ലിസ്ബൺ നഗരത്തെ ആശ്ലേഷിക്കാനൊരുങ്ങുന്ന യേശു, പോർച്ചുഗീസ് കണ്ടുപിടിത്തങ്ങളുടെ മൂകസാക്ഷിയായി ബേലം ടവർ

ഇന്ത്യയുമായി, പ്രത്യേകിച്ച് നമ്മുടെ കേരളവുമായി ചരിത്രപരമായ ആത്മബന്ധമുള്ള ഒരു പ്രദേശമാണ് പോര്‍ച്ചുഗല്‍. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം ലിസ്ബണില്‍ നിന്നാരംഭിച്ച് ആഫ്രിക്കയിലെ കേപ് മുനമ്പ് ചുറ്റി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് കപ്പല്‍മാര്‍ഗ്ഗം വാസ്‌കോ ഡ ഗാമയുടെ നേതൃത്വത്തില്‍ എത്തിച്ചേര്‍ന്ന പറങ്കികള്‍ ഏഷ്യയും യൂറോപ്യന്‍ ഭൂഖണ്ഡവുമായി കടല്‍ മാര്‍ഗ്ഗമുള്ള വ്യാപാരത്തിന് നാന്ദികുറിക്കുകയും, കാലക്രമേണ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ അത് അധിനിവേശത്തിന്റെ വിത്ത് പാകുകയും ചെയ്തു എന്നത് ചരിത്രം. സ്‌കൂള്‍ കാലഘട്ടം മുതല്‍ നമ്മള്‍ പഠിച്ച വാസ്‌കോ ഡ ഗാമയുടെയും മറ്റ് നിരവധി പ്രശസ്തരായ നാവികരുടെയും നാട് സന്ദര്‍ശിക്കുക എന്നത് വളരെക്കാലമായി മനസ്സില്‍ ഉള്ള ആഗ്രഹമായിരുന്നു. പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണ്‍ സന്ദര്‍ശിച്ചപ്പോള്‍ അവരുടെ കപ്പലോട്ടങ്ങളുടെയെല്ലാം തുടക്ക പ്രദേശമായ ടാഗസ് നദിയുടെ സമീപപ്രദേശങ്ങളും പ്രശസ്തമായ ബേലം ടവറും സന്ദര്‍ശിച്ചതിന്റെ വിശേഷങ്ങള്‍ നോക്കാം.
കോളേജ് സഹപാഠിയും ഇപ്പോള്‍ അയര്‍ലന്‍ഡില്‍ താമസിക്കുന്ന കോട്ടയം സ്വദേശിയായ മധു മാത്യുവുമൊത്തായിരുന്നു രണ്ട് ദിവസത്തെ ലിസ്ബണ്‍ സന്ദര്‍ശനം. താമസിച്ചിരുന്ന ഇബിസ് സ്‌റ്റൈല്‍ ഹോട്ടലില്‍ നിന്ന് രാവിലെ തന്നെ ഞങ്ങള്‍ കാഴ്ചകള്‍ക്കായി ഇറങ്ങി. മഴമേഘങ്ങള്‍ മാനത്തു കാണുന്നുണ്ട്, ഇന്ന് മഴയുണ്ടാകും എന്ന കാലാവസ്ഥാ പ്രവചനം ഞങ്ങളില്‍ ആശങ്കയുളവാക്കി. ഒരു ടാക്‌സിയില്‍ നഗരത്തിലൂടെ സഞ്ചരിച്ച് ഞങ്ങള്‍ ടാഗസ് നദിയുടെ സമീപമുള്ള എംപയര്‍ സ്‌ക്വയര്‍ ഉദ്യാനത്തിനു സമീപം എത്തി. ആധുനികതയുടെ ചിഹ്നങ്ങള്‍ നഗരത്തില്‍ ഒട്ടേറെ കാണാന്‍ സാധിക്കുമെങ്കിലും പൗരാണികതക്കാണ് ഇവിടെ പ്രാമുഖ്യം എന്ന് തോന്നി. വാസ്‌കോ ഡ ഗാമയുടെ ശവപേടകമുള്ള പള്ളിയും അദ്ദേഹം യാത്രകള്‍ ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്ത ജെറോണിമോസ് മൊണാസ്ട്രിയും പോര്‍ച്ചുഗീസ് നാവികരുടെ ചരിത്രം വിശദീകരിക്കുന്ന മാരിടൈം മ്യൂസിയവും സന്ദര്‍ശിക്കുന്നതിനായാണ് ഞങ്ങള്‍ ആദ്യം പോയത്. പോര്‍ച്ചുഗീസ് നാവികന്‍മാര്‍ കപ്പലോട്ടത്തിന്റെ കാര്യത്തില്‍ പ്രമുഖരായിരുന്നു, അവര്‍ അതിസാഹസികന്മാരുമായിരുന്നു.
മധ്യകാലഘട്ടങ്ങളില്‍ കപ്പലോട്ടങ്ങളിലൂടെ ലോകം കീഴടക്കിയ പോര്‍ച്ചുഗീസ് നാവികരുടെ ഗരിമ വിളിച്ചോതുന്ന കാഴ്ചകള്‍ അവിടെ ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചു. പുറത്ത് ഇറങ്ങിയപ്പോഴേക്കും നന്നായി മഴ പെയ്തുകൊണ്ടിരിക്കുന്നു. അത് വകവയ്ക്കാതെ ഒരു പ്ലാസ്റ്റിക് റെയിന്‍ കോട്ടും വാങ്ങി ധരിച്ചുകൊണ്ട് ഞങ്ങള്‍ സമീപത്തായുള്ള ടാഗസ് നദിയുടെ തീരത്തേക്കാണ് നടന്നത്. സ്‌പെയിനില്‍ നിന്ന് ഉത്ഭവിച്ച്, ഭൂരിഭാഗവും സ്‌പെയിനിലൂടെ ഒഴുകി പോര്‍ച്ചുഗലിലൂടെ ലിസ്ബണ്‍ നഗരത്തെ തലോടി അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ചേരുന്ന നദിയാണ് ടാഗസ്. 1007 കിലോമിറ്ററുകളോളം ഒഴുകിയാണ് ടാഗസ് നദി അറ്റ്‌ലാന്റിക്കില്‍ എത്തിച്ചേരുന്നത്. ടാഗസ് നദിക്കരയില്‍ തന്നെയാണ് ലിസ്ബണിലെ പോര്‍ട്ടും കണ്ടെയ്‌നര്‍ ടെര്‍മിനലുമെല്ലാം സ്ഥിതിചെയ്യുന്നത്. ടാഗസ് നദിയിലൂടെ ധാരാളം ചെറുതും വലുതുമായ പായ്ക്കപ്പലുകള്‍ സഞ്ചാരികളെയും വഹിച്ചുകൊണ്ട് നീങ്ങുന്നു. ഉല്ലാസ നൗകകളും തലങ്ങും വിലങ്ങുമെല്ലാം പായുന്നുണ്ട്. നിരവധി നൗകകള്‍ ഇവിടെ തീരങ്ങളില്‍ നങ്കൂരമിട്ടിരിക്കുന്നതായും കാണാം. ഈ പ്രദേശങ്ങളില്‍ കൂടിയുള്ള ക്രൂയിസ് കപ്പല്‍ യാത്രകള്‍ ലോകപ്രശസ്തമാണ്, വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് അതെന്ന് കേട്ടിട്ടുണ്ട്.
ഞങ്ങള്‍ നടന്ന് ലിസ്ബണിലെ ഏറ്റവും പ്രശസ്തമായ ചരിത്രസ്മാരകങ്ങളില്‍ ഒന്നായ ബേലം ടവറിന് (Belém Tower) സമീപം എത്തി. മഴയാണെങ്കിലും അവിടെയും ടൂറിസ്റ്റുകള്‍ക്ക് ഒരു കുറവുമില്ല. ലിസ്ബണിന്റെ 'ഗേറ്റ് വേ' എന്നറിയപ്പെടുന്ന ബേലം ടവര്‍ 500-ല്‍ പരം വര്‍ഷങ്ങള്‍ പഴക്കമുള്ള കോട്ടയിലാണ് സ്ഥിതി ചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗല്‍ അതിന്റെ നവോത്ഥാന പാരമ്യത്തിലിരിക്കുമ്പോഴാണ് ഈ ഗോപുരം നിര്‍മ്മിച്ചത്. യൂറോപ്യന്‍ മഹാസമുദ്ര പര്യടനകാലത്തെ പോര്‍ച്ചുഗീസ് വിപുലതയുടെ പ്രതീകമായിത്തീരുകയായിരുന്നു പിന്നീട് ഇത്. ആ കാലത്ത് മിക്ക പോര്‍ച്ചുഗീസ് സമുദ്ര പര്യവേഷകരുടെയും യാത്രകളുടെ ആരംഭം ഇവിടെ നിന്നായിരുന്നു. യാത്രകഴിഞ്ഞ് ചരക്കുകളുമായി തിരിച്ചുവരുന്ന അവരുടെ പായ്കപ്പലുകളില്‍ നിന്ന് വലിയ സ്വീകരണങ്ങള്‍ ലഭിച്ച് ഇറങ്ങുന്നതും ഇതുവഴി തന്നെയായിരുന്നു. അങ്ങനെ വളരെയധികം ചരിത്ര പ്രാധാന്യമുള്ള ഒന്നാണ് ഇവിടം.
1514-ല്‍ മാനുവല്‍ ഒന്നാമന്‍ രാജാവിന്റെ ആജ്ഞപ്രകാരം ഫ്രാന്‍സിസ്‌കോ ഡി ആരുഡ എന്ന ശില്പി നിര്‍മിച്ച ഈ കോട്ട, ലിസ്ബണിന്റെ തുറമുഖ രക്ഷയ്ക്കായാണ് പണികഴിപ്പിച്ചത്. മാനുവലൈന്‍ ശൈലിയിലുള്ള രൂപകല്‍പ്പനയും അതിലെ മനോഹരമായ ശില്പകലയും ആരെയും ആകര്‍ഷിക്കുന്നതാണ്. ഒരു ചെറിയ പാലം കടന്ന് ഞങ്ങള്‍ ടവറിനുള്ളിലേക്ക് പ്രവേശിച്ചു. ലിയോസ് എന്ന് അറിയപ്പെടുന്ന വെളുത്ത ചുണ്ണാമ്പുകല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന ബേലം ടവറിന് നാല് നിലകളുണ്ട്. ഏറ്റവും മുകളിലത്തെ നിലയില്‍ നിന്നുള്ള ലിസ്ബണിന്റെ തീരക്കാഴ്ച മനോഹരമാണ്.
കോട്ടക്കകത്തുള്ള തുരങ്കങ്ങള്‍, തടവറകള്‍, പീരങ്കികള്‍ സ്ഥാപിച്ചിരുന്ന ഭാഗങ്ങള്‍ എന്നിവയെല്ലാം പഴയകാലത്തെ ഓര്‍മ്മിപ്പിക്കുന്നു. ഇരുണ്ടതും തണുത്തതുമായ അവിടുത്തെ അന്തരീക്ഷം മധ്യകാലഘട്ടത്തിലെ പോര്‍ച്ചുഗീസ് നാവികരുടെ ത്രസിപ്പിക്കുന്ന കഥകള്‍ മനസ്സിലേക്ക് കൊണ്ടുവന്നു. 1983-ല്‍ യുനെസ്‌കോ ബേലം ഗോപുരത്തെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി. ദിവസവും ധാരാളം സഞ്ചാരികള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ലിസ്ബണിലേക്ക് വരുന്നുണ്ട്, ഞങ്ങളെപ്പോലെ അവരുടെയെല്ലാം ഒഴിച്ചുകൂടാനാവാത്ത കാഴ്ചയാണ് ടാഗസ് നദിയിലുള്ള ബേലം ഗോപുരം. 1755- ലെ ലിസ്ബണ്‍ ഭൂകമ്പത്തില്‍ നദിയുടെ ഒഴുക്ക് മാറിയതിനാലാണ് ഇന്ന് കാണുന്ന തരത്തില്‍ ഗോപുരം പൂര്‍ണ്ണമായും നദിയില്‍ സ്ഥിതിചെയ്യുന്നത്. ശക്തമായ ഒഴുക്കുള്ള നദിയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ നിര്‍മ്മിതി കേടുപാടുകള്‍ കൂടാതെ ആവേശേഷിക്കുന്നത് അത്ഭുതകരം തന്നെ. പോര്‍ച്ചുഗീസുകാരുടെ കടല്‍മാര്‍ഗ്ഗമുള്ള എല്ലാ കണ്ടുപിടുത്തങ്ങളുടെയും മൂകസാക്ഷിയായി ടാഗസ് നദിയില്‍ ബേലം ടവര്‍ ഇന്നും പ്രൗഡിയോടെ നിലകൊള്ളുന്നു.
ചരിത്രപാതയിലൂടെ സഞ്ചരിക്കുന്നതുപോലെ, ബേലം ടവറിന്റെ വാസ്തുസൗന്ദര്യവും ചരിത്രപ്രാധാന്യവും ഒരുപോലെ ആസ്വദിച്ച ശേഷം ഞങ്ങള്‍ നടന്നത് ടാഗസ് നദിയുടെ വടക്കേ കരയിലുള്ള കണ്ടെത്തലുകളുടെ സ്മാരകം (Discoveries Monument) പാദ്രോ ഡോസ് ഡെസ്‌കോബ്രിമെന്റോസിലേക്കാണ്. മഴയ്ക്ക് അപ്പോഴേക്ക് ശമനം വന്നിരുന്നു, എന്നിരുന്നാലും ശക്തമായ കാറ്റും കോളും കാരണം കാലാവസ്ഥ പ്രക്ഷുബ്ധമായിരുന്നു. ഏകദേശം 171 അടി ഉയരമുള്ള ഈ സ്മാരകം 15 മുതല്‍ 17 വരെ നൂറ്റാണ്ടുകളില്‍ പോര്‍ച്ചുഗീസുകാരും സ്പാനിഷുകാരും ലോകരാജ്യങ്ങള്‍ പര്യവേക്ഷണം ചെയ്ത് കണ്ടെത്തിയ യുഗത്തിനുള്ള സ്മരണാഞ്ജലിയാണ്. പോര്‍ച്ചുഗലിന്റെ മഹാസമുദ്ര പര്യടനകാലത്തെ പ്രമുഖ നാവികരെ സ്മരിക്കുന്ന, കപ്പലിന്റെ വില്ലിന്റെ ആകൃതിയിലുള്ള സ്മാരകത്തിന്റെ മുന്‍വശത്ത് ഹെന്റി ദി നാവിഗേറ്ററാണ്.
അദ്ദേഹത്തിന് പിന്നില്‍ പോര്‍ച്ചുഗലിന്റെ നാവിക വിജയങ്ങള്‍ക്ക് സംഭാവന നല്‍കിയ പ്രശസ്തരായ 32 നാവികരുടെ പ്രതിമകളുണ്ട്. വാസ്‌കോ ഡ ഗാമ, ബെര്‍തിലോമിയ ഡയസ്, ഫെര്‍ഡിനാന്‍ഡ് മഗല്ലന്‍, ആല്‍ബുക്കര്‍ക്, പെഡ്രോ അല്‍വാരെസ്, കബ്രാള്‍, ഹെന്റി, ജുവാന്‍ റോഡ്രിഗസ് കാബ്രില്ലോ, ഫ്രാന്‍സിസ്‌കോ ഡി അല്‍മേഡ, ഡിയോഗോ കാവോ, ഡുവാര്‍ട്ടെ ബാര്‍ബോസ, ഫെര്‍ണാനോ മെന്‍ഡസ് പിന്റോ, ജോവോ ഫെര്‍ണാണ്ടസ് ലാവ്‌റഡോര്‍, പാറോ ഡാ കോവില്‍, തുടങ്ങിയ പ്രഗത്ഭരായ പോര്‍ച്ചുഗീസ് നാവികരുടെ പ്രതിമകള്‍. അവിടെനിന്ന് കുറച്ച് ദൂരം കൂടി ഞങ്ങള്‍ നദീതീരത്തുകൂടെ നടന്നു. അപ്പോഴും ശക്തമായ കാറ്റ് അടിക്കുന്നുണ്ടായിരുന്നു. ടാഗസ് നദിക്ക് കുറുകെയുള്ള പോന്റെ 25 ഡി എബ്രില്‍ (Ponte 25 de Abril) എന്ന പടുകൂറ്റന്‍ ഇരുമ്പ് തൂക്കുപാലം ഇവിടെ നിന്നാല്‍ കാണാന്‍ സാധിക്കും, രണ്ട് നിലകളുള്ള ചുവന്ന നിറത്തിലുള്ള മനോഹരമായ പാലം വടക്ക് ലിസ്ബണ്‍ നഗരത്തെയും തെക്ക് അല്‍മാഡ നഗരത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. മുകളില്‍ റോഡ് ഗതാഗതത്തിനായി ആറുവരിപ്പാതയും താഴത്തെ നിലയിലായി റെയില്‍പാതയും ഉള്‍കൊള്ളുന്ന 2270 മീറ്റര്‍ നീളത്തിലുള്ള പാലത്തിന്റെ നിര്‍മ്മാണം 1966-ലാണ് പൂര്‍ത്തിയായത്.
അമേരിക്കയിലെ പ്രസിദ്ധമായ ഗോള്‍ഡന്‍ ബ്രിഡ്ജിനെ അനുസ്മരിപ്പിക്കുന്ന നിറവും ആകൃതിയുമാണിതിന്. 1974 വരെ ഇത് പോന്റെ സലാസാര്‍ എന്നായിരുന്നു അറിയപ്പെട്ടത്. എന്നാല്‍ 1974 ഏപ്രില്‍ 25-നു നടന്ന കാര്‍നാഷന്‍വിപ്ലവത്തിന് ശേഷമാണ് ഇന്നത്തെ പേരായ 'പോന്റെ 25 ഡി അബ്രില്‍' എന്ന് പുനര്‍നാമകരണം ചെയ്തത്. ഇതിന് സമീപമായി തന്നെയാണ് യൂറോപ്പിലെ രണ്ടാമത്തെ ഏറ്റവും വലിയ പാലമായ വാസ്‌കോ ഡ ഗാമ പാലവും, ലിസ്ബണ്‍ തുറമുഖവും, കണ്ടെയ്‌നര്‍ ടെര്‍മിനലും സ്ഥിതിചെയ്യുന്നത്. മറുകരയിലായി വലിയൊരു പ്രതിമ ഇവിടെ നിന്നപ്പോള്‍ ശ്രദ്ധയില്‍പ്പെടും. നദിക്കപ്പുറമുള്ള കുന്നിന്‍മുകളില്‍ ലിസ്ബണ്‍ നഗരത്തെ ആശ്ലേഷിക്കാന്‍ നില്‍ക്കുന്ന യേശു ക്രിസ്തുവിന്റെ പ്രതിമ. ബ്രസീലിലെ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റെഡീമര്‍ പ്രതിമയോട് സാദൃശ്യമുള്ള 'സെന്ററിയോ ഡേ ക്രിസ്റ്റോ റെയ്' എന്ന പ്രതിമയാണിത്. ഇരുകൈകളും വിടര്‍ത്തി ലിസ്ബണ്‍ നഗരത്തിലേക്ക് നോക്കി നില്‍ക്കുന്ന ക്രിസ്തുവിന്റെ ഈ കൂറ്റന്‍ പ്രതിമ രണ്ടാംലോകമഹായുദ്ധത്തില്‍ ഇരുചേരിയിലും പെടാതെ നിന്ന പോര്‍ച്ചുഗലിനെ യുദ്ധക്കെടുതികളില്‍ നിന്ന് സംരക്ഷിച്ചതിന്റെ ഉപകാരസ്മരണയായാണ് നിര്‍മ്മിച്ചത്. നദിയുടെ തീരത്തായി വേറെയും ഒരുപാട് സ്മാരകങ്ങളും മ്യൂസിയങ്ങളും കാണാന്‍ സാധിക്കും, നഗരത്തിന്റെ മുഖമുദ്രകളായ നൂറ്റാണ്ടുകളുടെ പഴക്കമുള്ള കെട്ടിടങ്ങള്‍. സമീപമുള്ള ഒരു കോഫി ഷോപ്പില്‍നിന്ന് കാപുചിനോ കോഫിയും പരമ്പരാഗത പോര്‍ച്ചുഗീസ് മധുരമായ ബേലം പേസ്ട്രിയും (Pasteís de Belém) കഴിച്ചശേഷം ഞങ്ങള്‍ ലിസ്ബണിലെ മറ്റ് കാഴ്ചകളിലേക്ക് നീങ്ങി.
ലിസ്ബണ്‍ വളരെ സുന്ദരമായ ഒരു നഗരമാണ്. യാത്രകള്‍ ഇഷ്ടപെടുന്ന ചരിത്രസ്‌നേഹികളായ ഏതൊരാളിന്റെയും സ്വപ്‌നഭൂമികയാണ് ഇവിടം എന്നതില്‍ യാതൊരു സംശയവുമില്ല. മധ്യകാലഘട്ടങ്ങളില്‍ കപ്പലോട്ടങ്ങളിലൂടെ ലോകത്തിലെതന്നെ പ്രബലമായ പ്രദേശങ്ങളില്‍ ഒന്നായി മാറിയ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യമായ പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിന്റെ ഗതകാല സ്മരണകള്‍ ഇന്നും ഈ പ്രദേശത്തെ ദീപ്തമാക്കുന്നു. ചരിത്രപരമായ ഓര്‍മ്മപ്പെടുത്തലുകളും സുന്ദരമായ കാഴ്ചകളും എന്നും ഓര്‍ത്തുവെക്കാനുള്ള നല്ല സ്മരണകളാണ് ഞങ്ങള്‍ക്ക് സമ്മാനിച്ചത്.
Content Highlights: Explore Lisbon`s historical sites, including Belém Tower & Tagus River