അന്‍ജിയെന്ന എന്‍ജിനിയറിങ് വൈഭവം, ലോകംവാഴ്ത്തുന്ന ചെനാബ്; ഭൂമിയിലെ സ്വര്‍ഗത്തിലേക്ക് ഇനി തീവണ്ടിപ്പാത

ഡിസംബറിലെ മൈനസ് എട്ട് ഡിഗ്രി തണുപ്പിലും കശ്മീരില്‍ ഇന്ത്യന്‍ റെയില്‍വേ ചൂടുള്ള പണിയിലാണ്. ക്രിസ്മസിനും പുതുവത്സരത്തിനുമൊപ്പം കശ്മീര്‍ താഴ്വരയിലേക്ക് തീവണ്ടിവരുന്നത് ആഘോഷിക്കാനിരിക്കുകയാണവര്‍. ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ശൃംഖല (272 കിലോമീറ്റര്‍) കശ്മീരിലേക്ക് തീവണ്ടിവരാനുള്ള ആദ്യ റെയില്‍പ്പാതയാണ്. ഉധംപുരിനെയും കശ്മീര്‍ താഴ്‌വരയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള പ്രധാന നഗരമായ ബാരാമുള്ളയെയും ഇത് ബന്ധിപ്പിക്കുന്നു. കാലാവസ്ഥയുടെയും ഭൂപ്രകൃതിയുടെയും എല്ലാ വെല്ലുവിളികളെയും അതിജീവിച്ചാണ് നിര്‍മാണം. പുതുവര്‍ഷത്തില്‍ ഈ പാതയിലൂടെ തീവണ്ടിയെത്തും.
അന്‍ജി എന്ന എന്‍ജിനിറിങ് വിസ്മയം
ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ ലൈന്‍നില്‍ ആദ്യം കണ്ടത് അന്‍ജി പാലമായിരുന്നു. വന്‍മലകളുടെ ഇടയിലൂടെ ഒഴുകുന്ന പുഴയ്ക്കുമീതേ കേബിള്‍കൊണ്ട് നിര്‍മിച്ച എന്‍ജിനിയറിങ് വൈഭവമാണ് അന്‍ജി പാലം. 400 ജീവനക്കാരുടെ ആറുവര്‍ഷംനീണ്ട കഠിനപ്രയത്‌നമായിരുന്നു ഇതെന്ന് കൂടെയുണ്ടായിരുന്ന ചീഫ് എന്‍ജിനീയര്‍ സുജയ്കുമാര്‍ പറഞ്ഞു. വെറും ഒരൊറ്റത്തൂണിന്റെ ശക്തിയില്‍ 96 കേബിളുകളില്‍ നില്‍ക്കുന്ന നിര്‍മിതി. ഇന്ത്യയുടെ ആദ്യത്തെ കേബിള്‍ റെയില്‍പ്പാലം. 473 മീറ്ററാണ് നീളം. ഉയരം: 193 മീറ്റര്‍. ചെലവ് 435 കോടി. പാലം ജനുവരിയില്‍ കമ്മിഷന്‍ചെയ്യും.
അടുത്ത പ്രധാനസ്റ്റേഷനായ റിയാസി പുതുമോടിയിലായിരുന്നു. പൂര്‍ണമായും ഉദ്ഘാടനത്തിന് ഒരുങ്ങിക്കഴിഞ്ഞു. പുതിയ റെയില്‍വേ ലൈന്‍ നോര്‍തേണ്‍ റെയില്‍വേയുടെ കീഴിലാണ്. എന്നാല്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് നിര്‍മാണ ഏജന്‍സിയും രൂപകല്പന കണ്‍സല്‍ട്ടന്‍സിയും.
ലോകം വാഴ്ത്തുന്ന ചെനാബ്
കത്ര-ബനിഹാലിനെ ബന്ധിപ്പിക്കുന്ന പ്രധാനകണ്ണിയാണ് ചെനാബ് പാലം. ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയില്‍വേ ആര്‍ച്ച് പാലം. ഉയരം 359 മീറ്റര്‍. ഈഫല്‍ ടവറിനേക്കാള്‍ (324 മീറ്റര്‍) 35 മീറ്റര്‍ അധികം. നീളം 1100 മീറ്റര്‍. ചെലവ് 1486 കോടി രൂപ. ആര്‍ച്ചിന്റെ ഭാരം 13,000 മെട്രിക് ടണ്ണാണ്. മണിക്കൂറില്‍ 260 കിലോമീറ്റര്‍വരെ വേഗമുള്ള കാറ്റിനെ പ്രതിരോധിക്കും. ഭൂകമ്പത്തെ ചെറുക്കും. ഭീകരാക്രമണത്തെ ചെറുക്കാന്‍ ബ്ലാസ്റ്റ് പ്രൂഫ് സ്റ്റീല്‍ ഉപയോഗിച്ചു. തീവണ്ടികള്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാം. ഭൂപ്രകൃതിയോട് മല്ലിട്ട എട്ടുവര്‍ഷത്തെ കഠിനപ്രവൃത്തിയാണ് ചെനാബ് പാലത്തിനുപിന്നിലെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ മാലിക് പറഞ്ഞപ്പോള്‍ ഒരു സല്യൂട്ട് നല്‍കാന്‍ തോന്നി.
ഇതാ ആ ചരിത്രനിമിഷം : റിയാസി ജില്ലയില്‍ ബക്കലിനും കൗരിക്കും ഇടയിലെ ചെനാബ് നദി കടക്കുമ്പോള്‍ കശ്മീരിലേക്കുള്ള വഴി തുറക്കുകയായി. തുരങ്കപാതകളിലൂടെ സങ്കല്‍ദാനും കടന്ന് റെയില്‍വേയുടെ റെയില്‍കാര്‍ കുതിച്ചു. ഇനി ശ്രീനഗറിലേക്ക്. കശ്മീര്‍ താഴ്വരയെ റെയില്‍വേലോകത്തോട് ബന്ധിപ്പിച്ചിരിക്കുന്നു. കന്യാകുമാരിമുതല്‍ വിവിധഭാഗങ്ങളില്‍നിന്ന് കശ്മീര്‍വരെ ഇനി തീവണ്ടികള്‍ തടസ്സമില്ലാതെ ഓടും.
വെല്ലുവിളിയുടെ 29 വര്‍ഷം
- 1995-ലാണ് പദ്ധതി കേന്ദ്രം അംഗീകരിക്കുന്നത്. ചെലവായത് 37,200 കോടി.
- അപൂര്‍വമായ രണ്ട് പാലം: ചെനാബ് പാലം, അന്‍ജിഖഢ് പാലം.
- 38 തുരങ്കപാതകള്‍ -ആകെ 119 കിലോമീറ്റര്‍ ദൈര്‍ഘ്യം.
- ചെനാബ് പാലം ഉള്‍പ്പെടുന്ന സെക്ഷനില്‍ മാത്രം (111 കിലോമീറ്റര്‍) 37 പാലങ്ങള്‍.
- തീവണ്ടികളുടെ വേഗം: 110 കിലോമീറ്റര്‍.
ജനുവരിയില്‍ ഉദ്ഘാടനം: 17 കിലോമീറ്റര്‍ മാത്രമാണ് ഇനി പൂര്‍ത്തിയാവാന്‍ ബാക്കിയുള്ളത്. ഇത് ജനുവരി ആദ്യം പൂര്‍ത്തിയാകും. ഡല്‍ഹിയില്‍നിന്ന് ശ്രീനഗറിലേക്ക് നേരിട്ട് തീവണ്ടിസര്‍വീസ് തുടങ്ങും. ജനുവരിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യും.