംലോകത്തിന് കാട്ടിക്കൊടുത്തത്. തെക്കേ അമേരിക്കയുടെയും ഓസ്ട്രേലിയയുടെയും തീരമേഖലകളുടെ മാപ്പിങ്ങിൽ ബീഗിൾ യാത്രകൾ ഏറെ സഹായിച്ചു. പുതിയ കപ്പൽ റൂട്ടുകൾ കണ്ടെത്താൻ സഹായിച്ചു. ഇവയിലൂടെ വ്യാപാരം മെച്ചപ്പെടുത്തുവാനും സഹായിച്ചു. മാത്രമല്ല തിമിംഗല വേട്ടയേയും നീർനായ വേട്ടയേയും ഈ യാത്രകൾ വളർത്തി. ആത്യന്തികമായി ഇവ മത്സ്യമാംസ ഫാക്ടറികളുടെ വളർച്ചയെ സഹായിച്ചു. ബീഗിൾ യാത്രകൾ പിൽക്കാല തലമുറകളെ ആവേശത്തിലാഴ്ത്തി. അങ്ങനെ പുതിയ പര്യവേക്ഷകർ ഉദയം കൊണ്ടു. ഇവരിൽ പ്രമുഖരാണ് റോബർട്ട് ഫാൽക്കൻ സ്കോട്, ഏനെസ്റ്റ് ഷാക്കിൾട്ടൺ തുടങ്ങിയവർ.
Content Highlights: Discover the HMS Beagle, the ship that took Charles Darwin on his groundbreaking voyage