ചീറ്റകള്‍ക്കും ജിറാഫിനും ഇടയിലൂടെ സഫാരി നടത്തി സച്ചിനും കുടുംബവും; ഹിറ്റായി മസായി മാര ചിത്രങ്ങള്‍

Photo: instagram.com/sachintendulkar/?hl=en
Photo: instagram.com/sachintendulkar/?hl=en

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ജീവിതം യാത്രകള്‍ക്ക് കൂടെ മാറ്റിവെച്ചയാളാണ് ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇപ്പോഴിതാ ആഫ്രിക്കയിലെ കൊടുംകാടുകളിലും വന്യജീവി സങ്കേതങ്ങളിലും അവധിക്കാലം ആസ്വദിക്കുകയാണ് സച്ചിനും കുടുംബവും. കെനിയയിലെ ലോകപ്രശസ്തമായ മാസായി മാര വന്യജീവിസങ്കേതത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ സച്ചിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

സച്ചിന്റെ മകള്‍ സാറയും മാസായി മാരയില്‍ നിന്നുള്ള അതിമനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. വന്യമൃഗങ്ങള്‍ക്കിടയിലൂടെ ജീപ്പ് സഫാരി നടത്തുന്നതും മസായി ഗോത്രത്തില്‍ ഉള്‍പ്പെട്ട പ്രദേശവാസികളോടൊപ്പമുള്ള ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. 

മസായി മാര ലോകത്തിലെ ഏഴാമത്തെ അത്ഭുതം

സഞ്ചാരികളുടെയും വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെയും സ്വപ്നസ്ഥലമാണ് മസായി മാര. ആഫ്രിക്കന്‍ കാടുകളുടെ വന്യതയും വന്യജീവികളുടെ ശൗര്യവുമെല്ലാം നേരിട്ട് അറിയാന്‍ ഇതിലും മികച്ചൊരു ഡെസ്റ്റിനേഷന്‍ ഈ ഭൂമിയിലില്ലെന്ന് പറയാം. ലോകത്തിലെ ഏറ്റവും മികച്ച സംരക്ഷിത ദേശീയോദ്യാനമായ മസായി മാരയുടെ വന്യജീവി വൈവിധ്യം ആരെയും ഭ്രമിപ്പിക്കുന്നത്രയും അതിശയകരമാണ്. 

ലോകത്തിലെ ഏഴാമത്തെ ആധുനിക അത്ഭുതമെന്നാണ് മാസായി മാരയെ വിശേഷിപ്പിക്കുന്നത്. പാര്‍ക്കിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ തന്നെ ഇങ്ങനെ വിശേഷിപ്പിക്കാനുള്ള കാരണം ഏതൊരാള്‍ക്കും മനസ്സിലാവും. നൂറുകണക്കിന് അപൂര്‍വ പക്ഷികള്‍, നൂറായിരം വന്യജീവികള്‍, അതിസുന്ദരമായ താഴ്വരകളും മലനിരകളും. നിറങ്ങളുടെ മേല്‍ക്കൂരപോലെ നീല ആകാശം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധമാണ് മാസായി മാരയുടെ മറ്റൊരു അപൂര്‍വത. വന്യജീവികള്‍ക്കൊപ്പം കാടിനുള്ളില്‍ തന്നെയാണ് മസായി ജനതയും വസിക്കുന്നത്. പ്രകൃതിയെ ഒരു തരത്തിലും ഉപദ്രവിക്കാതെ വന്യജീവിക്കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് പകര്‍ന്നുകൊടുക്കുന്നതിന് ഇതിലും മികച്ചൊരു ഉദാഹരണം ഭൂമിയിലുണ്ടാകില്ല. മാസായി ഗോത്രജനതയും അവരുടെ ജീവിത രീതികളുമെല്ലാമാണ് മറ്റൊരു ആകര്‍ഷണം. 

കെനിയയുടെ തലസ്ഥാനമായ നെയ്റോബിയില്‍ നിന്ന് 400 കിലോമീറ്റര്‍ അപ്പുറത്താണ് മസായി മാര. കെനിയയിലെ നാരക് കൗണ്ടിയിലുള്ള ഒരു സംരക്ഷിത വനമേഖലയാണിത്. ദ ഗ്രേറ്റ് മൈഗ്രേഷന്‍ എന്ന പേരിലറിയപ്പെടുന്ന മൃഗങ്ങളുടെ മഹാദേശാടനം മാസായി മാരയിലെ അത്യപൂര്‍വമായ കാഴ്ചയാണ്. ഈ മനോഹരമായ കാഴ്ച കാണാനും പകര്‍ത്താനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഫോട്ടോഗ്രാഫര്‍മാരും സഞ്ചാരികളും ഇവിടെയത്തും. ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഈ മഹാദേശാടനക്കാലം. ലക്ഷക്കണക്കിന് വൈല്‍ഡ് ബീസ്റ്റുകള്‍ കൂട്ടത്തോടെ ടാന്‍സാനിയയില്‍ നിന്ന് മണല്‍നദി കടന്ന് കെനിയയിലേക്ക് കൂട്ടപ്രയാണം നടത്തും. ഒപ്പം കൂട്ടംതെറ്റിയ സീബ്രകളുമുണ്ടാവും. മാരാനദി കടക്കുമ്പോള്‍ ഇവയെ പിടിക്കാന്‍ മുതലകള്‍ കാത്തിരിപ്പുണ്ടാവും. നദി കടന്നാല്‍ സിംഹവും ചീറ്റകളുമുണ്ടാവും. ആക്ഷന്‍ ഫോട്ടോകള്‍ കിട്ടാന്‍ ഫോട്ടോഗ്രാഫര്‍മാരും ഇവിടെ പതുങ്ങിയിരിക്കും. മസായി മാരയിലെ ജൈവവ്യവസ്ഥയെ നിലനിര്‍ത്തുന്നത് ഈ മൈഗ്രേഷനാണ്.  

Content Highlights: Sachin Tendulkar's Masai Mara safari