ട്രെക്കിംഗ്, ക്യാമ്പ് ഫയർ, ഡാൻസ് 'സ്ട്രേഞ്ചേഴ്‌സിനൊപ്പം ട്രാവൽ ' ട്രെന്റിംഗാകുന്നു

സ്ഥലം: കൊച്ചിയിലെ വൈറ്റില ഹബ്ബ്. സമയം: പുലർച്ചെ നാലുമണി. അവിടെ പ്രത്യേക കോർണറിൽ പത്തിരുപത് പേർ ചുറ്റിപറ്റി നിൽക്കുന്നു. അപരിചിതരാണ്. ആണും പെണ്ണുമുണ്ട്. കൊളുക്കുമലയിലെ ക്യാമ്പിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തവരാണ്. മെല്ലെ പരസ്പരം പരിചയപ്പെടാൻ തുടങ്ങുന്നു. മണിക്കൂറുക്കൾക്കകം അവർ കൊളുക്കുമലയിലോ വട്ടവടയിലോ കാന്തല്ലൂരോ ഒരുമിച്ച് ട്രെക്കിംഗ്് നടത്തി, പാട്ടുപാടി നൃത്തം ചെയ്ത് ആഹ്ലാദിക്കുന്നുണ്ടാകും. ആജീവനാന്ത സൗഹൃദം കണ്ടെത്തുന്നുമുണ്ടാകും. ക്യാമ്പ് വിത്ത് സ്‌ട്രേഞ്ചേഴ്‌സ് എന്ന പുതിയ ട്രാവൽ ട്രെൻഡിലേക്ക് കേരളവും ചുവടുവെയ്ക്കുകയാണ്, അതിവേഗം.
കൊച്ചിയിൽ നിന്നുമാത്രമല്ല, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നെല്ലാം സ്‌ട്രേഞ്ചേഴ്‌സ് ട്രിപ്പ് നടത്തിവരുന്നുണ്ട് . ധാരാളം ട്രാവൽ കമ്യൂണിറ്റികൾ ഇതിനായി പ്രവർത്തിക്കുന്നു.
പ്രധാനമായും ഇൻസ്റ്റാഗ്രാമിലും വാട്‌സാപ്പ് കമ്യൂണിറ്റികളിലുമാണ് ക്യാമ്പ് അനൗൺസ് ചെയ്യുക. ബജറ്റ് ഫ്രണ്ട്‌ലിയായിരിക്കും. താമസ-യാത്രാ ചെലവുകൾ ഗ്രൂപ്പായി പങ്കിടുമ്പോൾ കുറഞ്ഞ നിരക്കിൽ പോകാനാകും.
ചില ഗ്രൂപ്പുകൾ കെഎസ്ആർടിസി ബസ്സിൽ പ്രധാന കേന്ദ്രങ്ങളിലെത്തിച്ച് ജീപ്പ് വഴി ക്യാമ്പ് സൈറ്റിലെത്തിക്കും. ചിലർ ടൂറിസ്റ്റ് ബസുകളിലും. ചിലതിൽ ഓഫ് റോഡ് ജീപ്പ് റൈഡുണ്ടായിരിക്കും. വനമേഖലകളിലോ മലനിരകളിലോ ടെന്റുകളിലായിരിക്കും പ്രധാനമായും അന്തിയുറക്കം. യുവജനങ്ങളാണ് കൂടുതലായും പങ്കെടുക്കുന്നത്.
എന്താണ് 'സ്‌ട്രേഞ്ചർ ട്രിപ്പ്'?
തികച്ചും അപരിചിതരായ ആളുകൾ ഒരുമിച്ച് നടത്തുന്ന ഗ്രൂപ്പ് യാത്ര. ട്രാവൽ കമ്മ്യൂണിറ്റികളും ക്ലബ്ബുകളും സംഘാടകർ. യാത്രകളിൽ ആരൊക്കെ പങ്കാളികളാകുമെന്ന് ട്രിപ്പിന് തൊട്ടുമുമ്പുവരെ ആർക്കും കൃത്യമായ വിവരമുണ്ടാകില്ല.
തുടക്കത്തിൽ 'ഐസ് ബ്രേക്കിംഗ്' ഗെയിമിലൂടെ യാത്ര ആരംഭിക്കും. ചില ഗ്രൂപ്പുകൾ ആദ്യം മെഡിറ്റേഷൻ സെഷൻ നടത്തും. മൊബൈൽ ഉപയോഗം പരമാവധി കുറച്ച് ട്രെക്കിംഗ് തുടങ്ങിയ ആക്ടിവിറ്റികളിൽ ഏർപ്പെടുക, മനോഹരമായ കാഴ്ച്ചകൾ കാണുക എന്നിവക്കായിരിക്കും പ്രാധാന്യം. ആരും ജഡ്ജ് ചെയ്യാനുണ്ടാകില്ല. ക്യാമ്പ് ഫയറിന് ചുറ്റുമിരുന്ന് കഥകൾ പറഞ്ഞും, പാട്ടുകൾ പാടിയും, നൃത്തം ചെയ്തും ഗാഢമായ സൗഹൃദത്തിലേർപ്പെടാൻ അവസരമുണ്ട്.
സാഹസികതയും പുതിയ സൗഹൃദങ്ങളും ആഗ്രഹിക്കുന്നവർക്ക് പറ്റിയ പ്ലാനുകളുണ്ട്. ഗ്രൂപ്പിന്റെ സ്വഭാവത്തിനനുസരിച്ച് ട്രാവൽ പ്ലാനുകൾ മാറ്റുന്നവരുമുണ്ട്. മദ്യപാനത്തിനും പുകവലിക്കും വിലക്കുള്ള ഗ്രൂപ്പുകളുണ്ട്്, അനുവദിക്കുന്നവയും ഉണ്ട്. സ്വകാര്യതയെ പരമാവധി മാനിക്കുക എന്നതിൽ ഗ്രൂപ്പുകൾ ശ്രദ്ധിക്കുന്നു. ആക്ടിവിറ്റികൾ ഏകോപിക്കാനുള്ള ചുമതലയുള്ള കോഓർഡിനേറ്റർ കൂടെയുണ്ടാകും.
'വർഷത്തിൽ മൂന്നൂറ് ട്രിപ്പുകൾ വരെ ഒരുക്കാറുണ്ട്. സ്ത്രീകൾക്ക് പ്രത്യേകമായി ടെന്റ് നൽകും ' - നാടൻ ക്യാമ്പിന്റെ കോ ഓർഡിനേറ്റർ ഷഹസാദ് അലി പറയുന്നു.
' 14 വയസ്സുമുതൽ 80 വരെയുള്ളവർ വരാറുണ്ട്. എങ്കിലും യൂവജനങ്ങളാണ് കൂടുതൽ. യാത്രികരുടെ പ്രൈവസിയിൽ ഇടപെടാറില്ല, ക്യാമ്പിനെത്തി റിലേഷൻഷിപ്പിലെത്തിയവരുണ്ട്, കടുത്ത നിബന്ധനകളും വെയ്ക്കാറില്ല ' - രണ്ടുവർഷമായി ഇന്ത്യയിൽ പലയിടങ്ങളിലേക്കും സ്‌ട്രേഞ്ചേഴ്‌സ് ട്രിപ്പ് ഒരുക്കുന്ന 'ട്രാവൽ ബഡ്ഢീസിന്റെ ' അച്ചു ഹെലൻ പറയുന്നു.
നാടൻക്യാമ്പ് ( nadan camp) 'ഒപ്പം' (Oppam), ക്യാമ്പ് വിത്ത് സ്‌ട്രേഞ്ചേഴ്‌സ് ( Camp with strangers) , കൂടെ ( koode) , ട്രാവൽ ബഡ്ഢീസ്, ( Travel Buddies) കട്ടൻകാപ്പി ഫോർ സോളോ ട്രാവലേഴ്‌സ് (Kattankapi for Solo Travelers) ഇടം ക്യാമ്പിംഗ് (IDAM Camping / IDAM Tours) ജിവി ചാലോ (Gv.chaalo), തുടങ്ങിയ നിരവധി ട്രാവൽ കമ്യൂണിറ്റികൾ ഇത്തരം യാത്ര ഒരുക്കുന്നുണ്ട്.
'യാത്രയുടെ തുടക്കത്തിൽ പരസ്പരം ഒന്നുനോക്കി, മടിച്ച് പുഞ്ചിരിച്ചവർ, മടങ്ങുമ്പോൾ കെട്ടിപ്പിടിച്ച് കണ്ണീരോടെയാണ് യാത്രപറയുന്നത്' - ' ഒപ്പം ' ട്രാവൽ കമ്യൂണിറ്റിയുടെ ഫൗണ്ടർ ഷഹദ് ഇബ്രാഹിം പറയുന്നു.
സൂര്യനെല്ലി, കൊളുക്കുമല, വട്ടവട, കാന്തല്ലൂർ, വാഗമൺ, വയനാട്, വർക്കല, ആലപ്പുഴ എന്നിവയിലേക്കാണ് കൂടുതൽ ഡിമാൻഡ്്. മഞ്ഞുമുടിയ മലനിരകളിൽ സൂര്യോദയം കാണാനുള്ള ട്രെക്കിംഗിനും ഹൈക്കിംഗിനും വൻഡിമാൻഡാണ്. റിവർസൈഡ്- ബീച്ച്് ക്യാമ്പിംഗുമുണ്ട്. പശ്ചിമഘട്ട മലനിരകളിലേക്ക് ട്രെക്കിംഗ് ട്രിപ്പുകൾ നടത്തുന്ന കമ്യൂണിറ്റികളുണ്ട്. മാത്തേരൻ, സ്പിതി വാലി, കാശ്മീർ, മണാലി തുടങ്ങിയ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും കേരളത്തിൽ നിന്ന് സ്‌ട്രേഞ്ചർ ട്രിപ്പുകളുണ്ട്.
' ചിലപ്പോൾ ഗിറ്റാറിസ്റ്റിനെ യാത്രയിൽ കൂടെ കൂട്ടും. ക്യാമ്പെത്തുന്നതിനു മുന്നേ വൈബ് സെറ്റാകും. വർഷത്തിൽ മൂന്നോ നാലോ ക്യാമ്പുകൾ നടത്താറുണ്ട്. കൂടുതലായും ബജറ്റ് ഫ്രണ്ട്‌ലി ട്രിപ്പുകളാണ്.
മദ്യപാനം കർശനമായി നിരോധിച്ചിട്ടുണ്ട്- ' ഒപ്പം ' ഗ്രൂപ്പിന്റെ ഫൗണ്ടർ ഷഹദ് ഇബ്രാഹിം പറയുന്നു .
'ട്രെക്കിംഗിലാണ് ഞങ്ങൾ ഫോക്കസ് ചെയ്യുന്നത്. വട്ടവട, കുട്ടിക്കാനം തുടങ്ങിയ ഇടങ്ങളിലേക്ക് നല്ല ഡിമാൻഡാണ്' - 'ഇടം ' ക്യാമ്പിന്റെ സ്‌നേഹ സോഹൻ പറയുന്നു.
' ടൂറിസ്റ്റ് ബസിൽ നാൽപ്പത്തൊമ്പതംഗ ടീമിനെ കൊണ്ടുപോകും. മൂന്നാർ, കൊടെക്കനാൽ എന്നിവിടങ്ങളിലേക്ക് നല്ല എൻക്വയറിയുണ്ട്' സർക്കീട്ട് വിത്ത് സ്‌ട്രേഞ്ചേഴ്‌സിന്റെ ശ്രീനാഥ്. ജി പറയുന്നു.
എന്താണ് മെച്ചം?
ചെലവ് കുറവ്. യാത്രക്കായി മറ്റുള്ളവരുടെ സൗകര്യത്തിന് കാത്തുനിൽക്കേണ്ടതില്ല. യാത്ര പോകാൻ മനസ്സ് തോന്നുമ്പോൾ സുഹൃത്തുക്കളുടെ ലീവും സൗകര്യവും ഒത്തുവരാൻ കാത്തിരിക്കേണ്ടതുമില്ല.
സോഷ്യൽ മീഡിയ ലോകത്തെ ഡിജിറ്റൽ സൗഹൃദങ്ങളിൽ നിന്ന് മാറി, മനുഷ്യരുമായി നേരിട്ട് ബന്ധം സ്ഥാപിക്കാൻ അവസരമൊരുക്കുന്നു. പ്രൊഫഷണൽ നെറ്റ് വർക്കിംഗ് നടത്തുന്നവരുണ്ട്.
(ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അംഗീകൃതവും മികച്ച റിവ്യൂകളുമുള്ള ട്രാവൽ ഓർഗനൈസർമാരെ തിരഞ്ഞെടുക്കുക.
യാത്രയുടെ നിബന്ധനകൾ കൃത്യമായി പാലിക്കുക.
പരസ്പര ബഹുമാനവും വ്യക്തിഗത അതിരുകളും (Personal Boundaries) കാത്തുസൂക്ഷിക്കുക.)